NewsIcons

ദേവസംഗീതം നിലച്ചിട്ട് പതിനൊന്ന് വർഷം

അനശ്വര സംഗീതജ്ഞനും സംഗീതസംവിധായകനുമായ ജി ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് പതിനൊന്ന് വർഷം. വ്യത്യസ്ത രാഗങ്ങളിലായി രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്ന ഇദ്ദേഹത്തിന്‍റെ ദേവഗീതങ്ങൾ ഇന്നും മലയാളമനസ്സിൽ അനശ്വരമായി തന്നെ നിലനിൽക്കുന്നു.

ദേവസംഗീതം നിലച്ചിട്ട് പതിനൊന്ന് വർഷം പിന്നിടിമ്പോഴും തലമുറവ്യത്യാസമില്ലാതെ ഓരോമലയാളിയും ഇന്നും നെഞ്ചിലേറ്റുന്നതാണ് സംഗീതകുലപതിയുടെ അതുല്യ സംഭാവനകൾ. മുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻമാസ്റ്റർ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുടെ ശില്‍പിഎന്നാണ് അറിയപ്പെട്ടത്.

18ആം വയസ്സിൽ തന്‍റെ ആദ്യ ശാസ്ത്രീയ സംഗീത കച്ചേരി അവതരിപ്പിച്ച ദേവരാജന്‍ പിന്നീട് കെപിഎസിയിൽ ചേർന്ന് സംഗീത ജീവിതം തുടരുകയായിരുന്നു. തുടക്ക കാലത്ത് പൊന്നരിവാൾ അമ്പിളിയിൽ എന്ന നാടക ഗാനം അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. 1955 ൽ ‘കാലം മാറുന്നു’വെന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നി‍ർവഹിച്ചത്.

പിന്നീടങ്ങോട്ടുള്ള ദേവരാജന്‍-വയലാർ‍ ജോഡിയുടെ സംഗീത കാലഘട്ടത്തെ മലയാള സിനിമാ സംഗീതത്തിന്‍റെ എക്കാലത്തെയും സുവർണ കാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതായിരുന്നു. 1960 കളിൽ ദേവരാജന്‍ മലയാള ചലച്ചിത്രങ്ങളിൽ കൂടുതൽ സജീവമായി. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനി നിന്‍ പുണ്യാശ്രമത്തിൽ, പ്രാണനാഥനെനിക്ക് നൽകിയ, ചന്ദ്രകളഭം ചാർത്തിയുറങ്ങും, സംഗമം ത്രിവേണീ സംഗമം തുടങ്ങിയ അനശ്വര സുന്ദര ഗാനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര ദേശാഭിമാനി കൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് വയലാർ എഴുതിയ ബലി കടീരങ്ങളേ എന്ന ഗാനം ചിട്ടപ്പെടുത്തിയതും ദേവരാജൻ മാസ്റ്ററാണ്

ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും അഞ്ച് തവണ ഗോവിന്ദൻ ദേവരാജനെന്ന ദേവരാജൻ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്. 2006 മാർച്ച് 15ന് 81ആം വയസ്സിൽ ഗാന ഭാവ വൈവിധ്യങ്ങളുടെ ഈ തമ്പുരാൻ വിടവാങ്ങിയെങ്കിലും രാഗ വൈവിധ്യങ്ങളുടെ തീഷ്ണ മുദ്രകൾ ഓരോ മലയാളിയുടെ മനസിലും ഇന്നും മായാതെ നിലനിൽക്കുന്നു.

300 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close