Special

ഏപ്രിൽ ഫൂളിന്റെ ചരിത്രം

രസകരമായ ചില ആഘോഷങ്ങൾ വർണ , വർഗ , ഭാഷ , രാഷ്ട്ര ഭേദങ്ങൾ മറികടന്ന് ജനകീയവത്കരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങളിലൊന്നാണ് വിഢി ദിനാഘോഷം . ലോകമെങ്ങും ഏപ്രിൽ ഒന്നിനാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നത് . കൂട്ടുകാരെയും നാട്ടുകാരെയും അന്നേദിവസം വ്യാജ കഥകളിലൂടെയും കാര്യങ്ങളിലൂടെയും കബളിപ്പിക്കലാണ് വിഡ്ഢി ദിനത്തിൽ പൊതുവേ ചെയ്യുന്നത് .

ഏപ്രിൽ ഫൂളിന്റെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട് . ജെഫ്രി ചോസറിന്റെ കാന്റർബെറി കഥകളിൽ നിന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു . അതിൽ വന്ന മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢി ദിനത്തിലേക്ക് നയിച്ചതെന്നാണ് വാദം, . എന്നാൽ ഇതിന് അധികം പിന്തുണക്കാരില്ല.

april-fool-day-status-for-friends

ഫ്രാൻസ് 1582 ൽ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയതാണ് വിഡ്ഢി ദിനം ഉണ്ടാവാൻ കാരണമെന്നാണ് മറ്റൊരു വാദം . ജൂലിയൻ കലണ്ടർ അനുസരിച്ച് ഏപ്രിൽ ഒന്നിനാണ് പുതുവർഷം ആരംഭിക്കുക . ഗ്രിഗോറിയൻ കലണ്ടറിൽ അത് ജനുവരി ഒന്നിനും .

വാർത്താ വിനിമയം തുലോം പരിതാപകരമായിരുന്ന അക്കാലത്ത് പുതുവർഷം ജനുവരി ഒന്നിലേക്ക് മാറ്റിയ വിവരം അധികമാരും അറിഞ്ഞില്ല. സ്വാഭാവികമായും നല്ലൊരു ശതമാനം പേർ ഏപ്രിൽ 1 ന് പുതുവർഷം ആഘോഷിച്ച് മണ്ടന്മാരായി . വിഡ്ഢി ദിനാഘോഷം അങ്ങനെ ആരംഭിക്കുകയും ചെയ്തു.

1700 ലാണ് ഇംഗ്ളണ്ടിൽ ഇതൊരു വലിയ ആഘോഷമായി മാറിയത് . താമസിയാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ആഘോഷമെത്തി . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങളിലും ഈ ആഘോഷം എത്തിച്ചേർന്നു. അങ്ങനെ ഇന്ത്യയിലും ഈ ആഘോഷം അറിയപ്പെട്ട് തുടങ്ങി.

റോമിലെ ഹിലാറിയ എന്ന ആഘോഷത്തിനും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. മാർച്ച് അവസാനം നടക്കുന്ന ഈ ആഘോഷത്തിൽ ജനങ്ങൾ പ്രച്ഛന്ന വേഷം ധരിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നു . ഇത് പിന്നീട് വിഡ്ഢി ദിനമായതാണെന്നും പറയപ്പെടുന്നുണ്ട്.

 

ഇപ്പോൾ ദിനപ്പത്രങ്ങളും ചാനലുകളുമെല്ലാം വ്യാജവാർത്തകൾ നൽകി പ്രേക്ഷകരെ കബളിപ്പിക്കുന്നുണ്ട് . 1957 ൽ ബിബിസി അവരുടെ പനോരമ സീരീസിൽ ജനങ്ങളെ പറ്റിച്ചിട്ടുണ്ട് . വൃക്ഷങ്ങളിൽ നിന്ന് നൂഡിൽസ് വിളവെടുക്കുന്ന ദൃശ്യങ്ങൾ ബിബിസി ജനങ്ങളെ കാണിച്ചു . നിരവധി പേർ ബിബിസിയിൽ വിളിച്ച് ഈ വൃക്ഷങ്ങളുടെ തൈ വേണമെന്ന് ആവശ്യപ്പെട്ടു . ഒരു പാത്രത്തിൽ നൂഡിൽസ് എടുത്ത് വച്ച് തക്കാളി സോസ് ഒഴിച്ച് കാത്തിരിക്കാനായിരുന്നു നിർദ്ദേശം .

1976 ൽ ബിബിസി വീണ്ടും ജനങ്ങളെ പറ്റിച്ചു . ഏപ്രിൽ 1 ന് രാവിലെ 9:47 ന് വാഴത്തിന് പിന്നിൽ പ്ളൂട്ടോ എത്തുമെന്നും അതുവഴിയുണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹങ്ങളുടെ സ്വഭാവത്തെ മാറ്റുമെന്നും ബിബിസിയിൽ നടന്ന ഇന്റർവ്യൂവിൽ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ വ്യക്തമാക്കി .

ഈ സമയത്ത് ഭൂമിയുടെ ഗുരുത്വാകർഷണ ബലം കുറയുമെന്നും കൃത്യ സമയത്ത് ചാടി നോക്കിയാൽ പറന്ന് പോകുന്ന അവസ്ഥയുണ്ടാകുമെന്നും ശാസ്ത്രജ്ഞൻ പറഞ്ഞു. അന്ന് നിരവധി പേരാണ് ബിബിസിയിൽ വിളിച്ച് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചത് . താനും തന്റെ 11 സുഹൃത്തുക്കളും കസേരയിൽ നിന്ന് ഉയർന്ന് പറന്നെന്ന് ഒരു സ്ത്രീ അവകാശപ്പെടുക പോലുമുണ്ടായി.

april-fools-colour-tv

രസകരമായ മറ്റൊരു സംഭവം നടന്ന സ്വീഡനിലാണ് . ബ്ളാക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് 1962 ലായിരുന്നു സംഭവം . ഒരു ചാനൽ മാത്രമാണ് അന്ന് സ്വീഡനിൽ ഉണ്ടായിരുന്നത് . ബ്ളാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കളർ ചിത്രങ്ങൾ കാണിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കിട്ടിയെന്ന് ചാനൽ വ്യക്തമാക്കിയതോടെ എല്ലാവരും ആകാംക്ഷാ ഭരിതരായി.

ടിവി സ്ക്രീൻ ഒരു ജോഡി സ്റ്റോക്കിംഗ്സ് കൊണ്ട് നല്ല രീതിയിൽ പൊതിയാനായിരുന്നു നിർദ്ദേശം . നിരവധി പേർ ബ്ളാക്ക് ആൻഡ് വൈറ്റ് ടിവി സ്ക്രീൻ സ്റ്റോക്കിംഗ്സ് കൊണ്ട് പൊതിഞ്ഞ് കളർ ചിത്രങ്ങൾ കാത്തിരുന്ന് നിരാശരായി. എന്തായാലും സ്വീഡനിൽ കളർ ചിത്രങ്ങൾ സം‌പ്രേഷണം ആരംഭിച്ചതും ഒടുവിൽ ഒരു വിഡ്ഢി ദിനത്തിൽ തന്നെയായിരുന്നു . 1970 ഏപ്രിൽ ഒന്നിന്.

257 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close