മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്ന കാരണത്താലാണിത്. അതേസമയം ശശീന്ദ്രനും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പരിശോധിക്കുന്നതിനൊപ്പം മാദ്ധ്യമപ്രവര്‍ത്തകയെ കണ്ടെത്തുന്നതിനും പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അഡ്വക്കേറ്റ് രാംകുമാര്‍ മുഖേന തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് പ്രതികളുടെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതുള്പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. മന്ത്രിക്കെതിരെ ഫോണ്കെണിയൊരുക്കിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിലെ സിഇഒ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സിഇഒ ചാനലിലൂടെ നടത്തിയ കുറ്റസമ്മത മൊഴിയും പോലീസിന് സഹാകരമാകും.
അതേസമയം ശശീന്ദ്രനും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പരിശോധിക്കുന്നതിനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിലുള്‍പ്പെട്ട മാദ്ധ്യമപ്രവര്‍ത്തകയെ കണ്ടെത്തുന്നതിനും മൊഴിയെടുക്കുന്നതിനും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഐജി ദിനേന്ദ്ര കശ്യപാണ്.