Columns

ഉന്നത വിദ്യാഭ്യാസം : കേരളം പിന്നോട്ട് പോകുന്നതെന്തു കൊണ്ട് ?

ഡോ . എസ് . ബാലരാമ കൈമൾ 


ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് കേന്ദ്ര മാനവവിഭവശേഷിവകുപ്പിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് ഇന്നലെ വെളിയിൽ വിട്ടിരുന്നു. ഇന്ത്യയിലും വിദേശത്തും ഏറെ പ്രമുഖമായ, 108 വർഷത്തെ പാരമ്പര്യമുള്ള ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് മൊത്തത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അതേപോലെ സർവ്വകലാശാലകളുടെയും നിലവാരപ്പട്ടികയിൽ ഒന്നാമതെത്തി.

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസിനും അതിലെ ശാസ്ത്രകാരന്മാർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

എൻജിനീയറിങ്, മാനേജ്‌മെന്റ്, സർവ്വകലാശാലകൾ, കോളേജുകൾ, ഫാർമസിവിദ്യാലയങ്ങൾ എന്നിവ പ്രത്യേകമായും ഇവയിലെ പൊതുവായ പ്രകടനവുമാണ് വിലയിരുത്തിയിരുന്നത്.

എൻജിനീയറിങ്ങിൽ പ്രതീക്ഷിച്ചപോലെ ഐ ഐ റ്റികൾ ആണ് മുന്നിൽ. അതിൽത്തന്നെ ഒന്നാംസ്ഥാനം മദ്രാസ് ഐ ഐ റ്റിക്കാണ്. മാനേജ്‌മെന്റ് വിഭാഗത്തിൽ അഹമ്മാദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്നിൽ വന്നു. പ്രതീക്ഷിച്ചതുതന്നെ. കോളേജുകളിൽ ഡൽഹിയിലെ മിറാൻഡ ഹൌസ് കോളേജ് ആണ് മുന്നിൽ. ഫാർമസി വിദ്യാലയങ്ങളിൽ ഡൽഹിയിലെ ജാമിയ ഹംദർദ് ആണ് മുന്നിൽ.

മിറാൻഡ ഹൗസും ജാമിയയും പ്രത്യകം അഭിനന്ദനങ്ങൾ അർഹിക്കുന്നു. മിറാൻഡ ഹൌസ് വനിതാ കോളേജ് ആണ്. പുരുഷപ്പുലിക്കോളേജുകളെയും മിക്സഡ് സ്ഥാപനങ്ങളെയും പിന്തള്ളി അവർ മുന്നിൽ. ജാമിയ ആകട്ടെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനവും. ഇന്ത്യയിലെതന്നെ ഏറ്റവും പഴയ ഫാർമസി സ്ഥാപനങ്ങളിൽ ഒന്നാണത്. അധ്യാപനത്തിന്റെ ശക്തമായ പാരമ്പര്യവും പ്രവർത്തനപരിചയവും ഗവേഷണം ഉൾപ്പെടെയുള്ള ആധുനികമുന്നേറ്റവും ഇവരെ റാങ്കിങ്ങിൽ മുന്നിൽ വരാൻ സഹായിച്ചിട്ടുണ്ട്.

ഇനി മറ്റുചില കാര്യങ്ങൾ.

നമ്മുടെ നാടായ കേരളത്തിലെ ഉന്നതവിദ്യാലയങ്ങൾ ഈ റാങ്കിങ്ങിൽ മൊത്തത്തിൽ താഴെപ്പോയി. കാലിക്കറ്റ് എൻ ഐ റ്റി ഇത്തവണ മുപ്പത്തഞ്ചിൽനിന്നും നാൽപ്പത്തിനാലിലേക്ക് താഴ്ന്നു. അതേസമയം കാലിക്കറ്റ് ഐ ഐ എം നേട്ടമുണ്ടാക്കി. ആറിൽ നിന്നും അഞ്ചിലേക്കുയർന്നു. കോളേജ് തലത്തിലും കേരളത്തിന് നേട്ടമുണ്ട്. സത്യത്തിൽ അതിൽ മാത്രമാണ് കുറെ സ്ഥാപനങ്ങൾ കയറിവരുന്നതും.

സർവ്വകലാശാലാ തലത്തിൽ, എൻജിനീയറിങ് മെഡിക്കൽഫാർമസി തലത്തിൽ ഒന്നുംതന്നെ കേരളം നേട്ടങ്ങൾ കൈവരിച്ചിട്ടില്ല. ഫാർമസി വിദ്യാലയങ്ങളിൽ നൂറ് റാങ്കുകൾക്കകത്ത് കേരളമില്ല. എൻജിനീയറിങ്ങിൽ കേരളത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന സ്ഥാപനം തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി ആണ് ഉള്ളത്. സ്ഥാനം ഇരുപത്തിയെട്ടാമത്തെ. പിന്നെ കോഴിക്കോട് എൻ ഐ റ്റി. പിന്നെയുള്ളത് കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം. റാങ്ക് 93.

സർവ്വകലാശാലകളിൽ കേരളത്തിൽ നിന്നും മുന്നിലുള്ളത് കേരള സർവ്വകലാശാലയാണ്. റാങ്ക്, പക്ഷേ, 29 ആണ്. പിന്നെ വരുന്നത് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി. സ്ഥാനം 35. പിന്നെ കോഴിക്കോട് സർവ്വകലാശാല, അത് അൻപത്തേഴാം റാങ്ക്. അറുപത്തിയേഴാം സ്ഥാനത്തുള്ള കോട്ടയം എം. ജി. സർവ്വകലാശാലയും കഴിഞ്ഞാണ് കേരളത്തിൽ ഏറ്റവും ഉയരത്തിൽ നിന്നിരുന്ന കൊച്ചി സർവ്വകലാശാല വരുന്നതെന്ന് കാണുമ്പോൾ കുസാറ്റിനെന്തുപറ്റി എന്നുള്ള ചോദ്യമുയരുന്നു.

നേട്ടം കേരളത്തിനുള്ളത് കോളേജ് തലത്തിൽ തന്നെയാണ്. തൃശൂർ ക്രൈസ്റ്റ് കോളേജ് പതിനേഴാം റാങ്കിൽ വന്നു. പിന്നെയുള്ളവ എറണാകുളം രാജഗിരി (റാങ്ക്- 25), എസ് എച് തേവര (28), സെന്റ്. ജോസഫ്‌സ് കോഴിക്കോട് (31), സെന്റ്. ജോസഫ്‌സ് തൃശൂർ (42), മേഴ്‌സി കോളേജ് പാലക്കാട് (48), ലിറ്റിൽ ഫ്‌ളവർ തൃശൂർ (49), എം. ഇ. എസ്. കെ വി എം വളാഞ്ചേരി (51), വിമല കോളേജ് തൃശൂർ (52), സെന്റ്. മേരീസ് തൃശൂർ (55), സെന്റ് തെരേസാസ് എറണാകുളം (70), മന്നം സ്മാരക എൻ എസ് എസ് കൊല്ലം (73), അസംപ്‌ഷൻ കോളേജ് (84), മൂവാറ്റുപുഴ നിർമ്മലാ കോളേജ് (91) എന്നിവ നേട്ടമാണ് കാണിക്കുന്നത്. കേരളത്തിൽ അക്രഡിറ്റേഷനുകളിൽ മുന്നിൽ നിന്നിരുന്ന സെന്റ് തെരേസാസ് റാങ്കിൽ 70 ആയിപ്പോയി.

മന്നം മുകളിൽ വന്നത് കാണുമ്പോൾ ലിസ്റ്റിൽ തെറ്റുണ്ടോ എന്ന് നായന്മാരെങ്കിലും ഉറപ്പായും സംശയിക്കും. ദേവസ്വം, എൻ എസ് എസ്, എസ് എൻ ഡി പി, ഇവയുടെയൊക്കെ കോളേജുകൾ ഗ്രേഡിങ്ങിൽ തിളങ്ങുന്നത് പോയിട്ട് പങ്കെടുക്കാൻ തന്നെ താല്പര്യമില്ലാത്തവരാണ് എന്നുള്ളതാണ് വാസ്തവം. ക്രൈസ്തവസ്ഥാപനങ്ങൾ മുന്നിൽ വന്നതിൽ യാതൊരദ്‌ഭുതവുമില്ല. അധ്യാപനരംഗത്തെ വർഷങ്ങളുടെ പരിചയവും പാരമ്പര്യവും കോളേജ് നടത്തിപ്പിന്റെ അനുഭവങ്ങളും സ്വന്തമായുള്ള സഭകൾക്ക് നിലവാരമുള്ള സ്ഥാപനങ്ങളെ സൃഷ്ടിക്കുന്നത് എളുപ്പം സാധിക്കും. അക്കാര്യത്തിൽ അവർ ഏറെ അഭിനന്ദനം അർഹിക്കുന്നു.

ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് ഇവരാരുമല്ല, അമൃത വിശ്വവിദ്യാപീഠമാണ്. രാജ്യത്തെ സർവ്വകലാശാലകളിൽ നിലവാരത്തിൽ ഒൻപതാം സ്ഥാനം. രാജ്യത്തെ സ്വകാര്യസർവ്വകലാശാലകളുടെ ഇടയിൽ അത് ഒന്നാം സ്ഥാനവുമാണ്. 2003-ൽ ആരംഭിച്ചതാണ് അമൃത സർവ്വകലാശാല. പതിനാറു വർഷങ്ങൾ കഴിയുമ്പോൾ അവർ രാജ്യത്തെ മുൻനിര സർവ്വകലാശാലകളുടെ ഗണത്തിൽ വരുന്നു. അതിൽ തെറ്റുകൾ പറയാൻ പറ്റില്ല. ഗവേഷണ ബിരുദമുള്ള അധ്യാപകർതന്നെ അതിൽ 527 പേര് ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. അവരുടെ ഗവേഷണപ്രബന്ധങ്ങളുടെ എണ്ണവും അവയുടെ ഉയർന്ന ക്വാളിറ്റി സൈറ്റേഷനും (സ്കോപ്പസിലും വെബ് ഓഫ് സയൻസിലും) മേന്മ പുലർത്തുന്നതാണ്. അമൃതയുടെ നേട്ടം, പക്ഷേ, കേരളത്തിന്റെ ലിസ്റ്റിൽ വരുന്നില്ല. അവരുടെ ആസ്ഥാനം കോയമ്പത്തൂരാണ്.

ഇന്ത്യയിൽ ആകമാനം നോക്കുകയാണെങ്കിൽ ഈ റാങ്കിങ്ങിൽ ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനം തമിഴ്നാടാണ് എന്ന് പറയേണ്ടിവരും. സർവ്വകാലാശാലകളിൽ അണ്ണാ യൂണിവേഴ്‌സിറ്റി ആറാം സ്ഥാനത്താണ്. തമിഴ്‌നാട് കാർഷിക സർവ്വകലാശാല പതിനേഴാം സ്ഥാനത്തുണ്ട്. അവ രണ്ടും സർക്കാർ ഉടമസ്ഥതയിലുള്ളവ. ശ്രീരാമചന്ദ്രസർവ്വകലാശാലയും എസ് ആർ എമ്മും സവിതാ യൂണിവേഴ്‌സിറ്റിയും എല്ലാം ഉൾപ്പെടെ 37 സർവ്വകലാശാലകൾ റാങ്കിങിലുള്ള നൂറെണ്ണത്തിൽ വരുന്നു. അതായത് തമിഴ്‌നാട്ടിലെ സ്വകാര്യസർവ്വകലാശാലകളും സർക്കാർ സർവ്വകലാശാലകളും ഒരേപോലെ റാങ്കിങ്ങിൽ കയറി വരുന്നുണ്ട്.

അമ്പത്തഞ്ചാം സ്ഥാനത്തുനിൽക്കുന്ന സവിതാ സർവ്വകലാശാലയെക്കാൾ താഴെയാണ് നമ്മുടെ കുസാറ്റും എം ജി യും ഒക്കെ എന്നുള്ളതാണവസ്ഥ. തമിഴ്‌നാട്ടിലെ സർവ്വകലാശാലകൾ ഗവേഷണത്തിലും ഇമ്പാക്റ്റ് ഫാക്റ്റർ ഉള്ള ജേണലുകളിൽ പേപ്പർ പബ്ലിഷ് ചെയ്യുന്നതിലും, ഏജൻസികളിൽനിന്നും പ്രോജക്റ്റുകൾ വരുത്തുന്നതിലും ശ്രദ്ധവയ്ക്കുന്നുണ്ട്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കുപയുക്തമാകുന്ന തരത്തിൽ ലിഫ്റ്റുകളും റാമ്പുകളും മിക്കയിടത്തും ഉണ്ടാക്കിയിരിക്കുന്നു.

കോളജുകളുടെ റാങ്കിങ്ങിൽ പ്രശസ്തമായ ചെന്നൈയിലെ ലയോള കോളേജ് രണ്ടാം റാങ്കിലുണ്ട്. ട്രിച്ചിയിലെ ബിഷപ് ഹീബർ നാലാം റാങ്കിലും ചെന്നൈയിലെ വിമൻ ക്രിസ്ത്യൻ കോളേജ് പത്താം റാങ്കിലും കാണാം. ഫീസായി വരുന്ന വൻതുകകൾ ഏതാണ്ട് മുഴുവനായും പഠനസൗകര്യങ്ങൾ ഒരുക്കാനും ഗവേഷണസൗകര്യത്തിനും ചെലവഴിക്കുന്ന കോയമ്പത്തൂരെ പി എസ് ജി പതിനൊന്നാം റാങ്കിൽ നിൽക്കുന്നു. ഒരിടത്തും ഏറ്റവും മുകളിൽ വന്നില്ലെങ്കിലും വെല്ലൂരിലെ വി ഐ റ്റി എല്ലാ ലിസ്റ്റിലും റാങ്കുകളിൽ തെറ്റില്ലാത്ത സ്ഥാനത്തുതന്നെ നിൽക്കുന്നുണ്ട്. അധ്യാപനവും ഗവേഷണവും സീരിയസായി കാണുന്ന ഒരു സ്ഥാപനം അതര്ഹിക്കുന്നു. ഉയർന്നുവരുന്ന വരുന്ന മറ്റൊരു സ്ഥാപനമായ തഞ്ചാവൂരിലെ ശാസ്ത്ര സർവ്വകലാശാല റാങ്കിങ്ങിൽ സ്ഥാനം പിടിക്കുന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്താലും തമിഴ്നാടാണ് ഈ റാങ്കിങ്ങിൽ ഏറ്റവും നേട്ടങ്ങൾ ഉണ്ടാക്കിയതെന്ന് കാണാനാകും. റാങ്കിങ് എന്നത് ഏതെങ്കിലും ഒന്നോ രണ്ടോ മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കിയല്ല. പിന്നെ, റാങ്കിങ്ങിനെ സഹായിക്കുന്ന തരത്തിൽ ഒരു പ്രത്യേക ഏജൻസിയുടെ സഹായം സർക്കാർ എടുത്തിട്ടില്ല എന്നുള്ളതിനാലും, ഡേറ്റകൾ നൽകിയിരിക്കുന്നത് സ്ഥാപനങ്ങൾ തന്നെയാണ് എന്നതിനാലും കൃത്രിമങ്ങൾ ഒട്ടും നടന്നിട്ടില്ല എന്ന് പറയാനാകില്ല. ഉണ്ടായിരിക്കാം. പക്ഷേ, പല സ്ഥാപനങ്ങളും പബ്ലിഷ് ചെയ്യുന്ന പേപ്പറുകളും, അവയ്ക്ക് ലഭിക്കുന്ന ഗവേഷണസഹായങ്ങളും, വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്ന അടിസ്ഥാന-ആധുനിക സൗകര്യങ്ങളും, ഇൻഫ്രാസ്ട്രക്ച്ചറും എല്ലാം കാണുമ്പോൾ റാങ്കിങ്ങിൽ അത്ര തെറ്റൊന്നും വന്നിരിക്കില്ല എന്ന് തോന്നുന്നു.

നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരിൽ മൂന്നുപേർ തമിഴ്നാട്ടുകാരാണ്. മലയാളിയെ സാക്ഷിയാക്കി ഇനിയും തമിഴ്നാട്ടുകാരൻ അത്തരം നേട്ടങ്ങൾ ഉണ്ടാക്കിയെന്നുവരാം.

കേരളം ചിലതൊക്കെ ചെയ്യേണ്ടതുണ്ട്.

കൊച്ചി സർവ്വകലാശാലയിലെ ഞങ്ങളുടെ ഹോസ്റ്റലിൽ എറിഞ്ഞാൽ കഴുത്തുകണ്ടിക്കുന്ന സുദർശനചക്രം പോലുള്ള ചപ്പാത്തികൾ പാചകക്കാർ ഉണ്ടാക്കിത്തന്നപ്പോൾ, ഇന്ത്യൻ കോഫീ ഹൗസിൽനിന്നും ഒരിക്കൽ രണ്ടു ചപ്പാത്തി വാങ്ങി അവരുടെ കയ്യിൽ സാമ്പിൾ നൽകി ‘ദാ ഇങ്ങനെ ഉണ്ടാക്ക്’ എന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഇതേപരിപാടി സർക്കാർ നമ്മുടെ നാട്ടിലെ സ്ഥാപനമേധാവികളുടെ അടുക്കൽ എടുക്കേണ്ടി വരും. കുറെ നല്ല സ്ഥാപനങ്ങൾ കാണാനായി അവരെ വിടുക. ഇന്ത്യയിലും വിദേശത്തും അവർ കുറെ പഠന-ഗവേഷണസ്ഥാപനങ്ങൾ കാണട്ടെ. സ്വാശ്രയക്കാരെയും കുറച്ചുനാൾ പുറത്തുവിടണം. ഇടിമുറികൾ ഉണ്ടാക്കിയിട്ടല്ല, ഐ ഐ ടി കൾ പോകട്ടെ, എസ്. ആർ. എം. പോലും നിലവാരം വർദ്ധിപ്പിച്ചതെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്.

ഗവേഷണത്തിനായുള്ള ഫണ്ട് റൈസിംഗ്, സ്ഥാനങ്ങൾക്കിടയിലെ ഗവേഷണ-സഹകരണം, ഗവേഷണപരിചയമുള്ള ഫാക്കൽറ്റികൾ വിദ്യാലയത്തിൽ ഉണ്ടാകുന്നതിൽ നിഷ്കർഷ പാലിക്കുക, നല്ല പ്രബന്ധങ്ങൾ ഉണ്ടാകുക, ആപ്ലിക്കേഷൻ തലത്തിൽ ഗവേഷണം ചെയ്യുക, അത് കഴിയുമെങ്കിൽ കമ്പനികളോടും സ്വകാര്യമേഖലയോടും സഹകരിച്ചാകുക എന്നുള്ള കാര്യങ്ങളൊക്കെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു നയംപോലെ നടപ്പിൽ വരുത്തേണ്ടതുണ്ട്.

കാർഷികഗവേഷണത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ ഏറ്റവും താഴ്ന്ന സ്ഥാനം മാത്രമാണ് നൽകുന്നത്. നെല്ലും റബ്ബറും കപ്പയും പഠിക്കപ്പെടേണ്ടതാണ്. ആകാശത്തുപോയി ക്യാമറയിൽ ഫോട്ടോ എടുക്കുന്ന ഡ്രോൺ മാത്രമല്ല, പറ്റുമെങ്കിൽ തെങ്ങോളം പറന്നുയർന്ന് തേങ്ങായിടുന്ന ഡ്രോണും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ കൃഷിഭൂമികളിൽ ഉപയോഗിക്കേണ്ട മുഴുവൻ യന്ത്രങ്ങളും കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ വികസിപ്പിക്കപ്പെടേണ്ടതായിരുന്നു. കേരളത്തിൽനിന്നും സ്വദേശീയമായ റോക്കറ്റുകൾ പറന്നുയർന്നിട്ടുണ്ടെങ്കിലും നെല്ലുകൊയ്യാൻ വിദേശി കണ്ടുപിടിച്ച യന്ത്രമാണ് വരുന്നത്. അത് മതിയെങ്കിൽ മതി. പക്ഷേ, അതിൽത്തന്നെ പുതുമകളും പുതിയ യന്ത്രങ്ങളും വേണ്ടെന്നാണോ?

വിദ്യാലയങ്ങൾ കുറെയൊക്കെ പ്ളേസ്മെന്റും ഉറപ്പാക്കേണ്ടതുണ്ട്. പ്ളേസ്മെന്റ് എണ്ണം നിലവാരത്തിന്റെ അളവുകളിലൊന്നാണ്. ആധുനികമായ ലൈബ്രറികൾ ഉണ്ടാകുക, അവതന്നെ യു ജി സി യൊക്കെ നൽകുന്ന നെറ്റ് വർക്കുമായി ചേർന്നുപോകുക, ആവശ്യമുള്ള ഗ്രന്ഥങ്ങളും ജേണലുകളും വിദ്യാലയത്തിൽ ഓൺലൈനായി കുട്ടികൾക്ക് ലഭ്യമാകുക എന്നിവയും സംഭവിക്കേണ്ടതുണ്ട്. പൊതുവായുള്ള കോഴ്‌സുകളുടെ ഒപ്പം തൊഴലാധിഷ്ഠിതകോഴ്‌സുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പ്ളേസ്മെന്റ് ഇടയാക്കും.

പഠനത്തിന്റെയും ഒപ്പം ബൗദ്ധികപ്രക്രിയയുടെയും നിലവാരമുയർത്തുന്നതരത്തിൽ പഠനസമ്പ്രദായത്തിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്താൻ സ്ഥാപനതലത്തിൽ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. നിലവാരമുള്ള ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷകൾ അതിന്റെ ഭാഗമാണ്. പുസ്തകം തുറന്നുവച്ചെഴുതിയാലും ബുദ്ധി ഉപയോഗിച്ചില്ലെങ്കിൽ ഉത്തരം കണ്ടെത്താനാകാത്ത ചോദ്യങ്ങൾ ടെസ്റ്റുകളിൽ നൽകുന്ന തരത്തിലുള്ള ഇന്റേണൽ പരീക്ഷാസമ്പ്രദായങ്ങൾ, ബി എസ് സി, എം എസ് സി തലത്തിൽത്തന്നെ ജേണൽ ക്ലബ്ബുകൾ-അവയിൽ പേപ്പർ അവതരണങ്ങൾ, ഒന്നിലധികം പേപ്പറുകളെ അപഗ്രഥിച്ച് പുതിയ ആശയമുണ്ടാക്കി പ്രസന്റ് ചെയ്യുന്ന രീതി, പുതിയ ആശയങ്ങൾ ഉയരുന്ന ഗ്രൂപ് ഡിസ്കഷനുകൾ എന്നിവയൊക്കെ സ്ഥാപനങ്ങൾക്ക് അവയുടെ ഉള്ളിൽത്തന്നെ ചിട്ടപ്പെടുത്താവുന്നതേയുള്ളൂ. ശക്തമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ഓട്ടോണോമസ് കോളേജുകളെ സൃഷ്ടിക്കുന്നത് നല്ലതാണ്. ഓട്ടോണോമസ് ആകണമെങ്കിൽത്തന്നെ ആ യോഗ്യതയുള്ള എന്തെങ്കിലും ചിലതൊക്കെ ആയല്ലേ പറ്റൂ!

സ്ഥാപനങ്ങൾ സാമൂഹികമായ ചില പ്രതിബദ്ധതകൾ പാലിക്കുക എന്നുള്ളതും നിലവാരത്തിന്റെ ഭാഗമാണ്. വിദ്യാർഥികളിലായാലും ജീവനക്കാരിലായാലും കുറയാത്ത എണ്ണത്തിൽ വനിതകൾ ഉണ്ടാകുക എന്നുള്ളതും പ്രധാനം. തേഡ് ജെൻഡറിന് അർഹിക്കുന്ന പരിഗണന നൽകുന്നത് അധികം കാലം കഴിയാതെ മാനദണ്ഡങ്ങളിൽ വന്നേക്കും. അതൊക്കെ മുന്നിൽകണ്ടുകൊണ്ട് ഇപ്പോഴേ മാറാൻ തയാറായാൽ നല്ലതാണ്. വികലാംഗരായുള്ള കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യകോളേജുകളിൽ ഒന്നിൽപ്പോലും ലിഫ്റ്റോ വീൽ ചെയറോ റാമ്പുകളോ ഉണ്ടാകുക എന്നുള്ളത് അചിന്ത്യമായിരുന്നു. പലയിടവും ഇപ്പോഴും അങ്ങനെയൊക്കെത്തന്നെ. അവയൊക്കെ മാറേണ്ടിയിരിക്കുന്നു.

അക്കാര്യങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഒരു ഇവാല്വേഷൻ 2008-ൽ കേരളസംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ നടത്തിയിരുന്നു. അന്ന് അവർ തന്നിരുന്ന ഫോർമാറ്റിൽ വിവരങ്ങൾ പൂരിപ്പിച്ച് കോളേജുകൾ നൽകണമായിരുന്നു. കോളേജുകളിലെ എൻ എസ് എസ് വഴിയാണ് അന്നാ ഫോം വിതരണം ചെയ്തിരുന്നതും ശേഖരിച്ചിരുന്നതും. അതിൽ ഉണ്ടായിരുന്ന കാര്യങ്ങൾ വായിച്ചുനോക്കുന്ന ഒരു സ്ഥാപന/ വകുപ്പ് മേധാവിയ്ക്ക്, എന്തൊക്കെയാണ് ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിൽ അടിസ്ഥാനപരമായി വേണ്ടതെന്ന് അഥവാ നടപ്പാക്കേണ്ടതെന്ന് മനസ്സിലാകുമായിരുന്നു. അത് വേണ്ട രീതിയിൽ നടപ്പാക്കാത്തതാണ് കേരളത്തിലുണ്ടായ കുഴപ്പം. വികലാംഗർക്കുള്ള സൗകര്യങ്ങളൂം ലാങ്ഗ്വേജ്‌ ലാബും എല്ലാം അതിൽ ചോദിച്ച കാര്യങ്ങളിൽപ്പെടുന്നു.

കേരളത്തിലെ കോളേജുകളിൽ ഒരുക്കിയിരിക്കുന്ന പലതും ഒരു നല്ല മോഡലാണ്. ഉദാഹരണം, നാഷണൽ സർവീസ് സ്‌കീം പ്രവർത്തനം മിക്ക കോളേജിലും ഉണ്ട്. പക്ഷേ, സാങ്കേതികമായ പ്രവർത്തനത്തിൽ മാത്രം അവയൊതുങ്ങിയാൽ കോളേജിലെ എൻ എസ് എസ് എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായി മാറും. സയൻസ് ക്ലബ്ബും നേച്ചർ ക്ലബ്ബുമൊക്കെ ഇത്രയധികം സ്ഥാപനങ്ങളിൽ വേറെ ഒരിടത്തും കാണില്ല. എന്നിട്ടുമെന്തേ പരിസ്ഥതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തുന്നില്ല എന്നുള്ള ചോദ്യം ഒപ്പം ഉയരേണ്ടതുണ്ട്. എൻ എസ് എസ്സും ക്ലബ്ബുകളുമൊക്കെ പ്രവർത്തനം സാങ്കേതികതയിൽ ഒതുക്കുന്നപോലെ വിദ്യാഭ്യാസപ്രവർത്തനവും, അതായത് അധ്യാപനവും പഠനവും അവയിൽ സ്ഥാപനത്തിന്റെ പങ്കാളിത്തവും, സാങ്കേതികതൃപ്തിമാത്രം ലക്ഷ്യമിട്ടാണ് പോകുന്നതെങ്കിൽ നമ്മൾ എവിടെയും എത്തില്ല.

ഏത് വിദ്യാസ്ഥാപനവും വളരാൻ ഒരു വിഷൻ ആണ് വേണ്ടത്: വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കൽ, പഠനത്തിൽ അവരുടെ സംതൃപ്തി ഉറപ്പാക്കൽ, ഭാവിജീവിതം സുരക്ഷിതമാക്കുന്ന പഠനസമ്പ്രദായം കോഴ്‌സിലും സിലബസിലും അധ്യാപനത്തിലും പിന്തുടരുക എന്നീ മൂന്നുകാര്യങ്ങളിൽ ശ്രദ്ധവയ്ക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനം നിലവാരമുള്ളതാണെന്ന് പറയാം. സ്ഥാപനത്തിന്റെ അഫിലിയേഷനും മാനേജ്‌മെന്റിന്റെ മത-രാഷ്ട്രീയ ഇസങ്ങളും ഒന്നുമല്ല കാര്യം. ലോകം കീഴടക്കുന്ന മാനവരാകാനുള്ള ആത്മവിശ്വാസം പകരുന്നതായിരിക്കണം പഠനവും പഠനാന്തരീക്ഷവും. നല്ലൊരു വിഷനോടെ മുന്നോട്ടുനീങ്ങിയാൽ മാനദണ്ഡങ്ങൾ തനിയെ ഉണ്ടാകും, റാങ്കുകൾ പുറകെയെത്തും..

218 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close