Special

കോക്കർ മൗത്ത് -വേഡ്‌സ്‌വർത്തിയൻ കാല്പനികതയുടെ ഈറ്റില്ലം

നിഖിൽ പി .ആർ


ഇംഗ്ലണ്ടിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ഫ്ലിംബിയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്നും ഫ്ലിംമ്പിയിലേക്കുള്ള കാർ യാത്രയിൽ ടോണി ആ പ്രദേശത്തെപ്പറ്റി വിശദീകരിച്ചു തന്നു. ഞാൻ ആകാംക്ഷയോടെ എല്ലാം കേട്ടിരുന്നു. ഒപ്പം പുറത്തെ കാഴ്ചകളിലേക്ക് നോക്കാതിരിക്കുവാൻ സാധിച്ചില്ല. അത്രക്ക് മനോഹരമാണ് കാഴ്ചകൾ. റോഡിനിരുവശവും വിശാലമായ പുൽത്തകിടികൾ, ചെറിയ കുന്നുകൾ, അവിടങ്ങളിൽ മേഞ്ഞു നടക്കുന്ന ചെമ്മരിയാട്ടിൻ പറ്റങ്ങൾ. ചിലയിടങ്ങളിൽ കുതിരകളുമുണ്ട്.വലിയ മരങ്ങളൊന്നും കാണാനില്ലെങ്കിലും എങ്ങും പച്ചപ്പാണ്. അത് കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്നു.

20170319_162806

ഫ്ലിംബി ഒരു കടൽത്തീരപ്രദേശമാണ്. മഞ്ഞും മഴ മേഘങ്ങളുമൊഴിഞ്ഞ തെളിഞ്ഞ ദിവസങ്ങളിൽ തീരത്തു നിന്ന് നോക്കിയാൽ സ്കോട്‌ലൻഡിന്റെ ഒരു ഭാഗം വ്യക്തമായി കാണാം. സ്കോട്‌ലൻഡ് തീരത്ത് വരിയായി സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങൾ നമ്മളെ നോക്കി കൈവീശിക്കൊണ്ടേയിരിക്കും.

ഫ്ലിംബിയിൽ നിന്ന് ഒമ്പത് മൈലിനിപ്പുറത്തുള്ള ‘കോക്കർ മൗത്ത് ‘ എന്ന ഒരു ചെറിയ പട്ടണത്തിലാണ് എന്റെ ഹോട്ടൽ മുറി.
സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്ന നല്ല റെസ്റ്റോറൻറുകൾ നിരവധിയാണിവിടെ. മിക്കതും ‘ഡോഗ് ഫ്രണ്ട്ലി’ ആണ്. തങ്ങളുടെ നായകളെയും കൂട്ടി വൈകുന്നേരങ്ങളിൽ അവിടത്തുകാർ നടക്കാനിറങ്ങും.

മിക്ക ദിവസങ്ങളിലും ചാറ്റൽ മഴയാണിവിടെ. തോരാതെ ദീർഘ നേരം പെയ്ത് കൊണ്ടേയിരിക്കും.ചിലപ്പോഴൊക്കെ വെളളപ്പൊക്കം ഉണ്ടാകാറുണ്ട്.2009 ലെ അതിശക്തമായ വെള്ളപ്പൊക്കത്തിനു ശേഷം രണ്ടു വർഷത്തോളമെടുത്തു കോക്കർ മൗത്ത് പൂർവ്വസ്ഥിതിയിലാവാൻ. പക്ഷേ ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ കൊണ്ടൊന്നും ഇവിടം ഉപേക്ഷിച്ച് പോകുവാൻ ആർക്കും മനസ്സു വരില്ല. അത്രക്ക് പ്രകൃതി രമണീയമായ സ്ഥലമാണിവിടം.

20170319_162217

അതെ ഇതാണ് കമ്പർലാൻറിലെ ‘കോക്കർ മൗത്ത്’. ആംഗലേയ കവിതകളിൽ കാല്പനികതയുടെ വസന്തം വിതറിയ പ്രഗത്ഭനായ കവി വില്യം വേർഡ്സ് വർത്തിന്റെ ജന്മദേശം.

സ്കൂളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിച്ച “സോളിറ്ററി റീപ്പർ” എഴുതിയ ആ മഹാകവിയുടെ ജന്മഗൃഹം ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് വെറും 500 യാർഡ് മാത്രമേ ഉള്ളൂ എന്ന് ടോണി പറഞ്ഞപ്പോൾ എന്തായാലും പോയി കാണണം എന്ന് മനസ്സിലുറപ്പിച്ചതാണ്. ഒരു ഞായറാഴ്ച അതിനുള്ള ഭാഗ്യമുണ്ടായി.
നാഷണൽ ട്രസ്റ്റ് ആണ് ഇപ്പോൾ ഇത് നോക്കി നടത്തുന്നത്. ഏഴരപ്പൗണ്ട് കൊടുത്ത് ടിക്കറ്റ് വാങ്ങി. വേർഡ്സ് വർത്തും അദ്ദേഹത്തിന്റെ സഹോദരങ്ങളും കുട്ടിക്കാലം ചെലവഴിച്ച വീടാണിത്.

‘ജോൺ വേർഡ്സ് വർത്തി’ന്റെയും ‘ആനി’ന്റെയും രണ്ടാമത്തെ മകനായി 1770 ഏപ്രിൽ 7ന് ഈ വീട്ടിൽ വച്ചാണ് ‘വില്യം വേർഡ്സ് വർത്ത്’ ജനിക്കുന്നത്. മൂത്ത സഹോദരൻ റിച്ചാർഡ് കൂടാതെ മറ്റ് രണ്ട് ഇളയ സഹോദരന്മാരും(ജോൺ, ക്രിസ്റ്റഫർ) ഒരു കുഞ്ഞനിയത്തിയും (ഡൊറോത്തി) വില്യമിന് കൂട്ടായുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് അനുജത്തി ഡൊറോത്തിയോടായിരുന്നു.ഇവരെക്കൂടാതെ മറ്റ് രണ്ട് കഥാപാത്രങ്ങൾ കൂടെ ഈ വീട്ടിലുണ്ട്.

20170318_200440

എല്ലാ വീട്ടുജോലികൾക്കുമായി വർഷത്തേക്ക് നാല് പൗണ്ട് ശമ്പളത്തിൽ ‘ആമി’, പിന്നെ 20 പൗണ്ട് ശമ്പളത്തിൽ ഗുമസ്തനായി വില്യം ആർനോട്ടും. സമ്പന്നനായ ഭൂവുടമയും രാഷ്ട്രീയക്കാരനുമായിരുന്ന സർ ജെയിംസ് ലോഥറിന്റെ ഒരു ഏജന്റായി ജോലി ചെയ്യുകയാണ് വില്യമിന്റെ അച്ഛൻ ജോൺ. ലോഥറിന്റെ കമ്പർലാന്റ് ഭാഗത്തുള്ള എല്ലാ ഇടപാടുകളും നടത്തുന്നത് ഈ വീട്ടിൽ വച്ചാണ്.

ഏറെ നാടകീയതകൾ നിറഞ്ഞതാണ് വില്യമിന്റെ ജീവിതം.എട്ടാം വയസിൽ അമ്മയും പതിമൂന്നാം വയസ്സിൽ അച്ഛനും മരണപ്പെട്ടു.അതിനു ശേഷം വില്യമിനെയും നാല് സഹോദരങ്ങളെയും ബന്ധുക്കളാണ് വളർത്തിയത്. പിന്നീട് കേംബ്രിജിലെ സെന്റ് ജോൺസ് കോളേജിൽ പഠനം. ഫ്രഞ്ചു വിപ്ലവകാലത്തെ ഫ്രാൻസ് സന്ദർശനം, അവിടെ വച്ചുണ്ടായ പ്രണയ വിവാഹം, ഒടുവിൽ സാമ്പത്തിക പ്രശ്നങ്ങളും ബ്രിട്ടണും ഫ്രാൻസും തമ്മിലെ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളും കാരണം ഭാര്യയെയും മകളെയുമുപേക്ഷിച്ച് ബ്രിട്ടണിലേക്ക് മടക്കം.

പിന്നീടുള്ള ജീവിതം സഹോദരി ഡൊറോത്തിയോടൊപ്പം. ഡൊറോത്തിയെക്കൂടാതെ ഒരു നല്ല സുഹൃത്ത് ( സാമുവൽ ടെയ്‌ലർ കോളറിജ്) കൂടെ ചേർന്നപ്പോൾ ആംഗലേയ സാഹിത്യം അതുവരെ കാണാത്ത ഒരു പുതുയുഗപ്പിറവിക്ക് തന്നെ തുടക്കം കുറിച്ചു. അതിമനോഹരങ്ങളായ ഒട്ടനവധി സൃഷ്ടികൾ ആ തൂലികയിൽ വിരിഞ്ഞു. അവിടുന്നങ്ങോട്ട് ബ്രിട്ടന്റെ ആസ്ഥാന കവിപ്പട്ടത്തിലേക്ക് അധിക ദൂരമുണ്ടായിരുന്നില്ല.മരണം വരെ വില്യം വേർഡ്സ് വർത്ത് ആ സ്ഥാനത്ത് തുടർന്നു.

20170319_114808

ടിക്കറ്റിനോടൊപ്പം വാങ്ങിയ ചെറിയ വിവരണപ്പുസ്തകത്തിൽ ഒന്നു കണ്ണോടിച്ച ശേഷം ഞാൻ വീടിന്റെ മുറ്റത്തു കൂടെ വാതിൽക്കലെത്തി. ചുട്ട കളിമണ്ണിന്റെ ആകർഷണനീയമായ നിറമാണ് ചുമരുകൾക്ക്. സാധാരണ മ്യൂസിയങ്ങൾ പോലെ ടിക്കെറ്റടുത്ത് ഓടിക്കയറി കണ്ടു വരിക മാത്രമല്ല ഇവിടെ. ഇത് വേർഡ്സ് വർത്തിന്റെ വീടാണ്. നമ്മൾ അതിഥികളെ സ്വികരിക്കാൻ അവിടെ വളണ്ടിയർമാരുണ്ട്. അവർ വാതിൽ തുറന്നു തന്ന് അകത്തേക്ക് സ്വാഗതം ചെയ്തു.

വില്യമിന്റെ അച്ഛൻ ജോൺ വേർഡ്സ് വർത്തിന്റെ ഓഫീസ് മുറിയാണ് ആദ്യം തന്നെ, അദ്ദേഹം വായിച്ചിരുന്ന പുസ്തകങ്ങളും,കത്തുകളും ഇവിടെ സൂക്ഷിച്ച് വച്ചിരിക്കുന്നു. ജോലി സംബന്ധമായ അതിഥികളൊക്കെ വന്നാൽ ഭക്ഷണം കഴിക്കാനുള്ള ഒരു മുറിയാണ് അടുത്തത്. അവിടെ ഒരുക്കി വച്ചിരിക്കുന്നതെല്ലാം യഥാർത്ഥ ഭക്ഷണങ്ങളാണ് എന്നറിഞ്ഞപ്പോൾ അതിശയം തോന്നി. ജോർജിയൻ കാലഘട്ടത്തിലെ ദൈർഘ്യമേറിയതും സമൃദ്ധവുമായ ഭക്ഷണക്രമത്തെ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു.

20170319_120411
ഇനി ചെല്ലുന്നത് അടുക്കളയിലേക്കാണ്. ഗതകാല പ്രൗഢി വിളിച്ചോതുന്ന അടുക്കളയിലെ ഉപകരണങ്ങൾ, മനോഹരമായി അടുക്കി വച്ചിരിക്കുന്ന ചെറുഭരണികൾ (ഇതിൽ ഇന്ത്യൻ അച്ചാറും ഉണ്ട്), പച്ചക്കറി നിറച്ച കുട്ട, അടുപ്പിന് സമീപത്തെ ചുമരിലെ കരിയുടെ പാട് എല്ലാം അക്കാലത്തെ അതേ പ്രതീതി സന്ദർശകർക്ക് നല്കുന്നു. പാത്രം കഴുകാനുള്ള വാഷ്ബേസിൻ മരം കൊണ്ടാണ്, അതിന് താഴെ ഒരു ബക്കറ്റ്, അതിൽപച്ചക്കറിയുടെ അവശിഷ്ടങ്ങൾ. മറ്റൊരു ഭാഗത്ത് രണ്ട് ചെറിയ പാത്രത്തിൽ ഭക്ഷ്യയോഗ്യമായ ചില ഇലകൾ നട്ടു വളർത്തിയിരിക്കുന്നു.

അടുക്കളയുടെ ചുമതലയുള്ള വളണ്ടിയർ അവിടെയെത്തിയവരെയെല്ലാം ഒരു മധുരപലഹാരം നല്കി സ്വീകരിച്ചു.അതിഥികൾ വന്നാൽ അന്ന് കൊടുക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു പലഹാരമാണത്.

ആ വീട്ടിൽ നിന്ന് കിട്ടിയ പല കുറിപ്പടികളും, വില്യമിന്റെയും ഡൊറോത്തിയുടെയും എഴുത്തുകളും അവരുടെ ദെനംദിന ജീവിതത്തെ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ്. വിരുന്നുകാർക്കുള്ള വീഞ്ഞിന്റെയും മദ്യത്തിന്റെയും കണക്കുകൾ, പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങാനുള്ള ലിസ്റ്റ്, മറ്റുള്ള ചെലവിന്റെ കണക്കുകൾ എല്ലാം ആ കാലഘട്ടത്തിന്റെ യഥാർഥ ചിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. താഴെ ഒരു നിലവറയുണ്ട്. അതിൽ ധാന്യങ്ങളും, കുട്ടകളും വലിയ മരവീപ്പകളുമൊക്കെ വച്ചിട്ടുണ്ട്. ഇവിടെ ഒരു ചെറിയ പ്രൊജക്ടർ വച്ച് വില്യമിന്റെയും ഡോറോത്തിയുടെയും കഥ വീഡിയോ രൂപത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

20170319_120208

മുകളിലത്തെ നിലയിലാണ് എല്ലാവരുടെയും കിടപ്പുമുറി. കുട്ടികളുടെ മുറിയിൽ നിറയെ കളിപ്പാട്ടങ്ങൾ. എല്ലാം മരം കൊണ്ടുള്ളവ. അഞ്ചു പേരുടെയും വസ്ത്രങ്ങൾ അവരുടെ പ്രായത്തിനും വലിപ്പത്തിനുമനുസരിച്ചു തയ്ച്ചു വച്ചിരിക്കുന്നു. ഉക്രെയിനിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഈ മുറികളുടെ ഇപ്പോഴത്തെ നോക്കി നടത്തിപ്പുകാരി. വീഡിയോ ഗെയിം കളിക്കാനില്ലാതിരുന്ന അന്നത്തെ കാലത്തെ കുഞ്ഞു വില്യമിന്റെയും സഹോദരങ്ങളുടെയും കളിപ്പാട്ടങ്ങൾ അവരെനിക്ക് പരിചയപ്പെടുത്തിത്തന്നു.

കുഞ്ഞു വില്യമും കുഞ്ഞനിയത്തി ഡൊറോത്തിയും മറ്റ് മൂന്ന് സഹോദരങ്ങളും കണ്ണാരം പൊത്തിക്കളിച്ചയിടങ്ങൾ, അവരുടെ കലപില ശബ്ദങ്ങൾ മാറ്റൊലി കൊണ്ട ചുവരുകൾ പോലും കഥ പറയുന്നതായി തോന്നി.ആ മുറിയിൽ ഞാൻ കുറേ നേരം ചിലവഴിച്ചു.

20170319_123226

പിന്നെയുള്ളത് ജോണിന്റെയും ആനിന്റെയും കിടപ്പുമുറികൾ. കിടക്കയിൽ പുസ്തകം വായിച്ചു കൊണ്ടിരുന്ന ജോൺ എഴുന്നേറ്റ് പോയ അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. തലയിണയിൽ കുറേ നേരം തല വച്ച് എഴുന്നേറ്റാൽ അവശേഷിക്കുന്ന ആ ‘കുഴിപ്പ്’ പോലും അവർ അതുപോലെ ചെയ്ത് വച്ചിട്ടുണ്ട്.
അടുത്തത് ഒരു സ്വീകരണ മുറിയാണ്. ഇതാണ് ഏറ്റവും നന്നായി പണികഴിപ്പിച്ച മുറി.ഇടപാടുകാരെ തന്റെ സമ്പന്നത കാണിക്കാൻ വേണ്ടി ഇതിന്റെ ഒരു ഭാഗം ലോഥർ അലങ്കരിച്ചതാവാം എന്ന് കരുതപ്പെടുന്നു. വേർഡ്സ് വർത്ത് കുടുബത്തിന്റെ സ്വന്തമായിരുന്ന അതിമനോഹരമായ വലിയ പരവതാനി ഇവിടെ വിരിച്ചിരിക്കുന്നു.

ഇനിയുള്ള രണ്ടു ചെറിയ മുറികൾ പ്രകൃതിയെയും കുട്ടികളെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രദർശിപ്പിക്കാനായി ആണ് നാഷണൽ ട്രസ്റ്റ് ഇപ്പോൾ ഉപയോഗിക്കുന്നത്.പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിൽ അഭേദ്യമായ പ്രണയം ഉണ്ടാകേണ്ടതിനെപ്പറ്റി അവിടെ വിശദീകരിക്കുന്നു. കുട്ടികളാണ് മുതിർന്നവരുടെ ഗുരുക്കന്മാർ എന്നത് എത്ര ശരിയാണ് എന്ന് അവിടെ സന്ദർശിച്ചപ്പോൾ മനസ്സിലായി.

ആധുനിക ലോകത്ത് കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ ഒരു പാട് വിള്ളലുകൾ വന്നതായി അവരുടെ പഠനങ്ങൾ സൂചന നല്കുന്നു. കുട്ടികളെ വീടുകളിൽ അടച്ചിടാതെ പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ അവരെ സ്വതന്ത്രരാക്കണം എന്ന് അവർ ബോധ്യപ്പെടുത്തുന്നു. അതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചില പഠനഫലങ്ങളും അവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

20170319_161611

അതൊക്കെ വായിച്ച ശേഷം, കാലം മുന്നോട്ടു പോകുന്തോറും ഓരോ തലമുറക്കും നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ചില സുന്ദര കാഴ്ചകളെപ്പറ്റി ചിന്തിച്ചപ്പോൾ വല്ലാത്ത ഒരു വിങ്ങലായിരുന്നു മനസ്സിൽ.

ജനാലയിലൂടെ ഞാൻ പുറത്തേക്ക് നോക്കി.വീടിനു പുറകുവശത്തെ മതിലിൽ മരം കൊണ്ടുള്ള ഒരു കളിവണ്ടി ചാരി വച്ചിരിക്കുന്നു. അതിനപ്പുറം വീടിന്റെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും. അതിനുമപ്പുറം ഡെർവന്റ് നദി ശാന്തമായൊഴുകുന്നു.

“O Derwent! winding among grassy holms
Where I was looking on, a babe in arms,
Make ceaseless music that composed my thoughts
To more than infant softness, giving me
Amid the fretful dwellings of mankind
A foretaste, a dim earnest, of the calm
That Nature breathes among the hills and groves.”

ഡെർവന്റ് നദിയെപ്പറ്റി ” ദി പ്രെലൂഡ് “ൽ വേർഡ്സ് വർത്ത് കുറിച്ച വരികളാണിവ… സ്വതസിദ്ധമായ ശൈലിയിൽ എത്ര ഭാവനാത്മകമായാണ് ഓരോ കാര്യങ്ങളും വർണിച്ചിരിക്കുന്നത്!

കോക്കർ നദി ഡെർവന്റ് നദിയുമായി സംഗമിക്കുന്ന സ്ഥലം കുറച്ചപ്പുറത്താണ്. പ്രകൃതി രമണീയമായ കാഴ്ചകളാൽ സമ്പന്നമാണ് ഈ നദീതീരം. പച്ചപ്പരവതാനി വിരിച്ച പുൽമൈതാനത്ത് മേഞ്ഞുനടക്കുന്ന ചെമ്മരിയാടുകൾ, കുറുമ്പു കാണിച്ച് ചാടി നടക്കുന്ന ആട്ടിൻ കുട്ടികൾ, പുല്ലുകൾക്കിടയിൽ ചെറു പ്രാണികളെ തിരയുന്ന വർണച്ചിറകകളുള്ള ഫെസന്റ് പക്ഷികൾ…ആ കാഴ്ചകൾ മനസ്സിലെ വിങ്ങലിന് ആശ്വാസമായി..

20170319_1602182

ഇല്ല, പ്രകൃതിയുടെ മനോഹര തീരങ്ങൾ പൂർണമായും നശിച്ചിട്ടില്ല. മനം കുളിർപ്പിക്കുന്ന ലേക് ഡിസ്ട്രിക്ടിലെ കാഴ്ചകൾ കൂടെ ഞാൻ ചികഞ്ഞെടുത്തു.

വേർഡ്സ് വർത്തിന്റെ പല കവിതകളും ലേക് ഡിസ്ട്രിക്ടിനെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ആധാരമാക്കിയുള്ളതാണ്.
ലേക് ഡിസ്ട്രിക്റ്റ് അതിമനോഹരമായ കായൽപ്രദേശമാണ്. പക്ഷേ അവിടുത്തുകാർ അതിനെ ലേക് എന്ന് വിളിക്കില്ല അവർക്കത് “വാട്ടർ” ആണ്.
നിരവധി പേർ വന്നു പോകുന്നയിടമാണെങ്കിലും മലിനീകരണം നന്നെ കുറവാണ്.

കായൽത്തീരത്ത് വരവേൽക്കുവാനായി ഒരു കൂട്ടം അരയന്നങ്ങളുണ്ടായിരുന്നു. അവയ്ക്ക് തീറ്റ വാങ്ങിക്കൊടുത്ത് കായലോരത്തുകൂടെ നടന്നു. കായൽക്കരയുടെ ഒരു ഭാഗത്ത് മരക്കൂട്ടങ്ങളുണ്ട്. മറ്റൊരു ഭാഗത്ത് പുൽമൈതാനം. ദൂരെ ഒരു വെള്ളിപ്പാദസരമണിഞ്ഞ സുന്ദരിയെപ്പോലെ മലയിടുക്കിൽ നിന്ന് ഒഴുകി വരുന്ന കുഞ്ഞരുവി. കായൽത്തീരത്തെ പുൽപ്പരപ്പിൽ മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകൾ. കായലിൽ സ്വഛന്ദം നീന്തിത്തുടിക്കുന്ന കാട്ടരയന്നങ്ങൾ.ഇതിനിടയിലൂടെ തങ്ങളുടെ ഓമന വളർത്തുമൃഗങ്ങളെയും കൊണ്ട് പ്രകൃതിയെ ഒട്ടും വേദനിപ്പിക്കാതെ, ആ കാഴ്ചകൾ കണ്ടാസ്വദിക്കുന്ന കുറച്ചു മനുഷ്യർ.

20170318_200214

ഇത്ര മനോഹരമായ ഈ തീരത്ത് ജനിച്ചു വളർന്ന ഒരു കവിക്ക് കാല്പനികനാവാതിരിക്കാൻ സാധിക്കില്ല.. യഥാർത്ഥത്തിൽ ഈ മനോഹര തീരങ്ങളിലെ കുട്ടിക്കാല ഓർമകൾ തന്നെയാണ് പിൽക്കാലത്ത് വേർഡ്സ് വത്തിന്റെ തൂലികയിലൂടെ അതി മനോഹരമായ കവിതകളായി വിരിഞ്ഞത്….

സുന്ദരമായ ഭൂമിയിൽ ഓരോ നിമിഷവും ആസ്വദിക്കേണ്ട ഹ്രസ്വമായ ഈ ജീവിതത്തിനിടയിൽ എവിടൊക്കെയോ പ്രകൃതിയുടെ ശവഗന്ധം മണക്കുമ്പോൾ,നല്ല ബാല്യത്തിന്റെ വർണച്ചിറകുകൾ നാലു ചുവരുകളിൽത്തട്ടി തളർന്നു വീഴുമ്പോൾ പ്രിയപ്പെട്ട വില്യം, എനിക്ക് നിങ്ങളുടെ കവിതകളിൽ പ്രതീക്ഷയുണ്ട്, നിങ്ങളെ സ്നേഹിക്കുന്നവർ ഈ വീട്ടിലെ ചെറിയ മുറിയിലിരുന്നു കുട്ടികളെയും പ്രകൃതിയെയും തമ്മിൽ ബന്ധിപ്പിക്കാൻ നടത്തുന്ന ഈ എളിയ ശ്രമങ്ങളിൽ പ്രതീക്ഷയുണ്ട്… നാളെ ഒരാൾക്കെങ്കിലും പിൻവിളിയായേക്കുമെന്ന പ്രതീക്ഷ…

ഞായറാഴ്ചയായതിനാൽ വീട്ടിൽ തിരക്ക് കൂടി വരികയാണ്.പതുക്കെ മരപ്പടികളിറങ്ങി താഴേക്ക് നടക്കുമ്പോൾ എല്ലാം കൊണ്ടും ഹൃദയം തുടിക്കുകയായിരുന്നു.

ക്ലർക്ക് റൂമിലെ മഷിക്കുപ്പിയിൽ തൂവൽ മുക്കി സന്ദർശക പുസ്തകത്തിൽ രണ്ടു വരി കോറിയിട്ട് പുറത്തേക്ക് നടന്നു.
ഏഴരപ്പൗണ്ട് ഇവിടെ എന്റെ കണ്ണിന് നല്കിയ കാഴ്ചകളേക്കാൾ മനസ്സിൽ പതിപ്പിച്ച വിലമതിക്കാനാവാത്ത ചില അനുഭൂതികളുണ്ട്… അനുഭവിച്ച് മാത്രം മനസ്സിലാക്കാൻ പറ്റുന്ന ചില കാര്യങ്ങൾ..

നന്ദിയുണ്ട്…

20170316_185739

അവകാശികൾ കൈമാറി ഒടുക്കം ഒരു ബസ് ഗാരേജിനു വേണ്ടി പൊളിക്കാനിരുന്ന ഈ വീട് വിലക്ക് വാങ്ങി നാഷണൽ ട്രസ്റ്റിന്റെ സുരക്ഷിത കരങ്ങളിലേൽപിച്ച ചരിത്ര സ്നേഹികളായ കോക്കർ മൗത്തിലെ നാട്ടുകാരോട്,ഈ വീട് ഇങ്ങനെ സംരക്ഷിച്ച് അതുല്യമായ അനുഭൂതി സന്ദർശകർക്കു നല്കുന്ന നാഷണൽ ട്രസ്റ്റിനോട്, ഇവിടത്തെ നല്ലവരായ വളണ്ടിയർമാരോട്…

നന്ദി വേർഡ്സ് വർത്ത്… നിങ്ങളുടെ ഹൃദയസ്പർശിയായ കവിതകൾക്ക്…

പുറത്തെ ചെറിയ ചാറ്റൽ മഴ നനഞ്ഞ് പതുക്കെ തിരിച്ച് നടക്കുമ്പോൾ മനസ്സിലുടക്കിയത് മുരളി ഗോപിയുടെ ”ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ” എന്ന സിനിമയിലെ ഒരു വാചകമാണ്. യഥാർത്ഥത്തിൽ ആ സിനിമ നല്കുന്ന സന്ദേശവും അതു തന്നെയാണ്. അർത്ഥവത്തായ വരികൾ…പ്രത്യേകിച്ചും ഓരോ രക്ഷിതാക്കളും മനസ്സിരുത്തി വായിക്കേണ്ട വരികൾ… ആ വരികൾ ഇങ്ങനെയാണ് …

“Man is part DNA, part unknown and part what he sees and goes through as a child”

54 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close