NewsColumns

വാചകമടിയല്ല സർ ജനാധിപത്യം

വായുജിത്


 

90 കളുടെ തുടക്കത്തിലാണ് . കൃഷ്ണമാചാരി ശ്രീകാന്തിനു ശേഷം ഒരു ഹാർഡ് ഹിറ്റർ ഇല്ലെന്ന പരാതി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്നു . നാടൻ ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ വെട്ടാനിറങ്ങാൻ ആളില്ല .

അങ്ങനെയിരിക്കെയാണ് അതുൽ ബദാദെ എന്നൊരാൾ ആഭ്യന്തര ക്രിക്കറ്റിൽ കാടനടികളുടെ പേരിൽ അറിയപ്പെട്ടു തുടങ്ങിയത് . ഒട്ടും താമസിച്ചില്ല അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് കടന്നു വന്നു .

യു എ ഇക്കെതിരെ ഷാർജകപ്പിലായിരുന്നു അരങ്ങേറ്റം . ഏഴു റണ്ണേ എടുക്കാനായുള്ളൂ . പിന്നീട് നാലാം മത്സരത്തിലാണ് ബദാദെ ഹാർഡ് ഹിറ്റിംഗിന്റെ ചെറിയൊരു മുഖമെങ്കിലും തുറന്ന് കാട്ടിയത് . 44 റൺസ് . 45 പന്തിൽ . നാല് പടുകൂറ്റൻ സിക്സറുകൾ ഉണ്ടായിരുന്നു ആ 44 ൽ .

പിന്നീട് ഫരീദാബാദിൽ വെസ്റ്റിൻഡീസിനെതിരെ ഒരു 51 . കഴിഞ്ഞു എതിരാളികളെ ഞെട്ടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൊണ്ടുവന്ന വജ്രായുധത്തിന്റെ കരിയർ പിന്നീട് മൂന്നോ നാലോ കളികളോടെ അവസാനിച്ചു.

ഐഐടിക്കാരൻ അരവിന്ദ് കെജ്‌രിവാളും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഇങ്ങനെയൊക്കെയാണ് കടന്നു വന്നത് . യുപിഎ ഭരണത്തിന്റെ അഴിമതിക്കെതിരെ ഉയർന്നു വന്ന അണ്ണാ ഹസാരെ പ്രക്ഷോഭത്തിന്റെ കൂടെയാണ് കെജ്‌രിവാളും വളർന്നത് .

ഇതുവരെ കാണാത്ത പ്രചാരണ തന്ത്രങ്ങളും പുതുമുഖ സ്ഥാനാർത്ഥികളുമൊക്കെയായി ഡൽഹി വോട്ടർമാരെ സമീപിച്ചു ഈ രാഷ്ട്രീയ അതുൽ ബദാദെ. ആദ്യ വട്ടം ഡൽഹിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മാറ്റിനിർത്തി അതുവരെ അഴിമതിയുടെ പേരിൽ എതിർത്തിരുന്ന കോൺഗ്രസിനൊപ്പം ഭരണത്തിലേറി.

ആം ആദ്മി പാർട്ടിയുടേയും കെ‌ജ്‌രിവാളിന്റെയും രാഷ്ട്രീയ സത്യസന്ധതയിൽ അപ്പോൾ തന്നെ നിഴൽ വീണിരുന്നു . എങ്കിലും നരേന്ദ്രമോദിയുടെ പ്രഭാവത്തിനെതിരെ ബിജെപി വിരുദ്ധ കക്ഷികൾ രക്ഷകനായി കരുതി അദ്ദേഹത്തെ . ദേശീയ രാഷ്ട്രീയത്തിലൊന്ന് പയറ്റാമെന്ന് കെജ്‌രിവാളും കരുതി.

നരേന്ദ്രമോദിക്കെതിരെയായിരുന്നു അങ്കം . പ്രാദേശിക ക്രിക്കറ്റിൽ അകാശത്തേക്ക് വരെ സിക്സറടിച്ച ബദാദെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫീൽഡറുടെ കയ്യിൽ ഒതുങ്ങിയത് പോലെ കെജരിവാളും മോദിയുടെ മുന്നിൽ തോറ്റമ്പി .

അപ്പോഴും ഡൽഹി ജനത പ്രതീക്ഷ കൈവിട്ടിരുന്നില്ല . ഇനി ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് കരുതി 2015 ലെ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ റിക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലേറ്റി .

അതോടെ കാര്യങ്ങൾക്ക് ഏകദേശം തീരുമാനമായി .കവലയിൽ പ്രസംഗിക്കുന്നത് പോലെയല്ല ഭരണമെന്നത് കുറച്ച് നാളുകൾ കൊണ്ട് തന്നെ കെജരിവാളിനു മനസ്സിലായില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലായി. പണ്ട് എ കെ ആന്റണി ഉച്ചയൂണിന്റെയും പിച്ചത്തരങ്ങളുടേയും പേരിൽ ഊതിപ്പെരുപ്പിച്ച പുറം പൂച്ച് പൊളിഞ്ഞത് പോലെ ഇതും പൊളിഞ്ഞു തുടങ്ങി.

ഇതാ ബിജെപിക്ക് ബദൽ എന്ന് ആഘോഷിച്ച് സിപിഎം ഉൾപ്പെടെയുള്ള സീറ്റ് ദാരിദ്ര്യം പിടിച്ചവർ പിന്തുണയ്ക്കുക കൂടീ ചെയ്തതോടെ കെജ്‌രി വിഢിസ്വർഗത്തിലായി . എങ്കിലും ഭരണം വീണ്ടും തഥൈവ തന്നെ . ആകെ വ്യത്യാസമുണ്ടായത് മനോനിലയിലും നാക്കിന്റെ നീളത്തിനും മാത്രം.

മണ്ടത്തരങ്ങളും വാചാടോപങ്ങളും ഡൽഹിക്കാരെ എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് രജൗരി ഗാർഡനിലെ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും വരുമെന്ന് കരുതിയവർ മണ്ടന്മാരായി. ബിജെപി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നായിരുന്നു അടുത്ത ഭീഷണി.

നോക്കണേ.. സംശുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ പോയ പോക്ക്. ചെറിയ സംസ്ഥാനത്തെ ഏറ്റവും ചെറിയ പ്രാദേശിക പാർട്ടി നേതാവിനു പോലും ഇതിലും സാമാന്യബോധമുണ്ടാകും . അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും.

ഒടുവിൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം ഇതാ പുറത്ത് വന്നിരിക്കുന്നു . ബിജെപി ഉജ്ജ്വല വിജയം നേടിയാണ് അധികാരത്തിലേറിയിരിക്കുന്നത് . കോൺഗ്രസിനൊപ്പം വളരെ പിന്നിലാണ് ആം ആദ്മി പാർട്ടി.

സീറോ ടു ഹീറോ ടു സീറോ എന്ന അവസ്ഥയിലാണിപ്പോൾ അരവിന്ദ് കെജ്‌രിവാൾ. എന്തായാലും സമയം കിട്ടുമ്പോൾ അദ്ദേഹം ഇറ്റലിയിലെ ഫൈവ് സ്റ്റാർ മൂവ്മെന്റിനേപ്പറ്റിയും അതിന്റെ നേതാവ് ബെപ്പോ ഗ്രില്ലോയെപ്പറ്റിയും പഠിക്കുമായിരിക്കും.

നമുക്ക് വീണ്ടും അതുൽ ബദാദെയിലേക്ക് വരാം . പാകിസ്ഥാനെതിരെ ബദാദെ 44 റൺസെടുത്ത മത്സരത്തിൽ മറ്റൊരാൾ 26 പന്തിൽ 24 റൺസെടുത്തിരുന്നു . അതിൽ പടുകൂറ്റൻ സിക്സറുകളൊന്നുമുണ്ടായിരുന്നില്ല . എന്നാൽ മനോഹരമായ ക്ളാസിക്കലായ കോപ്പിബുക്ക് ഷോട്ടുകളാൽ പിറവിയെടുത്ത നാലു ബൗണ്ടറികളുണ്ടായിരുന്നു .

പിന്നീട് ഏകദേശം പത്ത് പതിനെട്ട് വർഷക്കാലം ആ ക്ളാസ് ഇന്ത്യൻ ക്രിക്കറ്റിന് താങ്ങായും തണലായും നിറഞ്ഞ് നിൽക്കുകയും ചെയ്തു . വൺഡേ വണ്ടറുകളല്ല നിലനിൽക്കുന്നതെന്ന്ക്രിക്കറ്റ് പ്രേമികൾക്ക് മുന്നിൽ എന്നോ തെളിയിച്ചു കഴിഞ്ഞ അദ്ദേഹത്തെ നിങ്ങൾ മറക്കാനിടയില്ല .സച്ചിൻ ടെൻടുൽക്കർ !

ഇന്ന് ബിജെപി പ്രവർത്തകനായും ആർ.എസ്.എസിന്റെ ക്രീഡാഭാരതിയുടെ ചുമതല വഹിക്കുന്ന ആളുമായ അതുൽ ചന്ദ്രശേഖർ ബദാദെ ഒരു പക്ഷേ കെജ്‌രിവാളിനെ കണ്ടാൽ ഇങ്ങനെ പറഞ്ഞേക്കും .

കാടനടികളല്ല ക്രിക്കറ്റ് . വാചകമടിയല്ല സർ ജനാധിപത്യവും !

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close