NewsMovieEntertainment

അങ്ങനെ പൊളിയുന്നതല്ല ബാഹുബലിയുടെ സസ്‌പെന്‍സ്

എം നിഖിൽ കുമാർ


‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’ ഈ ചോദ്യം 2015 ജൂലൈ 10 മുതൽ ഇന്ത്യൻ സിനിമാ ലോകം ചോദിക്കുകയായിരുന്നു. ഇതിന് വിരാമമിട്ടാണ് ബാഹുബലി ദ കൺക്ലൂഷൻ ഏപ്രിൽ 28 ന് റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിലെത്തുന്ന സമയം സിനിമാ ആരാധകരുടെ പേടി സമൂഹ മാദ്ധ്യമങ്ങളിലൂടെ ഈ ചോദ്യത്തിന്റെ ഉത്തരം പുറത്തു വരുമോ എന്നതായിരുന്നു. എന്നാൽ റിലീസായി രണ്ട് ദിവസം കഴിഞ്ഞിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന രഹസ്യം പരസ്യമായില്ല.

കാരണം ഒന്നേ ഉളളൂ. അത് ആർക്കും ഒറ്റയടിക്ക് പറഞ്ഞ് ഫലിപ്പിക്കാനാവില്ല. എന്നതുതന്നെയാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന സസ്പെൻസ് പൊളിച്ചാലും അത് സിനിമയെ ബാധിക്കില്ല എന്ന് ഉറപ്പ്. അത്തരത്തിലാണ് രാജമൌലി ഈ കഥ പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും ഇതൊരു വിഷ്വൽ ട്രീറ്റാണ്.

baahubali-stills-1

എസ്എസ് രാജമൌലി എന്ന സംവിധായകന്റെ കഴിവിനെ എത്ര പുകഴ്ത്തിയാലും അത് അധികമാവില്ല. ആദ്യ ചിത്രത്തിന്റെ അതേ മാറ്റോടുകൂടി രണ്ടാം ഭാഗവും എടുക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അതിലും ഗംഭീരമായാണ് രണ്ടാം ഭാഗത്തെ രാജമൌലി അണിയിച്ചൊരുക്കിയിരിക്കുന്നത്.

baahubali-the-conclusion-behind-the-scenes14

സിനിമ കാണാനിരിക്കുന്നവന് ഇമചിമ്മാൻ രാജമൌലി അവസരം കൊടുക്കുന്നില്ല. ഓരോ ഫ്രെയിമിലും അത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്നു. ഹോളീവുഡ് സിനിമകളോട് കിടപിടിക്കുന്ന ഗ്രാഫിക്സാണ് ചിത്രത്തിലുളളത്. യാഥാർഥ്യമേത്, ഗ്രാഫിക്സ് ഏത് എന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആദ്യ ഭാഗത്തിൽ കാലകേയനെതിരെ പ്രയോഗിച്ചതു പോലെ തന്നെ ഈ ഭാഗത്തിലും വ്യത്യസ്തമായ യുദ്ധ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം തന്നെ അങ്ങേയറ്റം ആകാംഷയോടെ തന്നെ പ്രേക്ഷകർ കണ്ടിരിക്കും.

baahubali-stills-2

ബാഹുബലിയുടെ ആദ്യ ഭാഗത്തിനെക്കാൾ രണ്ടാം ഭാഗം വൈകാരികമായി പ്രേക്ഷകരെ സ്വാധീനിച്ചുവെന്നു തന്നെ പറയാം. നിറഞ്ഞ കണ്ണുകളോടെയും,കയ്യടികളോടെയുമാണ് ഇടവേളയ്ക്ക് ശേഷമുള്ള രംഗങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.

രോമാഞ്ചമുണർത്തുന്ന രംഗങ്ങളും സംഭാഷങ്ങളും അതിനു മാറ്റു കൂട്ടി. “നിങ്ങൾ എന്റെ കൂടെ ഉള്ളപ്പോ ഒരു ആൺ തരിയും എന്നെ തൊടാൻ മുതിരില്ല മാമാ” എന്ന് പറയുന്നതിനു മുമ്പും പിൻപും ഉള്ള രംഗങ്ങളിൽ തകർന്നത് കഥാപത്രങ്ങൾക്കൊപ്പം പ്രേക്ഷകരുടെയും ഹൃദയമാവാം…!

ഓരോ സംഘട്ടന രംഗങ്ങളും വ്യത്യസ്തവും മികവുറ്റതും ആക്കാൻ പ്രത്യേകം രാജമൌലി ശ്രദ്ധിച്ചിട്ടുണ്ട്.

പശ്ചാത്തല സംഗീതമൊരുക്കിയ എംഎം കീരവാണി പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. കഥാഗതിക്കനുസരിച്ച് പ്രേക്ഷകർക്ക് ആ ഫീൽ വരുത്തുന്നതാണ് പശ്ചാത്തലസംഗീതം. തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ കാതുകളിൽ മുഴങ്ങി നിൽക്കും.

അമരീന്ദ്ര ബാഹുബലിയായും, മകൻ മഹീന്ദ്ര ബാഹുബലിയായും ഇരട്ട വേഷത്തിൽ പ്രഭാസും, പൽവാൽ ദേവനായി റാണാദഗുപതിയും കട്ടപ്പയായി സത്യരാജും, ദേവസേനയായി അനുഷ്കയും റാണി ശിവകാമിയായി രമ്യാകൃഷ്ണനും മത്സരിച്ചാണഭിനയിച്ചിരിക്കുന്നത്. ചില രംഗങ്ങളിൽ രമ്യാ കൃഷ്ണനും സത്യരാജും മറ്റുളളവരെക്കാൾ ഒരുപടി മുകളിൽ നിന്നു. ആദ്യഭാഗത്തിലെ പ്രഭാസിന്റെ നായികയായ തമന്ന രണ്ടാം ഭാഗത്തിൽ ചെറിയ സീനുകളിൽ വന്നു പോകുന്നു.

സിനിമാ ജീവിതത്തിലെ ദീർഘമായ നാലഞ്ചു വർഷത്തോളമുള്ള കാലയളവ് ഈ ഒരൊറ്റ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച രാജമൗലിയ്ക്കും,പ്രഭാസിനും, റാണയ്ക്കും തുടങ്ങി ഇതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഓരോ കലാകാരന്മാരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. നിങ്ങളുടെ പരിശ്രമങ്ങളുടെയെല്ലാം വിജയം തന്നെയാണ് സ്‌ക്രീനിലും തീയറ്ററിലും പ്രേക്ഷകന് കാണാനായത്.

കാഴ്ച്ചകാർക്ക് മികച്ച ദൃശ്യ വിസ്മയം ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ലോക സിനിമകളിൽ തന്നെ ഇന്ത്യൻ സിനിമയ്ക്ക് മികച്ച ഒരു സ്ഥാനം നേടി കൊടുക്കും എന്നുള്ളതിൽ സംശയമില്ല.

ഈ സിനിമ തീയേറ്ററിൽ പോയി കാണുന്ന ഓരോ പ്രേക്ഷകനും മഹിഷ്‌മതിയെയും. അമരേന്ദ്ര-മഹേന്ദ്ര ബാഹുബലിയെയും, ദേവസേനയെയും, കട്ടപ്പയെയും, ശിവകാമിയേയും, പൽവാൽ ദേവനെയും ഒരിക്കലും മറക്കാൻ സാധിച്ചെന്നു വരില്ല.

 

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close