Special

പരിസ്ഥിതിയെ സ്നേഹിച്ച പൈലറ്റ്

ഇൻഡോറിലെ ഗുജറാത്തി കോളേജിൽ നിന്ന് ഗ്രാമവികസനത്തിൽ സ്പെഷ്യലൈസേഷനോടെ കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിറങ്ങുമ്പോൾ അനിൽ മാധവ് ദവേയെന്ന ചെറുപ്പക്കാരന്റെ ലക്ഷ്യം സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഒരു ജോലിയായിരുന്നില്ല . ഗ്രാമവികസനത്തിലൂടെ രാഷ്ട്രവികസനമെന്ന തത്വം സാക്ഷാത്കരിക്കുവാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തനമെന്ന കടുപ്പമുള്ള ജോലിയാണ് അദ്ദേഹം സ്വീകരിച്ചത്.

പിന്നീട് സംഘപ്രവർത്തനത്തിലൂടെ മണ്ണിനെയും മനുഷ്യനേയും നദികളേയും സ്നേഹിച്ച് അദ്ദേഹം മുന്നോട്ട് പോയപ്പോൾ രാഷ്ട്രത്തിന് ലഭിച്ചത് നന്മയുള്ള ഒരു പരിസ്ഥിതി പ്രവർത്തകനെ കൂടിയായിരുന്നു . ചെറുപ്പ കാലത്ത് തന്നെ വിമാനം പറത്തലിൽ പരിശീലനം നേടിയ അദ്ദേഹം പക്ഷേ ആ വൈദഗ്ദ്ധ്യം പുറത്തെടുത്തതും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയായിരുന്നു .

നർമ്മദയുടെ പരിശുദ്ധിയും ജീവനും നിലനിർത്താൻ നർമ്മദ സമഗ്ര എന്ന സംഘടന രൂപീകരിച്ചതും ദവേയാണ്. നർമ്മദയേയും മറ്റ് നദികളേയും സംരക്ഷിക്കാൻ വലിയ പരിശ്രമം തന്നെ ഈ സംഘടന കാഴ്ചവച്ചു . നർമ്മദ നദിയെ പ്രദക്ഷിണം വച്ച് പതിനെട്ട് മണിക്കൂർ ദവേ ഒരിക്കൽ വിമാനം പറത്തിയിട്ടുണ്ട്. നർമ്മദയിലൂടെ 1312 കിലോമീറ്റർ ചങ്ങാടത്തിൽ 19 ദിവസം യാത്രചെയ്ത് പരിക്രമം പൂർത്തിയാക്കിയ ആദ്യ വ്യക്തിയും ഒരു പക്ഷേ അദ്ദേഹമായിരിക്കും. .

2003 ൽ സംഘത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബിജെപിയിലെത്തിയ ദവേ മദ്ധ്യപ്രദേശിലെ ബിജെപി വിജയത്തിൽ നിർണായക പങ്കു വഹിച്ചു . 2009 മുതൽ രാജ്യസഭാംഗമാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള സമിതികളിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായിരുന്നു ദവേ. നിളാനദിയുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കേരളത്തിലെത്തുമെന്ന് അറിയിച്ചതിനു തൊട്ടുപിറകേയുള്ള ദവേയുടെ വിയോഗം കേരളത്തിനും വലിയ നഷ്ടമാണ് .

1956 ജൂലൈയിൽ മാധവ് ലാൽ ദവേയുടെ പുഷ്പ ദേവിയുടെയും മകനായി ഉജ്ജയിനിയിലായിരുന്നു ജനനം . ഇൻഡോറിലെ ഗുജറാത്തി കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയ ദവേ ഹിന്ദി ഇംഗ്ളീഷ് ഭാഷകളിലായി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .ചരൈവേതി മാസികയുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അവിവാഹിതനാണ് .

715 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close