Special

നായനാർ കറുപ്പും വെളുപ്പും

കേരളത്തിന്‍റെ  മുൻ മുഖ്യമന്ത്രിയും, കമ്യൂണിസ്റ്റ്  നേതാവുമായിരുന്ന  ഇ.കെ. നായനാർ ഓർമ്മയായിട്ട്  ഇന്ന് പതിമൂന്ന്  വർഷം തികയുന്നു. ആറു പതിറ്‍റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ  നേടിയ സ്ഥാനമാനങ്ങൾക്കപ്പുറം, ജനകീയനും സരസനുമായൊരു ഭരണാധികാരിയെന്ന നിലയിൽ  നായനാർ അറിയപ്പെടുന്നുണ്ട്
തീപ്പൊരി രാഷ്ട്രീയ പ്രസംഗങ്ങളും സംവാദങ്ങളും കേട്ടുപഴകിയ കേരള ജനതയ്ക്ക് വ്യതസ്തമായൊരു രാഷ്ട്രീയ അനുഭവമായിരുന്നു അദ്ദേഹം . അയത്നലളിതമായ പ്രസംഗങ്ങൾ, ഓർത്തു ചിരിക്കാനുതകുന്ന തമാശകൾ, കുറിക്കു കൊള്ളുന്ന മറുപടികൾ, ആരെയും കൂസാത്ത ദൃഢചിത്തത-ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം ആ ജീവിതത്തെ.
ഒരു കോൺഗ്രസ്സുകാരനായിട്ടാണ് നായനാർ രാഷ്ട്രീയത്തിലെത്തുന്നത്. അതും പതിമൂന്നാം വയസ്സിൽ. ജന്മസ്ഥലമായ കണ്ണൂർ കല്യാശ്ശേരിയിൽ ഉപ്പുസത്യാഗ്രഹ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു നായനാർ. കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ഒരുമിച്ച് കോൺഗ്രസ്സ് സോഷ്യലിസ്‍റ്‍റ് പാർട്ടി രൂപീകരിച്ചപ്പോൾ നായനാർ അതു വഴി കമ്മ്യൂണിസ്‍റ്‍റ് പാർട്ടിയിലെത്തി.
പിന്നീടിങ്ങോട്ട് പാർട്ടിയിലും രാഷ്ട്രീയത്തിലും വിസ്മയകരമായ വളർച്ചയുടെ നാളുകളായിരുന്നു അദ്ദേഹം കൈവരിച്ചത്. ഏറ്‍റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നായനാർ നിയമസഭയിലേക്ക് ആറു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവൽ ഭടനെന്ന് പാർട്ടി പ്രകീർത്തിക്കുമ്പോഴും ഇ കെ നായനാരുടെ പല ശൈലികളും വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട് . അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം എന്ന പരാമർശം ഏറെ വിവാദമായിരുന്നു. മുൻ മന്ത്രി എം എ ഹരിജൻ കുട്ടപ്പനെന്ന് വിളിച്ച കേസ് സുപ്രീം കോടതി വരെ പോയി. ആ ഹരിജനില്ലേടോ , എം എൽ എ കുട്ടപ്പൻ അയാള് മേശപ്പുറത്ത് കയറി എന്നായിരുന്നു പരാമർശം .
കയ്യൂർ സമരനായകനെന്ന് വിളിപ്പേരുണ്ടെങ്കിലും കയ്യൂർ സമരത്തിൽ നായനാർ പങ്കെടുത്തതിന് തെളിവൊന്നുമില്ലെന്ന് പലരും ആരോപിച്ചിട്ടുണ്ട്. കയ്യൂർ സമര നായകനല്ല കയ്യൂർ തട്ടിപ്പുകാരനാണ് നായനാരെന്ന് തെളിയിക്കുന്ന ലേഖനങ്ങൾ വരെ ഇറങ്ങിയിരുന്നു .
പമ്പ ദേവസ്വം ബോർഡ് കോളേജിൽ മൂന്ന് വിദ്യാർത്ഥികളെ സിപിഎം- സിഐടിയു അക്രമികൾ കല്ലെറിഞ്ഞ് മുക്കിക്കൊന്നതിനെപ്പറ്റി  നിയമ സഭയിൽ ടി എം ജേക്കബ് ചോദിച്ചപ്പോൾ എ ബി വി പിക്കാരല്ലേ ചത്തത് , നിങ്ങൾക്കെന്താ എന്ന നായനാരുടെ മറുചോദ്യത്തിനെതിരെ കേരളത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു.
നിസ്വാർത്ഥനായ നേതാവെന്ന് വാഴ്ത്തപ്പെടുമ്പോഴും നായനാർ അവസരവാദിയും പാർലമെന്ററി വ്യാമോഹിയുമായിരുന്നെന്നാണ് പഴയ സുഹൃത്ത് എം വി രാഘവൻ പറഞ്ഞിട്ടുള്ളത് . സീറ്റ് കിട്ടാത്തതിന്റെ പേരിൽ രണ്ട് പ്രാവശ്യം പാർട്ടി പ്രവർത്തനം മതിയാക്കി വീട്ടിലേക്ക് പോയ നായനാരെ രണ്ട് വട്ടവും മടക്കിക്കൊണ്ടു വന്നത് താനാണെന്ന് ആത്മകഥയിൽ രാഘവൻ പറയുന്നുണ്ട് . താൻ പുറത്താകാൻ കാരണമായ ബദൽ രേഖയുടെ സംവിധായകൻ നായനാരാണെന്നും രാഘവൻ ആരോപിച്ചിട്ടുണ്ട് .
വിമർശനങ്ങൾ തമാശകളുടെ ആവരണത്തിൽ അവതരിപ്പിക്കുന്പോഴും ഒരിക്കൽ പോലും പാർട്ടിയുടെ വേലിക്കെട്ടുകൾ തകർത്ത് ശാസനക്കു വിധേയനാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു നായനാർ. രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവർക്ക് അനഭിമതനാകാതിരിക്കാനും ഈ ശൈലി അദ്ദഹത്തെ സഹായിച്ചിട്ടുണ്ട്.
പ്രമേഹരോഗത്തെ തുടർന്ന് 2004 ൽ AIMS പ്രവേശിപ്പിച്ച നായനാർ മെയ് 19 ന് ഹൃദയാഘാതത്തെ തുടർന്നാണ്  അന്തരിച്ചത്.

124 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close