NewsMovieEntertainmentSpecial

വീണ്ടും തളിർക്കുന്ന മുന്തിരിവളളികൾ

ടി . എസ് സുബീഷ്


1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആണ് പുറത്തു വന്ന ആദ്യ ചിത്രം. അന്നു മുതൽക്ക് നടനവൈഭവത്തിന്‍റെ മഹിത വിലാസമാണ് മലയാളത്തിന് മോഹൻലാൽ. ഏതു ചിത്രം ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം അസാദ്ധ്യമാക്കും വിധം ഏതു ചിത്രത്തിലേയും ഏതു കഥാപാത്രത്തേയും അനശ്വരമാക്കാൻ കെൽപ്പുളള അഭിനേതാക്കൾ കുറച്ചേയുള്ളൂ ഇന്ത്യയിൽ. അവരിൽ മുന്നിലാണ് മോഹൻലാൽ.

ഒരൊറ്റ സിനിമാപ്പേരിൽ ഒതുക്കാനാകില്ല മലയാളത്തിലെ മോഹന ലാലിസം. ഒരു വശത്തേക്ക് തോളൽപ്പം ചെരിച്ച് പാടം പൂത്ത കാലം പാടി വരുന്ന ലാലേട്ടനെ കാൽപ്പനിക കേരളം പ്രണയിച്ചതിന് കണക്കില്ല. കിരീടത്തിലെ സേതുവിന്‍റെ പൊളളുന്ന ജീവിതാനുഭവം മലയാളിയെ കരയിപ്പിച്ചതും കുറച്ചൊന്നുമല്ല.

എന്നാൽ അത്രയോളം തന്നെ ചിരിപ്പിച്ചു കിലുക്കത്തിലെ ജോജി. ഇടക്കാലത്ത് മുണ്ടു മടക്കി കുത്തിയ ആ പൗരുഷത്തെ മലയാളം നമിച്ചു. മുണ്ടയ്ക്കൽ ശേഖരൻ വെട്ടിനുറുക്കിയിട്ടും പിരിച്ച മീശ താഴ്ത്തിയില്ല മംഗലശ്ശേരി നീലകണ്ഠൻ.

വരവേൽപ്പും വാനപ്രസ്ഥവും കന്മദവും കമലദളവും ഭരതവും ഭ്രമരവും താഴ് വാരവും തന്മാത്രയും മായാമയൂരവും മണിച്ചിത്രത്താഴും പിന്നെ ദൃശ്യവും സമ്മാനിച്ച അത്ഭുതകരമായ വൈചിത്ര്യം അനന്തവും വിസ്മയകരവുമാണ്. കള്ളനോട്ടവും കുസൃതിയും അൽപ്പം വില്ലത്തരവും പ്രണയവും ഒക്കെയായി തിരയിൽ നിറഞ്ഞ ലാലേട്ടനെ ഉളളു നിറയെ സ്നേഹിച്ചു മലയാളം.

ഗാനരംഗങ്ങളിലെ വൈഭവം ഹൃദയത്തിൽ നിറച്ചു ആസ്വാദനത്തിന്‍റെ ഹരിമുരളീരവം. ഉള്ളിലെ പാട്ടുകാരൻ ഉണർന്നപ്പോൾ കേട്ട പാട്ടെല്ലാം ഏറ്റുപാടി മലയാളം. ആറ്റുമണൽ പായയിലെ അന്തിവെയിൽ ശോഭയായി അവയെല്ലാം അലിവായും അഴകായും കാതിൽ തങ്ങി.

തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾക്കപ്പുറം തലമുറകളുടെ സാംസ്കാരിക ബോധത്തെ നിർണയിക്കാനായി എന്നതാണ് മോഹൻലാൽ എന്ന വ്യക്തിയെ വ്യത്യസ്തനാക്കിയത്. നവമാദ്ധ്യമങ്ങളിലൂടെ തുടരുന്ന ഇടപെടൽ കാലികവും മൗലികവുമാണ്, പലപ്പോഴും തുറന്ന സംവാദങ്ങൾക്ക് വഴി വെക്കുന്നതും. രാഷ്ട്രത്തിന്‍റെ സ്വത്വ ബോധത്തോടും ദേശ രാഷ്ട്രീയത്തോടും പുലർത്തുന്ന ആദരവിനും വിനയത്തിനും അംഗീകാരമായി ലഫ്റ്റനന്‍റ് കേണൽ പദവിയും ലാലിനെ തേടിയെത്തി.

മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ വാനോളം പുകഴ്ത്തപ്പെട്ടത് ഈ പ്രായത്തിലും പുലിക്ക് പിറകെ പാഞ്ഞ ലാലേട്ടന്‍റെ വൈഭവം തന്നെ. ആരൊക്കെ വന്നാലും പോയാലും ഭാര്യക്കും മക്കൾക്കും മദ്ധ്യേ നല്ല ഭർത്താവായും അച്ഛനായും ലാലേട്ടൻ നിറഞ്ഞാടിയാലേ മലയാളി കുടുംബ പ്രേക്ഷകർക്കും തൃപ്തിയാകൂ. അതിനാൽ ആ മുന്തിരിവളളികൾ തളിർക്കുന്നു വീണ്ടും വീണ്ടും.

എഴുത്തുകാരനും ഗായകനും നാടക വേദിയിലെ അനുപമ ചാരുതയും ഒക്കെയായി വിഭിന്ന തലങ്ങളിൽ മികവാട്ടം തുടരുമ്പോഴും വെള്ളിത്തിരയിലെ നടന വൈവിദ്ധ്യം തന്നെയാണ് മോഹൻലാൽ എന്ന വ്യക്തിയെ ഭാരതത്തിലെ മഹാനായ നടനാക്കി മാറ്റുന്നത്.

നവരസങ്ങളുടെ കമലദളം പൊഴിച്ച് ലാൽ രാജ്യത്തിന്‍റെ അഭിമാന താരമാണ് എന്നും എപ്പോഴും. അമ്പത്തിയാറ് പിന്നിട്ട ആ ശരീരകാന്തിക്ക് ഇന്നും പ്രായമേറിയിട്ടില്ല തിരയിൽ. വെറുതെയല്ല മീരാ ജാസ്മിൻ പറഞ്ഞത്, ഉമ്മ വെയ്ക്കാൻ തോന്നുന്നു ലാലേട്ടന്‍റെ കവിളുകൾ കാണുമ്പോൾ എന്ന്.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close