Columns

ഗോമാതാവും അൽപ്പം ഓക്സിജൻ വിശേഷങ്ങളും

പ്രസാദ് പോൾ


പശു ഓക്സിജൻ പുറത്തുവിടുന്ന ജന്തുവാണെന്ന ഒരു മാന്യവ്യക്തിയുടെ പ്രസ്താവന കേട്ടയന്നുമുതൽ ആലോചിക്കുന്നൊരു വിഷയമാണിത്. നേരിട്ടോ, അല്ലാതെയോ അതിനു സത്യവുമായി വല്ല ബന്ധമുണ്ടോയെന്ന്.അന്വേഷിക്കുകയായിരുന്നു ഇത്രയും നാൾ. കണ്ടെത്തിയ കാര്യങ്ങളിവിടെ കുറിയ്ക്കട്ടെ. ഇതു വായിച്ചാർക്കെങ്കിലുമെന്നെ ‘സംഘി’യാക്കണമെന്നു തോന്നിയാൽ അതവരുടെ പരിസ്ഥിതിയിലെ ജൈവബന്ധങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലമാണെന്നു കരുതി ഞാൻ ക്ഷമിച്ചോളാം.

കാടുകളെ ഒഴിവാക്കിയാൽ പിന്നെയവശേഷിച്ച നാടുകളിൽ ഏറ്റവും കൂടുതലുള്ള മൃഗങ്ങൾ പോത്തടക്കമുള്ള കന്നുകാലി വർഗ്ഗമാണ്. അതിലേറ്റവും കൂടുതൽ പശുക്കളുമാണ്. നമ്മിൽ ചിലർക്ക് പശുക്കൾ പാലിനും, മാംസത്തിനും വേണ്ടിയുള്ള ‘ജന്തു’ മാത്രമാണെങ്കിൽ ചിലർക്കത് ജീവിതം തന്നെയോ, വിശ്വാസപ്രതീകമോ, അമ്മയോ തന്നെയാണ്.

ആരോഗ്യത്തോടെ നിലനിൽക്കുന്ന ഒരു ‘ഇക്കോ സിസ്റ്റത്തിൽ’ അനേകം ജീവിവർഗ്ഗങ്ങൾ തമ്മിലുള്ള ‘കൊടുക്കൽ-വാങ്ങലുകൾ’ ചാക്രികമായി നടന്നുപോരുന്നുണ്ട്. ഇവയുടെ സുഗമമായ പ്രവർത്തനങ്ങളാലല്ലാതെ ഒരിടത്തും ജീവൻ നിലനിൽക്കില്ല. ഞാനിവിടെ പശു എന്ന മൃഗത്തിന്റെ മാത്രം കാര്യമെടുക്കട്ടെ. എല്ലാ ‘ഇക്കോ സിസ്റ്റങ്ങളിലും’ വേട്ടക്കാരൻ-ഇര (prey-predator) ബന്ധങ്ങളുണ്ട്. ക്രൂരമെന്നു പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ആ ബന്ധമാണ് രണ്ടുകൂട്ടരുടെയും ആരോഗ്യകരമായ നിലനിൽപ്പിനെ സഹായിക്കുന്നത് അല്ലെങ്കിൽ അവരെ രണ്ടുകൂട്ടരേയും നിലനിർത്തുന്നത്.

നമുക്കാർക്കും ഒരുമിനിറ്റിലേറെ ഒഴിവാക്കാനാവാത്ത ശ്വസനമെന്ന പ്രക്രിയയിൽ നാം സ്വീകരിക്കുന്ന ഓക്സിജൻ നമുക്ക് പ്രദാനം ചെയ്യുന്നത് നമുക്കുചുറ്റിലുമുള്ള ഓരോ പച്ചിലകളും, പുൽനാമ്പുകളുമാണ്. ആ പച്ചപ്പിന്റെ ആരോഗ്യമാണ് നമ്മുടെയും ആരോഗ്യം. അവയെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഉത്തരവാദിത്വഭാരം ചുമക്കുന്നവരാണ് ഇന്നിവിടെ വിവാദവിഷയമായിമാറിയ പാവം പശുക്കളടക്കമുള്ള കന്നുകാലിവർഗ്ഗം.

കാലാകാലങ്ങളിലുള്ള ഫെർട്ടിലൈസർ ലഭ്യതയും പ്രൂണിങ്ങും ഒരു സസ്യത്തിന്റെയാരോഗ്യത്തിന് അത്യാവശ്യമാണ്. പ്രകൃതിയിലെ ആ പ്രൂണിങ് തൊഴിലാളികളാണ് മേൽപ്പറഞ്ഞ ജന്തുക്കളെല്ലാം. അതിനു പ്രതിഫലമായി ചെടികൾ കന്നുകാലികൾക്ക് ഭക്ഷണവും, കന്നുകാലികൾ ചെടികൾക്ക് ചാണകത്തിൽക്കൂടി ഭക്ഷണവും പോഷണവും തിരിച്ചുനൽക്കുകയും ചെയ്യുന്നു. ഈ ചക്രത്തിന്റെ അനുസ്യൂതമായ ചലനംകൊണ്ടാണ്. ഇവിടെ എന്റെയും, നിങ്ങളുടേയുമടക്കമുള്ള ജീവൻ നിലനിൽക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ നാം ശ്വസിക്കുന്ന ഓരോ ഓക്സിജൻ തന്മാത്രയ്ക്കും നാം പശുവടക്കമുള്ള ഏതെങ്കിലും മൃഗത്തോട് കടപ്പെട്ടിരിക്കുന്നു എന്നർത്ഥം. ഇനി പറയാനാകുമോ, പശുവും ഓക്സിജനും തമ്മിൽ യാതൊരു ബന്ധവുമില്ലായെന്നു?തുടക്കത്തിൽ സൂചിപ്പിച്ച മാന്യ വ്യക്തിയുടെ പരാമർശം പ്രഥമദൃഷ്ട്യാ വിഡ്ഢിത്തരമെങ്കിലും, അതിലൊരു സത്യമൊളിഞ്ഞിരുപ്പുണ്ടെന്നു പറയാനാണ് ഇതെഴുതിയത്.

കാളകളുടെയും, പോത്തുകളുടെയും അദ്ധ്വാനവും, പശുക്കളുടെ പാലും, ഇവരുടെയെല്ലാം ചാണകവുമല്ലേ പ്രിയ സുഹൃത്തുക്കളെ ലോകത്തെവിടെയുമുള്ള മനുഷ്യരെ ഇവിടംവരെയെത്തിച്ചത്? ശാസ്ത്രമൊക്കെ അതിനെത്രയോ വർഷങ്ങൾക്കുശേഷമാണ് നമ്മുടെ സഹായത്തിനു(????) എത്തിയത്? മേൽപ്പറഞ്ഞ കാര്യങ്ങളില്ലായിരുന്നെകിൽ ഈ ലോകത്തു മനുഷ്യജീവിവർഗ്ഗത്തിനു ‘കൃഷിയെന്ന’ അദ്‌ഭുതകരമായ കാര്യം സാധ്യമാകുമായിരുന്നോ? അവരുടെ സഹായത്താൽ തിന്നും,കുടിച്ചും വിശ്രമിച്ചും ജീവിക്കാൻ സാധ്യമായതിനു ശേഷമല്ലേ കുത്തിയിരുന്നു ചിന്തിക്കാനും,അതുകൊണ്ടുമാത്രം നമ്മുടെയൊക്കെ ബുദ്ധിവികസിക്കാനും (വ്യായാമമാണ് ഒരവയവത്തെ വളർത്തുന്നത് എന്ന തത്വമനുസരിച്ചു.exercise makes an organ) നമ്മിൽ ദൈവങ്ങളെയുണ്ടാക്കാനും, ശാസ്ത്രബോധം വളർത്താനുമൊക്കെയുള്ളത്ര ന്യൂറോണുകളെ സൃഷ്ട്ടിക്കാനിടയായത്?

നമ്മുടെ നിലനിൽപ്പിനാധാരമായിട്ടുള്ള എല്ലാറ്റിനെയും ബഹുമാനത്തോടെയും, ആരാധനയോടെയും, നന്ദിയോടെയും നോക്കികാണാനുള്ള, സംസ്ക്കാരവും,കൃതജ്ഞതയുമുണ്ടായിരുന്ന ഒരു മനുഷ്യസമൂഹമാണ് അവയെയൊക്കെ ദൈവമായോ, മാതാവായോ, പിതാവായോ ഒക്കെ കരുതാനും, അവരുടെയൊക്കെ സംരക്ഷകരാകാനും തയ്യാറായത്.കാലം മാറിയിട്ടും, ശാസ്ത്രമെത്ര പുരോഗമിച്ചിട്ടും, ഇന്നു നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ നൂറ്റാണ്ടുകൾക്കുമുന്നെയുണ്ടായിരുന്ന ജൈവകൃഷിയിലേക്ക് മടങ്ങിപ്പോകേണ്ടിവന്നത് എന്തിനാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ആ ‘മടക്കയാത്രയ്ക്ക്’ കന്നുകാലികളെത്ര ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നോ, അല്ലെങ്കിൽ അവരിൽക്കൂടി മാത്രമേ അതാകുകയുള്ളൂ എന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ജീവിച്ചിരിക്കുന്ന ഓരോ ദിവസത്തിലും നമുക്കുപകാരം മാത്രമുള്ള കന്നുകാലികളിവിടെ ജീവിച്ചോട്ടെ, കാരണം അവരിടുന്ന ഓരോ ‘ചാണകകുന്തി’കളിലുമാണ് ഇനി നമ്മുടെയൊക്കെ ആരോഗ്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. കൊല്ലരുതെന്നോ, തിന്നരുതെന്നോ അല്ല ഞാൻ ആവശ്യപ്പെടുന്നത് മറിച് കൊന്നേപറ്റൂ, തിന്നേ അടങ്ങൂ എന്നൊക്കെയുള്ള ഭ്രാന്തിനെ ബുദ്ധിനശിച്ച, അമ്മയോട് യുദ്ധംചെയ്യുന്ന മക്കളുടെ വങ്കത്തമായേ കാണാനാവൂ.

മഹത്തായ ഭാരതീയ തത്വശാസ്ത്രങ്ങളെല്ലാം ‘ഡീപ് ഇക്കോളജിയിൽ’ നിന്നാണുരുത്തിരിഞ്ഞു വന്നത്. നിലനില്പിനുള്ള ഉപായങ്ങളെയാണവർ ഭക്തിയിൽ പൊതിഞ്ഞു സൂക്ഷിച്ചത് കാരണം അല്ലെങ്കിലതിനെയാരും ബഹുമാനിക്കില്ലായിരുന്നു. ‘കാവുതീണ്ടിയാൽ കുളം വറ്റും’ എന്ന ഭീതിയിൽ സർപ്പക്കാവുകൾ സംരക്ഷിച്ചിരുന്ന തലമുറയ്ക്ക് ജലദൗർലഭ്യമെന്താണെന്നറിയില്ലായിരുന്നു. എന്നാൽ കാവുവെട്ടി റബ്ബർനട്ട തലമുറയ്ക്കിന്നില്ലാത്തതു് ജലമാണുതാനും.

ഒരുകൂട്ടർക്കു മരംവെട്ടിയോ, സിമന്റിലോ, ഇരുമ്പിലോ ഒക്കെയുണ്ടാക്കിയ കുരിശിനെയും, അതുപോലുള്ള മറ്റു മത ചിഹ്നങ്ങളെയും ബഹുമാനിക്കുകയും, സംരക്ഷിക്കുകയും വേണമെങ്കിൽ, മറ്റൊരുകൂട്ടർക്ക് ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിലും മനുഷ്യോപകാരപ്രദമായ പശുവിനെ ബഹുമാനിക്കണമെന്നും, സംരക്ഷിക്കണമെന്നും തോന്നുന്നതിലെന്താണ് തെറ്റ്?

പരസ്പ്പര ബഹുമാനമല്ലേ നമ്മെ നിലനിർത്തുകയുള്ളൂ? അല്ലാതെ ചേരിതിരിഞ്ഞുള്ള യുദ്ധങ്ങളല്ലല്ലോ? വര്ഷങ്ങളോളം പരിസ്ഥിതിശാസ്ത്രം കുട്ടികളെ പഠിപ്പിക്കുകയും, web of life ചിന്താഗതി ഒരു വേദവാക്യത്തിന്റെ പ്രാധാന്യത്തോടെ പറഞ്ഞുകൊടുക്കുകയും, ആചരിക്കുകയും ചെയ്ത ഒരധ്യാപകനെന്ന നിലയ്ക്ക് ഇങ്ങനെയൊരു കാര്യം തുറന്നെഴുതാതിരിക്കാനാവില്ല. ക്ഷമിക്കുക.

( കുറവിലങ്ങാട് ദേവമാതാ കോളേജിലെ മുൻ എ‌ൻവയോൺമെന്റൽ കെമിസ്ട്രി പ്രൊഫസറാണ് ലേഖകൻ )


ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും  ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close