NewsSpecial

ജൂൺ 25ലെ മൻ കി ബാത്തിന്റെ പൂർണ്ണരൂപം

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. കാലാവസ്ഥ മാറുകയാണ്. ഇപ്രാവശ്യം വേനല്‍ കുറച്ചധികമായിരുന്നു. എങ്കിലും കാലവര്‍ഷം പതിവുപോലെ സമയത്തുതന്നെ മുന്നേറുകയാണെന്നത് സന്തോഷമേകുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും നന്നായി പെയ്യുന്ന മഴ കാരണം കാലാവസ്ഥ സുഖമുള്ളതായിരിക്കുന്നു. മഴയ്ക്കുശേഷമുള്ള തണുത്ത കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ചൂടില്‍ നിന്ന് ആശ്വാസമേകിയിരിക്കുന്നു. ജീവിതത്തില്‍ എന്തെല്ലാം തിരക്കുകളുണ്ടായാലും, സ്വന്തം ജീവിതത്തിലോ പൊതുജീവിതത്തിലോ എത്രതന്നെ പിരിമുറുക്കത്തിലാണെങ്കിലും മഴക്കാലമെത്തുന്നത് നമ്മുടെ മാനസികാവസ്ഥയെ മാറ്റിമറിക്കുന്നു.

ഇന്ന് ഭഗവാന്‍ ജഗന്നാഥന്റെ രഥയാത്ര രാജ്യത്തിന്റെ പല ഭാഗങ്ങളിലും വളരെ ആദരവോടും സന്തോഷത്തോടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭഗവാന്‍ ജഗന്നാഥന്റെ രഥോത്സവം ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭഗവാന്‍ ജഗന്നാഥനുമായി രാജ്യത്തെ ദരിദ്രര്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഡോ.ബാബാ സാഹേബ് അംബേദ്കറെക്കുറിച്ചു പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാമായിരിക്കും, അദ്ദേഹം ഭഗവാന്‍ ജഗന്നാഥന്റെ ക്ഷേത്രത്തെയും അവിടത്തെ പാരമ്പര്യങ്ങളെയും വളരെ പ്രശംസിച്ചിരുന്നു, കാരണം അവ സാമൂഹിക നീതിയും സാമൂഹിക സമത്വവും ഉള്‍ക്കൊള്ളുന്നതാണ്.

ഭഗവാന്‍ ജഗന്നാഥന്‍ ദരിദ്രരുടെ ദേവനാണ്. ഇംഗ്ലീഷില്‍ ജഗര്‍നട്ട് എന്നൊരു വാക്കുള്ളത് വളരെ കുറച്ചു പേര്‍ക്കെങ്കിലും അറിയാമായിരിക്കൂം. അതിന്റെ അര്‍ഥം ആര്‍ക്കും തടയാനാവാത്ത രഥമെന്നാണ്. ഈ ജഗര്‍നട്ടിന്റെ നിഘണ്ടുവിലെ അര്‍ഥം നോക്കിയാല്‍ ഈ വാക്ക് ഉരുത്തിരിഞ്ഞിരിക്കുന്നത് ഭഗവാന്‍ ജഗന്നാഥന്റെ രഥത്തില്‍ നിന്നാണെന്നു കാണാം. ലോകംതന്നെ ജഗന്നാഥന്റെ ഈ രഥയാത്രയ്ക്ക് തങ്ങളുടേതായ രീതിയില്‍ എങ്ങനെയാണ് മാഹാത്മ്യം കൽപ്പിച്ചിരിക്കുന്നതെന്ന് നമുക്കിതില്‍ നിന്ന് മനസ്സിലാക്കാം. ഭഗവാന്‍ ജഗന്നാഥന്റെ രഥയാത്രയുടെ ഈ അവസരത്തില്‍ ഞാന്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകളേകുന്നു, ഭഗവന്‍ ജഗന്നാഥന്റെ ശ്രീചരണങ്ങളെ നമിക്കുകയും ചെയ്യുന്നു.

ഭാരതത്തിന്റെ വൈവിധ്യം അതിന്റെ വൈശിഷ്ട്യവും, ശക്തിയുമാണ്. റംസാന്റെ പുണ്യമാസം എല്ലാവരും ആരാധനയോടും പവിത്രമായും ആഘോഷിച്ചു. ഇപ്പോള്‍ ഈദ് എത്തിയിരിക്കുന്നു. ഈദ് – ഉല്‍-ഫിത്തറിന്റെ ഈ അവസരത്തില്‍ എല്ലാവര്‍ക്കും അനേകം ഈദ് ആശംസകള്‍ നേരുന്നു. റംസാന്‍ മാസം പുണ്യമായ ദാനത്തിന്റെ മാസമാണ്, സന്തോഷം പങ്കുവയ്ക്കപ്പെടുന്ന മാസമാണ്. പങ്കുവയ്ക്കപ്പെടുന്നതനുസരിച്ച് സന്തോഷം വര്‍ധിക്കയും ചെയ്യുന്നു. വരൂ, നമുക്കേവര്‍ക്കും ചേര്‍ന്ന് ഈ പവിത്രമായ ഉത്സവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് സന്തോഷം പങ്കുവയ്ക്കാം, രാജ്യത്തെ മുന്നോട്ടു നയിക്കാം.

റംസാന്റെ ഈ പുണ്യമാസത്തില്‍ ഉത്തര്‍പ്രദേശിലെ ബിജനൗറിലെ മുബാറക്പുര്‍ ഗ്രാമത്തിലുണ്ടായ പ്രേരണാദായകമായ ഒരു സംഭവം എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഏകദേശം 3500ഓളം വരുന്ന നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ ആ ചെറിയ ഗ്രാമത്തില്‍ താമസിക്കുന്നു. ഒരു തരത്തില്‍ മുസ്ലീം കുടുംബത്തിലെ സഹോദരീ സഹോദരന്മാരാണ് അവിടെത്തെ ജനസംഖ്യയില്‍ അധികവും. ഈ റംസാന്‍ സമയത്ത് ആ ഗ്രാമവാസികള്‍ ഒരുമിച്ചു ചേര്‍ന്ന് ശൗചാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ ശൗചാലയം നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റിന്റെ പക്കല്‍ നിന്നും ധനസഹായം കിട്ടുന്നുണ്ട്. ഏകദേശം 17 ലക്ഷത്തോളം രൂപ സഹായമായി അവര്‍ക്കു നല്കി. നിങ്ങള്‍ക്കിതറിയുമ്പോള്‍ ആശ്ചര്യവും സന്തോഷവും തോന്നും- ഈ റംസാന്റെ പുണ്യമാസത്തില്‍ അവിടത്തെ എല്ലാ മുസ്ലീം സഹോദരീ സഹോദരന്മാരും ചേര്‍ന്ന് ഗവണ്‍മെന്റിന് ഈ 17 ലക്ഷം രൂപാ മടക്കി നല്കി.

ഞങ്ങളുടെ ശൗചാലയം ഞങ്ങളുടെ അധ്വാനം കൊണ്ട്, ഞങ്ങളുടെ പണം കൊണ്ട് നിര്‍മ്മിക്കും എന്നു പറഞ്ഞു. ഈ 17 ലക്ഷം രൂപ ഗ്രാമത്തിന്റെ മറ്റാവശ്യങ്ങള്‍ക്കായി ചിലവാക്കൂ. റംസാന്റെ ഈ പവിത്രമായ അവസരത്തെ സമൂഹത്തിന്റെ നന്മയ്ക്കുള്ള അവസരമാക്കി മാറ്റിയതിന് ഞാന്‍ മുബാറക്പുരിലെ എല്ലാ ഗ്രാമവാസികളെയും അഭിനന്ദിക്കുന്നു. അവരുടെ ഓരോ പ്രവൃത്തിയും വളരെ പ്രേരണയേകുന്നതാണ്. ഏറ്റവും മഹത്തായ കാര്യം അവര്‍ മുബാരക്പുരിനെ വെളിയിട വിസര്‍ജ്ജന മുക്തമാക്കി എന്നതാണ്.

നമ്മുടെ രാജ്യത്തെ സിക്കിം, ഹിമാചല്‍ പ്രദേശ്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങള്‍ മുമ്പുതന്നെ വെളിയിടവിസര്‍ജ്ജന മുക്ത സംസ്ഥാനങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ ആഴ്ചയില്‍ ഉത്തരാഖണ്ഡും ഹരിയാനയും കൂടി ഇങ്ങനെ പ്രഖ്യാപിക്കപ്പെട്ടു. ഈ അഞ്ചു സംസ്ഥാനങ്ങളുടെയും ഭരണകൂടത്തോടും അധികാരികളോടും സാധാരണജനങ്ങളോടും ഞാന്‍ കൃതജ്ഞത വ്യക്തമാക്കുന്നു.

വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും എന്തെങ്കിലും നല്ലതു ചെയ്യണമെങ്കില്‍ വളരെയധികം അധ്വാനിക്കേണ്ടതുണ്ടെന്ന് നമുക്കു നന്നായി അറിയാം. നമ്മുടെ കൈയ്യക്ഷരം മോശമാണെങ്കില്‍, അത് നന്നാക്കണമെങ്കില്‍, വളരെക്കാലം വളരെ ശ്രദ്ധയോടെ ശ്രമിക്കേണ്ടി വരും. അപ്പോഴേ ശരീരത്തിന്റെയും മനസ്സിന്റെയും ശീലം മാറുകയുള്ളൂ. സ്വച്ഛതയുടെ കാര്യവും അങ്ങനെതന്നെയാണ്. ചില മോശപ്പെട്ട ശീലങ്ങള്‍ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായിരിക്കുന്നു. നമ്മുടെ ശീലങ്ങളുടെ ഭാഗമായിരിക്കുന്നു.

ഇതില്‍ നിന്നു മോചനം നേടാന്‍ നമുക്ക് നിരന്തരം പരിശ്രമിക്കേണ്ടിവരും. എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കേണ്ടി വരും. പ്രചോദനമേകുന്ന നല്ല സംഭവങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കണം. ഇന്ന് സ്വച്ഛത ഒരു ഗവണ്‍മെന്റ് പരിപാടി അല്ലാതായിരിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഇപ്പോഴിത് ജനസമൂഹത്തിന്റെ, സാധാരണ ജനങ്ങളുടെ ഒരു മുന്നേറ്റമായി മാറിക്കൊണ്ടിരിക്കുന്നു. ഭരണത്തിലിരിക്കുന്ന ആളുകളും ജനങ്ങളുടെ പങ്കാളിത്തത്തോടെ ഈ കാര്യം മുന്നോട്ടു നീക്കുമ്പോള്‍ എത്രയാണ് ശക്തി വര്‍ധിക്കുന്നത്!.

കഴിഞ്ഞ ദിവസം വളരെ നല്ല ഒരു സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടു. അതു ഞാന്‍ നിങ്ങളോടു പറയാനാഗ്രഹിക്കുന്നു. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ സംഭവമാണ്. അവിടത്തെ ഭരണകൂടം പൊതുജന സഹകരണത്തോടെ ഒരു വലിയ സംരംഭം ആരംഭിച്ചു. മാര്‍ച്ച് 10 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 14 രാവിലെ 10 മണി വരെ നൂറു മണിക്കൂര്‍ നീളുന്ന സംരംഭം. എന്തായിരുന്നു ലക്ഷ്യം? നൂറു മണിക്കൂര്‍ കൊണ്ട് 71 ഗ്രാമ പഞ്ചായത്തുകളിലായി പതിനായിരം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക.

സാധാരണ ജനങ്ങളും ഭരണകൂടവും ചേര്‍ന്ന് 100 മണിക്കൂറിനുള്ളില്‍ പതിനായിരം ശൗചാലയമുണ്ടാക്കുന്ന ജോലി വിജയകരമായി പൂര്‍ത്തീകരിച്ചു എന്നറിയുമ്പോള്‍ എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കെല്ലാം സന്തോഷം തോന്നും. 71 ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന മുക്തമായി. ഭരണത്തിലിരിക്കുന്നവരെയും, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും വിജയനഗര്‍ ജില്ലയിലെ ആ ഗ്രാമത്തിലെ പൗരന്മാരെയും ഞാന്‍ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. അധ്വാനത്തിന്റെ പാരമ്യത്തിലൂടെ അവര്‍ പ്രചോദനമേകുന്ന ഒരു വലിയ ഉദാഹരണമാണ് മുന്നോട്ടു വച്ചത്.

ഈയിടയായി മന്‍ കീ ബാത്തിലേക്ക് ജനങ്ങളില്‍ നിന്ന് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ട്. നരേന്ദ്രമോദി ആപ്പിലും മൈ ഗവ്.ഇന്‍ ലും, കത്തുകളിലൂടെയും, ആകാശവാണി വഴിയായും…

ശ്രീമാന്‍ പ്രകാശ് ത്രിപാഠി അടിയന്തരാവസ്ഥയുടെ കാലം ഓര്‍മ്മിച്ചുകൊണ്ട് എഴുതി. ജൂണ്‍ 25 എന്ന തീയതിയെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അവതരിപ്പിച്ചു. ജനാധിപത്യത്തോട് പ്രകാശ് ത്രിപാഠിക്കുള്ള ഈ ജാഗ്രത പ്രശംസനീയമാണ്. ജനാധിപത്യം ഒരു വ്യവസ്ഥ മാത്രമല്ല, അതൊരു സംസ്‌കാരം കൂടിയാണ്.

എറ്റേണല്‍ വിജിലന്‍സ് ഇസ് ദ പ്രൈസ് ഓഫ് ലിബര്‍ട്ടി – നിരന്തരമായ ജാഗരൂകതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ജനാധിപത്യത്തിന്റെ കാര്യത്തില്‍ നിരന്തരമായ ജാഗരൂകത ആവശ്യമാണ്, അതുകൊണ്ട് ജനാധിപത്യത്തിന് ആഘാതമേല്ക്കുന്ന കാര്യങ്ങളും ഓര്‍മ്മയില്‍ വയ്‌ക്കേണ്ടതുണ്ട്… എന്നിട്ട് ജനാധിപത്യത്തിന്റെ നല്ല കാര്യങ്ങളുടെ ദിശയിലേക്ക് മുന്നേറുകയും വേണം. 1975 ജൂണ്‍ 25, ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവാത്ത കാളരാത്രിയായിരുന്നു അത്. ഒരു തരത്തില്‍ ഭരണകൂടം രാജ്യത്തെ കാരാഗൃഹമാക്കി മാറ്റുകയായിരുന്നു.

എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തി. ജയപ്രകാശ് നാരായണനടക്കം രാജ്യത്തെ ബഹുമാന്യരായ നേതാക്കളെ ജയിലുകളിലടച്ചു. നീതിന്യായ വ്യവസ്ഥയ്ക്കും അടിയന്തരാവസ്ഥയുടെ ആ ഭയാനകമായ നിഴലില്‍ നിന്ന് രക്ഷപെടാനായില്ല. പത്രമാദ്ധ്യമങ്ങളെ തീര്‍ത്തും നിഷ്പ്രയോജനങ്ങളാക്കി. ഇന്നത്തെ പത്രപ്രവര്‍ത്തന മേഖലയിലെ വിദ്യാര്‍ഥികളും ജനാധിപത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും ആ കറുത്ത കാലഘട്ടത്തെ വീണ്ടും വീണ്ടും ഓര്‍മ്മിച്ച് ജനാധിപത്യത്തോടുള്ള ജനങ്ങളുടെ ജാഗരൂകത വര്‍ധിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു, ആ ശ്രമം വേണം താനും. അന്ന് അടല്‍ ബിഹാരി വാജ്‌പേയിജിയും ജയിലിലായിരുന്നു. അടിയന്താരവസ്ഥ പ്രഖ്യാപിച്ച് ഒരു വര്‍ഷമായപ്പോള്‍ അടല്‍ജി ഒരു കവിത എഴുതിയിരുന്നു. അദ്ദേഹം അക്കാലത്തെ മനഃസ്ഥിതിയാണ് ആ കവിതയില്‍ വര്‍ണ്ണിച്ചത്.

 

ജനാധിപത്യത്തെ സ്‌നേഹിച്ചവര്‍ വലിയ പോരാട്ടം നടത്തി. ഭാരതം പോലുള്ള രാജ്യം, ഇത്രയും വിശാലമായ രാജ്യം.. അവിടെ അവസരം കിട്ടിയപ്പോള്‍ ഓരോ പൗരന്റെയം സിരകളില്‍ ജനാധിപത്യം എങ്ങനെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു, എന്നത് തെരഞ്ഞെടുപ്പിലൂടെ കാട്ടിക്കൊടുത്തു. ഓരോ ആളിന്റെയും ഓരോ സിരകളിലും വ്യാപിച്ചിരിക്കുന്ന ജനാധിപത്യവികാരം നമ്മുടെ അനഘമായ പൈതൃകസ്വത്താണ്. ഈ പൈതൃകസ്വത്തിനെ നമുക്ക് കൂടുതല്‍ സുശക്തമാക്കണം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എല്ലാ ഹിന്ദുസ്ഥാനിയും ഇന്ന് ലോകമെങ്ങും ശിരസ്സുയര്‍ത്തിപ്പിടിച്ച് അഭിമാനിക്കുകയാണ്. 2017 ജൂണ്‍ 21 ലോകമാകെ യോഗമയമായി. സമുദ്രം മുതല്‍ പര്‍വ്വതത്തോളം ജനങ്ങള്‍ അതിരാവിലെ സൂര്യകിരണങ്ങളെ സ്വാഗതം ചെയ്തത് യോഗ ചെയ്തുകൊണ്ടാണ്. ഇതില്‍ അഭിമാനം തോന്നാത്ത ഏതു ഹിന്ദുസ്ഥാനിയാണുണ്ടാവുക. യോഗ മുമ്പില്ലായിരുന്നു എന്നല്ല. എന്നാലിന്ന് യോഗയുടെ ചരടിനാല്‍ കോര്‍ത്തിണക്കപ്പെട്ടപ്പോള്‍ യോഗ ലോകത്തെ ഇണക്കിച്ചേര്‍ക്കാനുള്ള കണ്ണിയായി. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളും യോഗാദിനത്തെ ഒരു അവസരമാക്കി.

ചൈനയില്‍ വന്‍മതിലിന്റെ മുകളില്‍ ആളുകള്‍ യോഗ ചെയ്തു. പെറുവില്‍ ലോക പൈതൃക ഇടമായ മാച്ചു പിച്ചുവില്‍ സമുദ്രനിരപ്പില്‍നിന്ന് 2400 മീറ്റര്‍ ഉയരത്തില്‍ ആളുകള്‍ യോഗ ചെയ്തു. ഫ്രാന്‍സില്‍ ഈഫല്‍ ടവറിന്റെ നിഴലില്‍ ആളുകള്‍ യോഗ ചെയ്തു. യുഎഇയിലെ അബുദാബിയില്‍ നാലായിരത്തിലധികം ആളുകള്‍ ഒരുമിച്ച് യോഗ ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഇന്ത്യാ അഫ്ഗാന്‍ സൗഹൃദ അണക്കെട്ടായ സല്‍മാ അണക്കെട്ടില്‍ യോഗ ചെയ്ത് ഭാരതവുമായുള്ള സൗഹൃദത്തിന് ഒരു പുതിയ തലം പ്രദാനം ചെയ്തു.

സിംഗപ്പൂര്‍ പോലെയുള്ള ചെറിയ രാജ്യത്ത് 70 സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നു, ഒരാഴ്ച നീളുന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് 10 സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഐക്യരാഷ്ട്രസഭാ മുഖ്യാലയത്തില്‍ യോഗാ സെഷന്‍ വിത്ത് യോഗ മാസ്‌റ്റേഴ്‌സ് എന്ന പരിപാടി നടത്തി. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥര്‍, ലോകമെങ്ങുമുള്ള നയതന്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കെടുത്തു.

ഇപ്രാവശ്യം യോഗ ഒരിക്കല്‍ കൂടി ലോക റെക്കാഡ് സൃഷ്ടിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഏകദേശം അമ്പത്തയ്യായിരം ആളുകള്‍ ഒരുമിച്ച് യോഗ ചെയ്തുകൊണ്ട് പുതിയ ലോക റെക്കാഡുണ്ടാക്കി. ലഖ്‌നൗവില്‍ എനിക്കും യോഗ പരിപാടിയില്‍ പങ്കെടുക്കാനവസരമുണ്ടായി. ആദ്യമായാണ് എനിക്ക് മഴയത്ത് യോഗ ചെയ്യാനുള്ള സൗഭാഗ്യാവസരം കിട്ടിയത്. നമ്മുടെ സൈനികര്‍ മൈനസ് 20, 25, 40 ഡിഗ്രി തണുപ്പുള്ള സിയാച്ചിനിലും യോഗ ചെയ്തു. നമ്മുടെ സായുധസൈന്യം ബിഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, സിഐഎസ്എഫ് തുടങ്ങി എല്ലാവരും തങ്ങളുടെ ഡ്യൂട്ടിക്കൊപ്പം യോഗയെയും ജോലിയുടെ ഭാഗമാക്കിയിരിക്കുന്നു.

ഈ യോഗനാളില്‍ ഞാന്‍ പറയുകയുണ്ടായി മൂന്നു തലമുറ, കാരണം ഇത് മൂന്നാമത്തെ അന്താരാഷ്ട്ര യോഗ ദിനമാണല്ലോ… ഞാന്‍ പറഞ്ഞത് കുടുംബത്തിലെ മൂന്നു തലമുറ ഒരുമിച്ച് യോഗ ചെയ്ത് അതിന്റെ ഫോട്ടോ ഷെയര്‍ ചെയ്യണമെന്നായിരുന്നു. ചില ടിവി ചാനലുകളും ഇതിന് പ്രചാരം കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ധാരാളം ഫോട്ടോകള്‍ ലഭിച്ചു, അതില്‍ നിന്നു തിരഞ്ഞെടുത്ത ചില ഫോട്ടോകള്‍ നരേന്ദ്രമോദി ആപ് ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലോകമെങ്ങും യോഗയെക്കുറിച്ചു ചര്‍ച്ച നടക്കുന്നതുപോലെ അതില്‍ നിന്ന് മറ്റൊരു നല്ല കാര്യം കൂടി രൂപപ്പെടുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് ജാഗരൂകരായ ഇന്നത്തെ സമൂഹം ശാരീരികസ്വാസ്ഥ്യത്തില്‍ നിന്ന് ശാരീരികസൗഖ്യത്തിലേക്കു പോകാനുള്ള ദിശയിലാണ് നീങ്ങുന്നത്. അവര്‍ കരുതുന്നത് ശാരീരികസ്വാസ്ഥ്യം നല്ലതുതന്നെ, പക്ഷേ സൗഖ്യാവസ്ഥയ്ക്ക് യോഗ ഉത്തമമായ മാര്‍ഗ്ഗമാണെന്നാണ്.

ഡോക്ടര്‍ അനില്‍ സോനാരാ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നു സംസാരിക്കുന്നത് കേള്‍ക്കുക… “ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അടുത്ത കാലത്ത് അങ്ങ് കേരളത്തില്‍ വച്ചു പറഞ്ഞതായി കേട്ടു, വിവിധയിടങ്ങളില്‍ ബൊക്കെ ഉപഹാരമായി നല്കുന്നതിനു പകരം നല്ല പുസ്തകങ്ങള്‍ ഓര്‍മ്മയ്ക്കുള്ള ഉപഹാരമായി നല്കണമെന്ന്. ഇത് ഗുജറാത്തില്‍ താങ്കളുടെ ഭരണകാലത്ത് ആരംഭിക്കുകയുണ്ടായി… എന്നാല്‍ അടുത്ത കാലത്ത് ബൊക്കെ ഉപയോഗിക്കുന്നത് കൂടുതലായി കാണാനാകുന്നു. എന്തെങ്കിലും ചെയ്യാനാവില്ലേ? രാജ്യത്തെങ്ങും ബൊക്കെയ്ക്കു പകരം പുസ്തകമെന്നത് നടപ്പിലാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലേ?”

കഴിഞ്ഞ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പരിപാടിക്ക് പോകാന്‍ അവസരമുണ്ടായി. കേരളത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടി വര്‍ഷങ്ങളായുള്ളതാണ്. ആളുകള്‍ക്ക് പുസ്തകം വായിക്കുന്ന ശീലമുണ്ടാകാന്‍, അക്കാര്യത്തില്‍ ഒരു ഉണര്‍വ്വുണ്ടാകാന്‍ വായനദിനം, വായനമാസം എന്നിവ ആഘോഷിക്കുന്നു. അതിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനത്തിന് പോകാനുള്ള അവസരമുണ്ടായി. അവര്‍ പറഞ്ഞത് അവര്‍ ബൊക്കെയ്ക്കു പകരം പുസ്തകം കൊടുക്കുന്നു എന്നാണ്. എനിക്ക് നന്നായി എന്നു തോന്നി. എന്റെ മനസ്സില്‍ നിന്ന് മറന്നുപോയിരുന്ന ഇക്കാര്യം ഓര്‍മ്മ വന്നു. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ ബൊക്കെയ്ക്കു പകരം പുസ്തകം, അതല്ലെങ്കില്‍ കൈലേസ് കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചിരുന്നതാണ്. ഖാദിക്കു പ്രോത്സാഹനം കിട്ടാന്‍ അത് ഖാദിയുടെ കൈലേസാകട്ടെ എന്നും പറഞ്ഞിരുന്നു.

ഞാന്‍ ഗുജറാത്തിലായിരുന്നിടത്തോളം ഈ പരിപാടി തുടര്‍ന്നുപോന്നു. എന്നാല്‍ അവിടെ നിന്നു പോന്നശേഷം ആ ശീലം വിട്ടുപോയി. പക്ഷേ കേരളത്തിലെ ഈ പരിപാടിയില്‍ വച്ച് ഇക്കാര്യത്തില്‍ വീണ്ടും എനിക്കുണര്‍വ്വുണ്ടായി. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു അറിയിപ്പ് താഴേക്കു കൊടുക്കാന്‍ തുടങ്ങിയിരിക്കയാണ്. നമുക്കിത് സാവധാനം ഒരു സ്വഭാവമാക്കി മാറ്റാം. ബൊക്കെയുടെ ആയുസ്സും വളരെ കുറവാണ്. കൈയ്യില്‍ വാങ്ങിയ ശേഷം ഉപേക്ഷിക്കുകയാണു ചെയ്യുക. എന്നാല്‍ പുസ്തകം നല്‍്കിയാല്‍ അത് ഒരു തരത്തില്‍ വീടിന്റെ ഭാഗമായി മാറുന്നു,. കുടുംബത്തിന്റെ ഭാഗമായി മാറുന്നു. ഖാദിയുടെ കൈലേസ് കൊടുത്തു സ്വാഗതം ചെയ്താലും എത്രയോ ദരിദ്രകുടുംബങ്ങള്‍ക്കാണ് അതുകൊണ്ട് പ്രയോജനമുണ്ടാകുന്നത്. ചെലവും കുറവായിരിക്കും, ശരിയായ രീതിയില്‍ അതുകൊണ്ട് ഉപയോഗവുമുണ്ടാകും.

ഞാനിതു പറയുമ്പോള്‍ ഇതിന് ചരിത്രപരമായ എത്ര പ്രാധാന്യമുണ്ടെന്നോര്‍ക്കണം. ഞാന്‍ കഴിഞ്ഞ വര്‍ഷം യുകെയില്‍ പോയപ്പോള്‍ ലണ്ടനില്‍ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി എന്നെ ഭക്ഷണത്തിനു ക്ഷണിച്ചു. മാതൃസഹജമായ സ്‌നേഹത്തിന്റെ അന്തരീക്ഷമായിരുന്നു. വളരെ മമതയോടെ എന്നെ ഭക്ഷണം കഴിപ്പിച്ചു, എന്നാല്‍ പിന്നീട് അവര്‍ എനിക്ക് വളരെ ആദരവോടെ വൈകാരികമായ അന്തരീക്ഷത്തില്‍ ചെറിയ, ഖാദിനൂല്‍കൊണ്ടു നെയ്‌തെടുത്ത കൈലേസ് കാട്ടിത്തന്നു… തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞത് അവരുടെ വിവാഹവേളയില്‍ വിവാഹാശംസകളോടെ ഗാന്ധിജി അയച്ചു കൊടുത്തതാണെന്നാണ്. എത്രയോ വര്‍ഷങ്ങളായിരിക്കുന്നു, എന്നാല്‍ എലിസബത്ത് രാജ്ഞി, മഹാത്മാഗാന്ധി നല്‍കിയ കൈലേസ് സൂക്ഷിച്ചു വച്ചിരിക്കുന്നു. അതിലുള്ള തികഞ്ഞ സന്തോഷത്തോടെ എന്നെ അതു കാണിക്കുകയായിരുന്നു.

ഞാനതു നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഞാനതില്‍ തൊട്ടു നോക്കണമെന്നായിരുന്നു ആഗ്രഹം. മഹാത്മാഗാന്ധിയുടെ ഒരു ചെറിയ ഉപഹാരം അവരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു, അവരുടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. ….. ഇത്തരം ശീലങ്ങള്‍ ഒരു രാത്രികൊണ്ട് മാറില്ലെന്നെനിക്കറിയാം. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ വിമര്‍ശനത്തിനും ഇടയാകും. എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയേണ്ടണ്ടതുണ്ട്, ശ്രമം തുടരേണ്ടതുണ്ട്. എന്നു കരുതി എവിടെയെങ്കിലും ചെല്ലുമ്പോള്‍ ബൊക്കെ തന്നാല്‍ സ്വീകരിക്കില്ല എന്നെനിക്കു പറയാനാവില്ല.. അതു ചെയ്യാന്‍ പറ്റില്ല. എങ്കിലും വിമര്‍ശനങ്ങളുയരും..പക്ഷേ, കാര്യം പറയും… സാവധാനം മാറ്റമുണ്ടാകും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, പ്രധാനമന്ത്രിയെന്ന നിലിയല്‍ പല തരത്തിലുള്ള ജോലികളുണ്ട്. ഫയലുകളില്‍ മുങ്ങിപ്പോകുന്നു. എങ്കിലും എനിക്കു വരുന്ന കത്തുകളില്‍ ചില കത്തുകള്‍ ദിവസേന വായിക്കുന്ന ശീലം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ട് എനിക്കു സാധാരണ മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകുന്നു. പല തരത്തിലുള്ള കത്തുകള്‍ കിട്ടുന്നുണ്ട്, പല തരത്തിലുള്ള ആളുകള്‍ കത്തയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു കത്ത് വായിക്കാനിടയായി, അതെക്കുറിച്ച് തീര്‍ച്ചയായും നിങ്ങളോടു പറയണമെന്നു തോന്നുന്നു.

തെക്കേയറ്റത്ത് തമിഴ് നാട്ടില്‍, മധുരയില്‍ നിന്നുള്ള ഒരു കുടുംബിനി അരുള്‍മോഴി ശരവണന്‍ എനിക്കൊരു കത്തയച്ചു. എന്തായിരുന്നു ആ കത്തിലെന്നറിയണ്ടേ… “കുട്ടികളുടെ പഠനം കണക്കിലെടുത്ത് കുറച്ചെന്തെങ്കിലും സാമ്പത്തിക കാര്യത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചാലോചിച്ചു.. കുടുംബത്തിന് അല്‍പം സാമ്പത്തിക സഹായമാകുമല്ലോ എന്നു കരുതി. അതിനായി ഞാന്‍ മുദ്രാ പദ്ധതി പ്രകാരം ബാങ്കില്‍ നിന്ന് വായ്പ എടുത്തു… ചന്തയില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്ന ജോലി ആരംഭിച്ചു. ഇത്രയുമായപ്പോള്‍ ഗവണ്‍മെന്റ്-ഇ-മാര്‍കറ്റ് പ്ലേസ് എന്ന പേരില്‍ ഒരു ഏര്‍പ്പാടു തുടങ്ങിയിട്ടുണ്ടെന്ന് എന്റെ ശ്രദ്ധയില്‍പെട്ടു.

എന്താണെന്നു തിരക്കി, ചിലരോടു ചോദിച്ചു. ഞാന്‍ അതില്‍ പേരു രജിസ്റ്റര്‍ ചെയ്തു.” ഞാന്‍ ദേശവാസികളോടു പറയാനാഗ്രഹിക്കുന്നത് നിങ്ങള്‍ക്കും അവസരം കിട്ടിയാല്‍ ഇന്റര്‍നെറ്റില്‍ ഇ-ജെമ്മില്‍ നോക്കുക. പുതിയ തരത്തിലുള്ള ഒരു വിപുലമായ പദ്ധതിയാണ്. ഗവണ്‍മെന്റിന് എന്തെങ്കിലും വിതരണം ചെയ്യാനാഗ്രഹിക്കുന്നവര്‍, ചെറിയ ചെറിയ സാധനങ്ങള്‍ വിതരണം ചെയ്യാനാഗ്രഹിക്കുന്നവര്‍- വൈദ്യുതി ബള്‍ബ്, ചവറുകുട്ട, ചൂല്‍, കസേര, മേശ തുടങ്ങിയവ എത്തിക്കാനാഗ്രഹിക്കുന്നവര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തു തരത്തിലുള്ള സാധനമാണ് കൈയിലുള്ളതെന്നാല്‍ അതെക്കുറിച്ച് അതില്‍ സൂചിപ്പിക്കാം, എന്തുവിലയ്ക്കു വില്ക്കും എന്നെഴുതാം… ഗവണ്‍മെന്റ് വകുപ്പുകള്‍ അനിവാര്യമായും ഇതില്‍ നോക്കണം… വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരത്തില്‍ ദാക്ഷിണ്യം വിചാരിക്കാതെ കുറഞ്ഞ വിലയില്‍ ആരു തരും എന്നു നോക്കണം. എന്നിട്ട് ഓര്‍ഡര്‍ അയയ്ക്കണം. അതുകൊണ്ട് ഇടനിലക്കാര്‍ ഇല്ലാതെയായി. തീര്‍ത്തും സുതാര്യത ഉണ്ടായി. ഇടനിലക്കാരില്ലാതെ സാങ്കേതിക വിദ്യയിലൂടെയാണ് എല്ലാം നടക്കുന്നത്.

അതായത് ഇ-ജെമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഗവണ്‍മെന്റ് വകുപ്പുകള്‍ നോക്കും. ഇടനിലക്കാരില്ലാത്തതുകൊണ്ട് കുറഞ്ഞ വിലയില്‍ കിട്ടും. ഇപ്പോള്‍ ഈ അരുള്‍മൊഴി അവര്‍ക്കു നല്കാനാകുന്ന സാധനങ്ങളെക്കുറിച്ച് ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അവരെനിക്കെഴുതിയിരിക്കുന്നത് വളരെ താല്‍പര്യജനകമാണെന്നാണ്. അവര്‍ പറയുന്നു, ‘എനിക്ക് മുദ്ര പദ്ധതിപ്രകാരം പണം കിട്ടി, ബിസിനസ് തുടങ്ങി, ഇ-ജെമ്മില്‍ എനിക്ക് നല്കാനാകുന്നതെന്തെന്ന് പട്ടിക ചേര്‍ത്തു.. എനിക്ക് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നുതന്നെ ഓര്‍ഡര്‍ കിട്ടി, പിഎംഒ യില്‍ നിന്ന്.’ എനിക്കും അതൊരു പുതിയ വാര്‍ത്തയായിരുന്നു. പിഎംഒയില്‍ എന്ത് വാങ്ങിയെന്ന് അവര്‍ സൂചിപ്പിച്ചു -രണ്ടു തെര്‍മോസ് വാങ്ങിയത്രേ. 1600 രൂപ ലഭിച്ചുവെന്ന്. ഇതാണ് ശാക്തീകരണം. ഇതാണ് വ്യവസായസംരംഭത്തെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം.

അരുള്‍മൊഴി എനിക്ക് കത്തെഴുതിയിരുന്നില്ലെങ്കില്‍ ഇക്കാര്യം എന്റെ ശ്രദ്ധയില്‍ വരുമായിരുന്നില്ല. ഇജെം എന്ന ഏര്‍പ്പാടിലൂടെ അങ്ങുദൂരെ ഒരു ചെറിയ ജോലി ചെയ്യുന്ന കുടുംബിനിയില്‍ നിന്നൊരു സാധനം പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് വാങ്ങാനാകുമെന്നു എനിക്കറിയില്ലായിരുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തി. ഇതില്‍ സുതാര്യതയുണ്ട്, ശാക്തീകരണമുണ്ട്, ഇതില്‍ വ്യവസായസംരംഭകത്വമുണ്ട്. ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് -ജെം. തങ്ങളിലൂടെ സാധനങ്ങള്‍ വില്ക്കാനാഗ്രഹിക്കുന്നവര്‍ ഇതുമായി അധികാധികം ബന്ധപ്പെടുക. ഇത് കുറഞ്ഞ ഗവണ്മെന്റ്, പരമാവധി ഭരണനിര്‍വ്വഹണം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണെന്നു ഞാന്‍ വിചാരിക്കുന്നു. എന്താണിതിന്റെ ലക്ഷ്യം – കുറഞ്ഞ വില, കൂടുതല്‍ സൗകര്യം, കാര്യക്ഷമതയും പിന്നെ സുതാര്യതയും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒരു വശത്ത് നാം യോഗയുടെ കാര്യത്തില്‍ അഭിമാനിക്കുന്നു, മറുവശത്ത് സ്‌പേസ് സയന്‍സില്‍ നമുക്കുള്ള കഴിവിലും നമുക്കഭിമാനിക്കാം. നമ്മുടെ കാലുകള്‍ യോഗയുമായി ബന്ധപ്പെട്ട് ഈ മണ്ണിലുറച്ചുനില്‍ക്കുന്നുവെങ്കിലും നമ്മുടെ സ്വപ്നം ദൂരെ ആകാശത്തിന്റെ ആ ചക്രവാളങ്ങളെ കടന്ന് പോകാനും കൂടിയുള്ളതാണെന്നതാണ് ഭാരതത്തിന്റെ വൈശിഷ്ട്യം. കഴിഞ്ഞ ദിവസങ്ങളില്‍ കളിക്കളത്തിലും വിജ്ഞാനമേഖലയിലും ഭാരതം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. ഇന്ന് ഭാരതം ഭൂമിയില്‍ മാത്രമല്ല, അന്തരീക്ഷത്തിലും കൊടിക്കൂറ പാറിക്കയാണ്.

രണ്ടുനാള്‍ മുമ്പ് ഐഎസ്ആര്‍ഓ – കാര്‍ട്ടോസാറ്റ് -2 സീരീസിലെ ഉപഗ്രഹത്തോടൊപ്പം 30 നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഈ ഉപഗ്രഹങ്ങളില്‍ ഭാരതത്തിന്റേതു കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 15 രാജ്യങ്ങളുടേതുമുണ്ടായിരുന്നു. ഭാരതത്തിന്റെ ഈ നാനോ ഉപഗ്രഹ മുന്നേറ്റത്തിലൂടെ കാര്‍ഷികമേഖലയിലും, കര്‍ഷകവൃത്തിയിലും, പ്രകൃതി വിഭവങ്ങളുടെ കാര്യത്തിലും വളരെയധികം സഹായം ലഭിക്കും. നമുക്കോര്‍മ്മയുണ്ടാകും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഐഎസ്ആര്‍ഓ ജിസാറ്റ് 19 വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഇതുവരെ ഭാരതം വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ഏറ്റവും ഭാരമുള്ള ഉപഗ്രഹമായിരുന്നു ഇത്. നമ്മുടെ നാട്ടിലെ പത്രങ്ങള്‍ ഇതിനെ ആനയുടെ ഭാരവുമായി താരതമ്യം ചെയ്തു… അതില്‍ നിന്നും അന്തരീക്ഷമേഖലയില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ എന്താണു ചെയ്തിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ജൂണ്‍ 19 ന് മംഗള്‍യാന്‍ മിഷന്റെ ആയിരം ദിനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. മംഗള്‍യാന്‍ മിഷന് നാം വിജയപ്രദമായി ഭ്രമണപഥം കണ്ടെത്തിയപ്പോള്‍ ഈ ദൗത്യം ആകെക്കൂടി 6 മാസം ലക്ഷ്യംവച്ചുള്ളതായിരുന്നു. ആറുമാസത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായി ആറുമാസം കടന്നെന്നു മാത്രമല്ല ആയിരം ദിവസങ്ങള്‍ക്കുശേഷവും നമ്മുടെ മംഗള്‍യാന്‍ മിഷന്‍ പ്രവര്‍ത്തിക്കയാണ്, ചിത്രങ്ങള്‍ അയയ്ക്കുന്നു, അറിവുകള്‍ നല്കുന്നു, ശാസ്ത്രീയവിവരങ്ങള്‍ ലഭിക്കുന്നു. അതായത് കാലാവധിക്കപ്പുറം സ്വന്തം അയുസ്സിനേക്കാളുമപ്പുറം അത് പ്രവര്‍ത്തിക്കയാണ്. ഇങ്ങനെ ആയിരം നാള്‍ കടക്കുന്നത് നമ്മുടെ ശാസ്ത്രീയ യാത്രയില്‍, നമ്മുടെ അന്തിരീക്ഷയാത്രയില്‍ ഒരു വലിയ ചുവടുവയ്പ്പാണ്.

ഈയിടയായി കായിക രംഗത്തും നമ്മുടെ യുവാക്കളുടെ ഉത്സാഹം വളരുന്നതായി കാണുന്നുണ്ട്. പഠനത്തോടൊപ്പം കളികളിലും നമ്മുടെ യുവ തലമുറ തങ്ങളുടെ ഭാവി കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ കളിക്കാര്‍ കാരണം, അവരുടെ കഠിനമായ പരിശ്രമം കാരണം അവരുടെ കഴിവുകാരണം രാജ്യത്തിന്റെ ശ്രേയസിന് തിളക്കമേറുന്നു. ഈയടുത്ത നാളില്‍ ഭാരതത്തിന്റെ ബാഡ്മിന്റന്‍ കളിക്കാരന്‍ കിഡാംബി ശ്രീകാന്ത് ഇന്‍ഡൊനേഷ്യ ഓപ്പണില്‍ വിജയം വരിച്ച് രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചു. ഈ നേട്ടത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പരിശീലകനും ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങളര്‍പ്പിക്കുന്നു.

കായികതാരം പി.ടി. ഉഷയുടെ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലെറ്റിക്‌സിന്റെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനവേളയുമായി ബന്ധപ്പെടാന്‍ അവസരം കിട്ടുകയുണ്ടായി. നാം കളികളുമായി എത്രമാത്രം ബന്ധപ്പെടുന്നോ അതനുസരിച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും വര്‍ധിക്കുന്നു. കളികള്‍ വ്യക്തിത്വ വികസനത്തിന് വളരെ മഹത്തായ പങ്ക് നിര്‍വഹിക്കുന്നു. സമഗ്ര വ്യക്തിത്വ വികസനത്തില്‍ കളിയുടെ മഹത്വം ഏറെയാണ്.

രാജ്യത്ത് പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. നമ്മുടെ കുടുംബത്തിലും കുട്ടികള്‍ കളികളില്‍ താല്‍പര്യം കാണിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കണം. അവരെ മൈതാനത്തില്‍ നിന്നും വേര്‍പെടുത്തി പുസ്തകപ്പുഴുക്കളാക്കരുത്. പഠനവും നടക്കട്ടെ, അതില്‍ മുന്നേറട്ടെ, വളരട്ടെ, പക്ഷേ കളിയിലാണ് സാമര്‍ഥ്യമെങ്കില്‍, താത്പര്യമെങ്കില്‍, സ്‌കൂള്‍, കോളജ്, കുടുംബം, അടുത്തുള്ള അഭ്യുദയകാംക്ഷികള്‍ എല്ലാവരും ശക്തിയേകണം, പ്രോത്സാഹനമേകണം. അടുത്ത ഒളിമ്പിക്‌സിനായി നമുക്കേവര്‍ക്കും സ്വപ്നം കാണേണ്ടതുണ്ട്.

വീണ്ടും ഒരിക്കല്‍ കൂടി, എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മഴക്കാലവും, തുടര്‍ച്ചയായ ഉത്സവാന്തരീക്ഷവും. എല്ലാം ചേര്‍ന്ന് ഈ സമയം ഒരു പുതിയ അനുഭൂതിയാണു പകരുന്നത്. നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി മംഗളാശംസകള്‍ നേരുന്നു. അടുത്ത മന്‍ കീ ബാത്തില്‍ മറ്റു ചില കാര്യങ്ങള്‍ പറയാം. നമസ്‌കാരം.

807 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close