NewsColumns

സ്റ്റാലിന്റെ അവസാനദിവസം

പി നാരായണൻ


സോവിയറ്റ് യൂണിയന്റെ ഏറ്റവും ശക്തനായിരുന്ന സ്വേഛാധിപതി ഡോസഫ് സ്റ്റാലിന്‍ എന്നാണ് യഥാർത്ഥത്തിൽ മരിച്ചത്?. അതു മരണം പുറത്തു വന്നപ്പോള്‍ തന്നെ വിവാദവിഷയമായിരുന്നു. 1953 മാര്‍ച്ച് 5എന്നാണ് ഔദ്യോഗികമായി പ്രഖാപിച്ചിട്ടുളളത്. അതു ശരിയല്ല എന്ന് ഏന്ന്  പുറത്തുവന്നിട്ടുളള രേഖകളെ ഉദ്ധരിച്ചുകൊണ്ട് സ്റ്റാലിന്റെ പുതിയ ജീവചരിത്രകാരന്‍ എഡ്വാര്‍ഡ് റാഡിന്‍സ്‌കി പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്റ്റാലിന്റെ അന്ത്യ ദിനങ്ങള്‍ വിവരിക്കപ്പെടുന്നതിനെ സംക്ഷിപ്തമായി നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.

അതിനുമുന്‍മ്പ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സമുന്നതനായ നേതാവായിരുന്ന എ.കെ ഗോപാലന്‍ സ്റ്റാലിന്റെ മരണത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നമുക്ക് പരിശോധിക്കാം. സ്റ്റാലിന്‍ മരിക്കുമ്പോള്‍ എ.കെ.ജി സോവിയറ്റ് യൂണിയനില്‍ ചികിത്സക്കായി താമസിക്കുകയായിരുന്നു. കരിങ്കടല്‍ തീരത്തെ സുഖവാസകേന്ദ്രത്തില്‍ ഒരു ഓപ്പറേഷനു ശേഷം പഥ്യമാചരിച്ചു അദ്ദേഹം വിശ്രമിക്കുന്ന നാളുകളിലൊരിക്കലാണ് സ്റ്റാലിന്‍ മരിച്ച വിവരം അറിയുന്നത്.
മാര്‍ച്ച് മൂന്നാംതീയ്യതി സഖാവ് നിക്രാസോവ സഖാവ് സ്റ്റാലിന് അസുഖമാണെന്നദ്ദേഹത്തെ അറിയിക്കുന്നു. സോവിയറ്റ് ജനപ്രതിനിധി സഭയിലേക്കുളള തെരഞ്ഞെടുപ്പ്  കഴിഞ്ഞ് ,പാര്‍ട്ടി വിജയിച്ചതിന്റെ ആഹ്ലാദ തിമിർപ്പിലായിരുന്നു ജനങ്ങള്‍.

തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു മാത്രമെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അധികാരമുളളു എന്നും ,വോട്ടുചെയ്യാതിരിക്കുന്നത് കഠിനശിക്ഷ കിട്ടുന്ന കുറ്റമാണെന്നും എകെജി പറയുന്നില്ല. എന്നാല്‍ കോലാഹലങ്ങള്‍ ഒട്ടും ഇല്ലാതെ പ്രശാന്തമായ അന്തരീക്ഷത്തില്‍ ആളുകള്‍ വന്ന് വോട്ടു ചെയ്ത് പോവുകയാണത്രെ. അവരെ ആഹ്ലാദിപ്പിക്കാന്‍ പോളിംഗ് സ്റ്റേഷനുകളില്‍ വിപ്ലവഗാനങ്ങളുടെ ആലാപനവുമുണ്ടായിരുന്നു. അത് എകെജിക്ക് വിസ്മയകരമായി തോന്നി. കമ്മ്യൂണിസ്റ്റ്കാരായിരുന്നല്ലൊ ഇന്ത്യയിലെ തെരഞ്ഞെടുപ്പുരംഗത്തിന് അടിപൊളി കൊഴുപ്പ് നല്‍കി, കോലാഹല പൂര്‍ണ്ണമാക്കിയത്.

സഖാവ് സ്റ്റാലിന് അസുഖമാണന്ന് അറിഞ്ഞപ്പോഴേക്ക് സംഗീതവും ആഹ്ലാദപ്രകടനങ്ങളും നിലച്ചു. എല്ലായിടത്തും മ്ലാനത പടര്‍ന്നു. ആറാം തീയ്യതി രാവിലെ സഖാവിന്റെ മരണവാര്‍ത്ത  അറിയിച്ചു കൊണ്ടാണ് സഖാവ് നിക്കറസോവ് എകെജിയെ ഉണര്‍ത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ അനുമതിനേടി രണ്ടുദിവസത്തിനകം അദ്ദാഹം മോസ്‌കോയിലെത്തി ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

ഫെബ്രുവരി 5-ന് മോസ്‌കോയില്‍ ആരംഭിച്ച 19 -ാം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ഏകെജി മോസ്‌കോയിലേക്ക് പോയത്. അദ്ദേഹത്തിന് 7-ാം തീയതിയേ അവിടെയെത്താന്‍ കഴിയുഞ്ഞുള്ളു. 11-ാം തീയ്യതി മാത്രമേ ഏകജിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ അനുമതി ലഭിച്ചുള്ളു. കോണ്‍ഗ്രസ് സമാപിച്ചശേഷം എകെജി ക്രെംലിനില്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്തു. സ്റ്റാലിന്റെ അടുത്ത് നാലാമത്തെ സീറ്റിലിരുന്നു. ഭാരതത്തിനു പാനോപചാരം നടത്തി സ്റ്റാലിന്‍ വോഡ്ക കഴിച്ചു.  ചികിത്സ  കഴിഞ്ഞു മടങ്ങുന്നതിനു മുന്‍പ് തന്നെ കാണണമെന്ന് സ്റ്റാലിന്‍ എകെജിയെ ക്ഷണിച്ചു. എന്നാല്‍ ആ കൂടിക്കാഴ്ച നടന്നില്ല. എകെജി റഷ്യ വിടുന്നതിനുമുന്‍മ്പുതന്നെ സ്റ്റാലിന്‍ അന്തരിച്ചു.

താന്‍ ദൈവം പോലെ കരുതിയ സഖാവിന്റെ മരണം എങ്ങനെയായിരുന്നുവെന്ന് ഏകെജി പറയുന്നില്ല. എന്നാണ് മരിച്ചതെന്നും കൃത്യമായി പറയുന്നില്ല. ഒരുപക്ഷെ അദ്ദേഹമതറിഞ്ഞിരിക്കില്ല. എന്തായിരുന്നു രോഗമെന്നോ എവിടെയാണ് അന്ത്യം സംഭവിച്ചത് എന്നൊക്കെ അന്വേഷിക്കുന്നതിന് എകെജിക്ക് ധൈര്യമുണ്ടായില്ല എന്നുവേണം വിചാരിക്കാന്‍. എകെജിയുടെ ആത്മകഥയില്‍നിന്ന് ഇത്രയും വിവരങ്ങളാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

സ്റ്റാലിന്റെ പുതിയ ജീവചരിത്രകാരനായ റാഡിന്‍സ്‌കി പ്രധാനമായും ആശ്രയിക്കുന്നത് ക്രെംലിന്‍ രേഖകളുടെയും സ്റ്റാലിന്റെ പിന്‍ഗാമികളുടെയും അന്ന് സ്റ്റാലിന്റെ വസതിയിലുണ്ടായിരുന്നവരുടെയും മൊഴികളെയാണ്.അവയൊക്കെത്തന്നെ ആര്‍ക്കൈവുകളിലുണ്ട്. അതില്‍ അവശേഷിക്കുന്ന ചിലരെ റാഡിന്‍സ്‌കി മുഖദാവില്‍കണ്ട് സംസാരിക്കുകയും ചെയ്തു. ക്രെംലിനെ സ്റ്റാലിന്റെ ഓഫീസിലെ സന്ദര്‍ശക ഡയറിയാണ് അദ്ദേഹത്തിന്റെ സ്ഥിതിയറിയാനുള്ള സുപ്രധാനരേഖ. അതില്‍ അവസാനത്തെ ദിവസം 1953 ഫെബ്രുവരി 17 ലാണത്രെ. അന്ന് ഇന്ത്യന്‍ അംബാസിഡര്‍ കുമാര്‍ മേനോനായിരുന്നു പ്രധാനപ്പെട്ട സന്ദര്‍ശകന്‍. മേനോന്‍ പോയശേഷം ബെറിയയും, മലങ്കോവും,ബുള്‍ഗാനിനുമാണദ്ദേഹത്തെ സന്ദര്‍ശിച്ചത്.മേനോനുമായുമുള്ള സംഭാഷണത്തിന്റെ പ്രതികരണമെന്നോണം, സ്റ്റാലിന്‍ വിഷിന്‍സ്‌കിയെ അധിക്ഷേപിച്ചു സംസാരിച്ചു.

ഫെബ്രുവരി 17നു ശേഷം ക്രെംലിന്‍ ആഫീസില്‍ സന്ദര്‍ശകര്‍ വന്നിട്ടില്ല. എന്നുമാത്രമല്ല അവിടെ ആരോ ചുവന്ന വരവരച്ച് അവസാനിപ്പിച്ചിട്ടുണ്ട്. (ആരായിരുന്നു ഈ കുമാരമേനോന്‍. കെ.പി.എസ്. മേനോനാണോ? ) മാര്‍ച്ച് അഞ്ചിന് റഷ്യന്‍ യഹൂദന്മാരെ ആയിരക്കണക്കായി മാറ്റിപ്പാര്‍പ്പിക്കാനും ശുദ്ധീകരിക്കാനുമുള്ള  ഒരു വന്‍ പദ്ധതി സ്റ്റാലിന്‍ തയ്യാറാക്കിയിരുന്നത്രെ. അതിനെ സംബന്ധിച്ച കിംവദന്തികള്‍ നയതന്ത്രവൃത്തങ്ങളില്‍ പ്രചരിച്ചിരുന്നു. അതേപ്പറ്റിത്തന്നെയാവും മേനോനും സംസാരിച്ചിരിക്കുക. മാര്‍ച്ച് അഞ്ചിനുശേഷം ഭയങ്കരമായ ശുദ്ധീകരണത്തിന് തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു.ഈ വിവരം പുറത്തായതിനാണ് സ്റ്റാലിന്‍ വിഷിന്‍സ്‌കിക്കെതിരായി രോഷംപ്രകടിപ്പിച്ചത്.

ഫെബ്രുവരി 17ന് വൈകുന്നേരം സ്റ്റാലിന്‍ തന്റെ ഡാച്ചയിലേക്കുപോയി പിന്നീട് ക്രെംലിനില്‍ വന്നിട്ടില്ല. ക്രൂഷ്ചേവിന്റെ കാലത്ത് കമ്യൂണിസ്‌റ് പാര്‍ട്ടിയിലെ ഉന്നതര്‍ പറഞ്ഞുപരത്തിയ കഥ ഇപ്രകാരമായിരുന്നു. ഫെബ്രുവരി 28 മാര്‍ച്ച് 1 രാത്രിയില്‍ സ്റ്റാലിന്റെ അംഗരക്ഷകര്‍ ബെറിയയെ അടിയന്തരമായി ഫോണില്‍ വിളിച്ചുവരുത്തി. ‘വളരെ സമയമായി യജമാനന്‍ മുറിയില്‍നിന്നു പുറത്തുവന്നിട്ടില്ല’ എന്നവര്‍ പരിഭ്രാന്തനായ അദ്ദേഹത്തെ അറിയിച്ചു. ബെറിയ ഉടന്‍തന്നെ ക്രൂഷ്ചേവിനേയും  മലങ്കോവിനെയും വിളിച്ചുവരുത്തി.

അവര്‍ ഉറക്കറയില്‍ ചെന്നുനോക്കിയപ്പോള്‍ സ്റ്റാലിന്‍ ബോധരഹിതനായി തറയില്‍ കിടക്കുന്നതുകണ്ടു.പെട്ടന്ന് അദ്ദേഹം അനങ്ങി.ക്രൂഷ്‌ചേവ് മൂക്കും വായും അടക്കിപ്പിടിച്ചു. മറ്റു രണ്ടുപേരുംകൂടി അതില്‍ പങ്കുചേര്‍ന്നു. ആ രാത്രിതന്നെ ബെറിയ സ്റ്റാലിന്റെ അംഗരക്ഷകരെയെല്ലാം വെടിവെച്ചുകൊല്ലിച്ചു. പിറ്റേന്ന് സ്റ്റാലിന് സുഖക്കേടാണെന്ന് മോസ്‌കോ റേഡിയോവഴി രാജ്യത്തെ അറിയിച്ചു. അപ്പോഴേക്കും അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നു.    മോസ്‌ക്കോ റേഡിയോ ചെയ്ത പ്രഖ്യാപനത്തില്‍ ഗദ്ഗദനിരുദ്ധകണ്ഠനായി രോഗവിവരമടങ്ങുന്ന ഔദ്യോഗിക വിജ്ഞാപനം ഒരു അനൗണ്‍സര്‍ വായിച്ചു.

അദ്ദേഹത്തിന്റെ രക്തത്തിലെ ശ്വേതാണുക്കളുടെ എണ്ണം, രക്തസമ്മര്‍ദ്ദനില , പനിയുടെ വിവരം മുതലായവയൊക്കെ അതിലുണ്ടായിരുന്നു.അതാകട്ടെ വെറും സാധാരണമനുഷ്യരുടേതുപോലെതന്നെ.ലോകത്തെ ശ്വാസമടക്കിപ്പിടിച്ചു നിര്‍ത്തിയ തീരുമാനങ്ങളെടുത്ത സഖാവ് സ്റ്റാലിന് അക്കാര്യത്തില്‍ പ്രത്യേകതയൊന്നുമില്ല. മാര്‍ച്ച് ഒന്നാം തീയതിയിലെ പ്രക്ഷേപണത്തില്‍നിന്നാണ് നിക്രസോവ് ഏ.കെ.ജിയെ വിവരം അറിയിച്ചതെന്ന് തോന്നുന്നു.
സ്റ്റാലിന്റെ അംഗരക്ഷകനും ബെറിയയുടെ വെടിയുണ്ടകളില്‍നിന്ന്  ഭാഗ്യംകൊണ്ടുമാത്രം രക്ഷപെട്ടയാളുമായ എ. റൈബിന്‍ തന്റെ ഡയറികുറിപ്പുകളില്‍ ആ നിര്‍ണായകനിമിഷത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അപ്രകാശിതമായ ആ ഡയറി മ്യൂസിയം ഓഫ് റവല്യൂഷനില്‍നിന്ന് റാഡിന്‍സ്‌കി കണ്ടെടുത്തു.    1977 മാര്‍ച്ച് 5 ന് സ്റ്റാലിന്റെ ചരമദിനം പ്രമാണിച്ച് റൈബെന്‍ ഒരു ചടങ്ങു സംഘടിപ്പിച്ചു.അതില്‍ സ്റ്റാലിന്റെ വസതിക്കടുത്തുള്ള വീട്ടില്‍ (ഡാച്ച)യിന്‍ കഴിഞ്ഞിരുന്ന ഏതാനും രക്ഷാഭടന്മാരും പങ്കെടുത്തിരുന്നു. സ്റ്റാലിനുമായി ബന്ധപ്പെട്ട പ്രത്യേക ദൗത്യങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നാണവര്‍ അറിയപ്പെട്ടത്.എല്ലാവരും യോജിച്ച് തയ്യാറാക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു.

ഫെബ്രുവരി 28,മാര്‍ച്ച് 1 രാത്രിയില്‍ പോളിറ്റ് ബ്യുറോ അംഗങ്ങള്‍ ക്രെംലിനില്‍ ഒരു സിനിമ കണ്ടു.ബെറിയ,ക്രൂ‌ഷ് ചേവ്,മലങ്കോവ്,ബുള്‍ഗാനിന്‍ എന്നിവരും സ്റ്റാലിനോടൊപ്പം ചേര്‍ന്നവരിലുണ്ടായിരുന്നു. എല്ലാവരും പുലര്‍ച്ചെ നാലുമണിവരെ അവിടെ കഴിഞ്ഞു. എം.സറ്റ്രാറ്റോസ്റ്റിനും, ടുക്കോവുമായിരുന്നു അവിടുത്തെ കാവല്‍ പാറാവു നടത്തിയത്. ഡാച്ചായുടെ കമാന്‍ഡറായി പീറ്റര്‍ ലോഗാച്ചേവ് പ്രവര്‍ത്തിച്ചു.   ബോസിന്റെ വസ്ത്രങ്ങള്‍ കൈകാര്യം ചെയ്ത എ.ബുടുസോവയും അവിടെയുണ്ടായിരുന്നു.അതിഥികള്‍ പിരിഞ്ഞശേഷം സ്റ്റാലിന്‍ ഉറക്കറയില്‍ പ്രവേശിച്ചു.പിന്നീടദ്ദേഹം മുറിക്കു പുറത്തു വന്നിട്ടില്ല.പിന്നീട് എം.സറ്റ്രാറ്റോസ്റ്റിന്റെയും,ടുക്കോവിന്റേയും മൊഴികളാണ് ‘19.00 മണി കഴിഞ്ഞപ്പോള്‍ സ്റ്റാലിന്റെ മുറിയിലെ നിശ്ശബ്ദത ഞങ്ങളെ പരിഭ്രാന്തരാക്കി.

വിളിക്കാതെ അകത്തുചെല്ലാന്‍ ഞങ്ങള്‍ക്ക് ഭയമായിരുന്നു.അതിനാല്‍ അവര്‍ ലോസ്ഗാച്ചേവിനെ പറഞ്ഞു വിട്ടു. അദ്ദേഹം അകത്തുചെന്നപ്പോള്‍ സ്റ്റാലിന്‍ മേശയ്ക്കരുകില്‍ നിലത്തുകിടക്കുന്നതായാണ് കണ്ടത്. അതിഥികള്‍ പോയശേഷം സ്റ്റാലിന്‍ കാവല്‍ക്കാരോട് താന്‍ ഉറങ്ങാന്‍ പോവുകയാണ് ഇനി നിങ്ങളുടെ ആവശ്യമുണ്ടാകില്ല.നിങ്ങളും ഉറങ്ങിക്കോളൂ എന്നു പറഞ്ഞതായി ടൂക്കോവ് മൊഴി നല്‍കി. അത്തരം ഒരു കല്പന സ്റ്റാലിന്‍ മുമ്പൊരിക്കലും നല്കിയിരുന്നില്ലത്ര. അങ്ങിനെ സ്വന്തം സുരക്ഷിതത്വത്തെപ്പറ്റി ഏറെ ശ്രദ്ധിച്ചിരുന്ന ബോസ് ജീവിതത്തിലാദ്യമായി കാവല്‍ക്കാരോട് ഉറങ്ങിക്കോളാന്‍ പറഞ്ഞ അന്നുരാത്രി തന്നെ അദ്ദേഹത്തിന് ആഘാതമുണ്ടാകുകയും ചെയ്തു.

ലോഗാച്ചേവിനെ നേരിട്ടുകണ്ടു വിവരങ്ങള്‍ അറിയാന്‍ റാഡിസ്‌കി ശ്രമിച്ചു.അതും വളരെ രഹസ്യമായിതന്നെ വേണ്ടിയിരുന്നു. ബ്രഷ്‌നേവിന്റെ കാലമാണ്.ആര്‍ക്കൈവ് സില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന് സ്റ്റാലിന്റെ ഒരു അംഗരക്ഷകനുമായി സംസാരിക്കാന്‍ അപ്പോഴും ഭയക്കേണ്ടിയിരിക്കുന്നു. ഒരു ഭൂഗര്‍ഭ (മെട്രോ) സ്റ്റേഷനിലെ ഒഴിഞ്ഞ സ്ഥലത്ത് അവര്‍ കണ്ടുമുട്ടി. പിന്നെ ഒരു വീട്ടില്‍ചെന്ന് സംസാരിച്ചു. റഡിന്‍സ്‌കി അതു മുഴുവന്‍ എഴുതിയെടുത്തു. ഒടുവില്‍ അതില്‍ ലോസാഗാച്ചേവ് ഒപ്പുവയ്ക്കുകയും ചെയ്തു. അതില്‍ സ്റ്റാലിന്റെ ജീവിതത്തെയും സ്വഭാവത്തയും വ്യക്തമാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊളളുന്നു.
1937 -ലേതിനു ശേഷം താന്‍ ആസൂത്രണം  ചെയ്തിരുന്ന 1953 -ലെ വന്‍ ശുദ്ധീകരണകത്തെ  സംബന്ധിച്ച സൂചനകള്‍  അതിലുണ്ട്. നമുക്ക് സ്റ്റാലിന്റെ അന്ത്യമാണല്ലൊ ചര്‍ച്ചാവിഷയം. അവസാന രാത്രിയെക്കുറിച്ച് ലോസ്ഗാച്ചേവ് പറയുന്നത് ഇപ്രകാരമാണ്.

“ഞാന്‍ ഡാച്ചയില്‍ ഡ്യൂട്ടിയിലായിരുന്നു.കമാന്‍ഡന്റ് ഓര്‍ലോവ് ഡ്യൂട്ടി കഴിഞ്ഞു പോയതേയുളളു. സ്റ്റാലിന്റെ വസതിയില്‍ സീനിയര്‍ സ്‌പെഷല്‍ അറ്റാച്ച്മന്റ് സ്റ്റാറോസ്റ്റ്ിന്‍ , സഹായി ടുക്കോവ്, ഞാന്‍ മാട്രിയോനാ ബുട്ടുസോവാ എന്നിവരണ് ഉണ്ടായിരുന്നത്. അതിഥികള്‍ (പോളിറ്റ് ബ്യൂറോ അംഗങ്ങള്‍) പ്രതീക്ഷിക്കപ്പെട്ടിരുന്നു. പതിവുപോലെ ബോസ്തന്നെയാണ് ഭക്ഷണക്രമം നിശ്ചയിച്ചത്. അന്നു മൂന്നു കുപ്പി മാദ്‌സാരി(ഇളം ജോര്‍ജിയന്‍ വീഞ്ഞ്)യാണ് നിശ്ചയിച്ചത്. മദ്യസാരം കുറവായതിനാല്‍ ബോസ് അതിന് പഴച്ചാര്‍ എന്നേ പറയാറുളളു. അന്ന് ബോസ് എന്നെ വിളിച്ച് രണ്ടുകുപ്പി ചാര്‍ കൂടി കൊണ്ടുവരാന്‍ പറഞ്ഞു. അന്ന് രാത്രി ആരൊക്കെ ഉണ്ടായിരുന്നു. പതിവുകാര്‍ ബെറിയ , മലങ്കോവ്, ക്രൂഷ്‌ച്ചേവ് , പിന്നെ ഊശാന്‍ താടിക്കാരന്‍ ബു്ള്‍ഗാനിയും.

കുറേക്കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച കുറേക്കൂടി പഴച്ചാര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് കൊണ്ടുപോയി വിളമ്പി. എല്ലാം ശാന്തമായിരുന്നു. ഒരു പരാതിയുമില്ല. നാലുമണിക്കൊ, അല്‍പ്പം കഴിഞ്ഞോ ഞങ്ങള്‍ അതിഥികളുടെ  കാറുകള്‍ കൊണ്ടുവന്നു.ബോസ് അവരെ പറഞ്ഞയച്ചു. ബോസിന്റെ കൂടെയായിരുന്ന ക്രൂസ്റ്റാലേവ് ,ബോസ് തിരിച്ചു മുറിയില്‍ കയറുമ്പോഴും അവിടെ ഉണ്ടായിരുന്നു. ഐവാന്‍ വാസിലിയേവിച്ച് വാതിലടച്ചു. ബോസ് അവരോട് പറഞ്ഞു. പോയി കിടന്നോളു. ഇനിയനിക്ക് ഒന്നും ആവശ്യമില്ല. ഞാനും ഉറങ്ങുകയാണ്.  ഇന്ന് നിങ്ങള്‍ വരേണ്ടി വരില്ല. ക്രൂസ്റ്റാലേവ് വന്ന് സന്തോഷത്തോടെ അറിയിച്ചു.

‘കൊളളാമല്ലൊ കുട്ടികളെ ഇതുവരെ കിട്ടാത്തൊരു ഉത്തരവാണല്ലൊ ഇത്. ‘ എന്ന് പറഞ്ഞ് ബോസിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. അതു ശരിയാണ്. ഞാന്‍ സ്റ്റാലിനോടാപ്പമുണ്ടായിരുന്ന കാലം മുഴുവനെടുത്താലും ഉറങ്ങിക്കോളു എന്നു പറഞ്ഞ ആദ്യ അവസരമായിരുന്നു അത്. സാധാരണ ഉറക്കം വരുന്നുണ്ടോ എന്നു ചോദിക്കുമ്പോള്‍ ആ കണ്ണുകള്‍ സൂചിമുന പോലെ കുത്തിക്കയറുമായിരുന്നു. ഞങ്ങള്‍ക്കതിന് ധൈര്യമുണ്ടോ എന്നപോലെ . അതിനാല്‍ ആ ഉത്തരവു കേട്ടപ്പോള്‍  ഞങ്ങള്‍ സന്തോഷിച്ചു . രണ്ടാമതൊന്നു ചിന്തിക്കാതെ ഉറങ്ങാന്‍ പോയി.

ആ രാത്രിയില്‍ വളരെ ലഘുവായ  വീഞ്ഞുമാത്രമെ അവര്‍ കഴിച്ചുള്ളു. ആരോഗ്യം മോശമാക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. സ്റ്റാലിന്‍ പതിവില്ലാത്ത  വിധം സന്തുഷ്ടനായിരുന്നു.രാത്രിയില്‍ ഡ്യൂട്ടിക്കുവന്ന്  രാവിലെ 10 മണിക്കു പോയ ക്രൂസ്റ്റലേവ് ആണ് സ്റ്റാലിന്‍ അവരോട് ഉറങ്ങാന്‍ പോകൂ എന്നുപറഞ്ഞ കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ ഉറക്കറ കാവലില്ലാതെ കിടന്നുവന്നു ചുരുക്കം. മാത്രമല്ല പരസ്പരം കണ്ണുവെയ്ക്കാനും ആരുമുണ്ടായില്ല. രാവിലെ 10 മണിക്ക് ക്രൂസ്റ്റലേവ് സ്ഥലം വിട്ടു.

പിറ്റേന്ന് രാവിലെ 10 മണിയായപ്പോഴേക്കും കാവല്‍ക്കാരൊക്കെ ഉണര്‍ന്ന് അന്നത്തെ പരിപാടികള്‍ പതിവുപോല തുടങ്ങി. ബോസ്സിന്റെ അസാധാരണമായ ആജ്ഞ ലോസ്ഗച്ചേവിനെയും മറ്റുംമറിയിച്ചശേഷം രാവിലെ 10 മണിവരെ ക്രൂസ്റ്റലേവ് എന്തുചെയ്യ്തുവെന്നാര്‍ക്കും അറിയില്ല. ’11-നും 12 -നുമിടയ്ക്കാണ് സ്റ്റാലിന്‍ സാധാരണ ഉണരാറ്. അതിനാല്‍ 12 വരെ ഞങ്ങള്‍  അന്വേഷിച്ചില്ല. ഒരുമണിക്കും മുറിയില്‍ അനക്കം കേള്‍ക്കാതായപ്പോള്‍ ഞങ്ങള്‍ക്ക് പരിഭ്രമം തുടങ്ങി. മൂന്നുമണിക്കും നാലുമണിയും ആയി. അനക്കമില്ല. തനിക്ക് ആവശ്യമില്ലെന്നു തോന്നുമ്പോള്‍ ഫോണ്‍ അടുത്തമുറിയിലേക്ക് ,കണക്ട് ചെയ്താണദ്ദേഹം ഉറങ്ങാന്‍ കിടക്കാറ്.

സ്റ്റാറോസ്റ്റിനും ഞാനും ഒരുമിച്ചിരുന്നു. എന്തോ കുഴപ്പമുണ്ടെന്നു തോന്നി. എന്തു ചെയ്യണം അകത്തുപോയി നോക്കണോ. അനങ്ങാതെ ഉറങ്ങുകയാണെങ്കില്‍ അകത്തുകയറരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. അങ്ങിനെ കയറിയവര്‍ക്ക ശിക്ഷകിട്ടിയിട്ടുമുണ്ട്. ഞങ്ങള്‍ സ്റ്റാഫ് കോര്‍ട്ടേസില്‍ കാത്തിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ആറുമണിക്കൂര്‍..അങ്ങനെ രാത്രി 10 മണിയായി. ഞാന്‍ സ്റ്റാറോസ്റ്റിനോട് പോയിനോക്കാന്‍ പറഞ്ഞു. രണ്ടുപേര്‍ക്കും ഭയമായി. അപ്പോഴേക്കു മെയില്‍ സഞ്ചിവന്നു. അതെങ്ങനെ കൊടുക്കും. ഒടുവില്‍ ഞാന്‍ മെല്ലെ വാതില്‍ തുറന്ന് അകത്തേക്ക് എത്തിനോക്കി.

ബോസ് വലതു കൈ അല്‍പ്പം ഉയര്‍ത്തി തറയില്‍ കിടക്കുന്നു. ഞാന്‍ അന്ധാളിച്ചു. എന്റെ  കൈകാലുകള്‍ തളര്‍ന്നു. അദ്ദേഹത്തിന് ഓര്‍മ്മയുണ്ടാകും. മിണ്ടാന്‍ വയ്യെന്നേ ഉളളൂ. സഹായത്തിനാകും കൈ ഒയര്‍ത്തിപ്പിടിച്ചത് എന്നു വിചാരിച്ച് ഞാന്‍ ഓടിയത്തി. ‘സഖാവ് സ്റ്റാലിന്‍ എന്തു പറ്റി?’ എന്നു ചോദിച്ചു. കിടന്ന്  മൂത്രമൊഴിച്ചതിനാല്‍ വസ്ത്രങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഇടതു കൈ അനക്കി. ‘ഡസ്ഡസ’ എന്ന ശബ്ദം പുറപ്പെടുവിച്ചു. ഡോക്ടറെ വിളിക്കട്ടെ എന്ന് അന്വേഷിച്ചു. ആ ശബ്ദമല്ലാതെ പുറത്തുവന്നില്ല. പോക്കറ്റ് വാച്ചും പ്രവദയും നിലത്ത് കിടക്കുന്നു. 6.30 വാച്ച് നിന്നതാണ്. അപ്പോഴാണൊ അത് സംഭവിച്ചത് ?.
മേശപ്പുറത്തിരുന്ന നസ്‌നാന്‍ മിനറല്‍ വെളളം എടുക്കാന്‍ വന്നപ്പോഴാകാം അത് സംഭവിച്ചത്. വീണ്ടും സസാരിച്ചപ്പോള്‍ ഒന്നുരണ്ടു തവണ കൂര്‍ക്കം വലിച്ചു.
ഉറക്കത്തിലെന്നപോലെ.

ഞാന്‍ സ്റ്റാറോസ്റ്റിനെ വിളിച്ചു വരുത്തി. അയാള്‍ സ്തംഭിച്ചുപോയി. മറ്റുളളവരും എത്തി.  എല്ലാവരും കൂടി ബോസിനെ  സോഫയിലേക്ക് എടുത്തു കിടത്തി. ‘വേഗം എല്ലാവരെയും വിളിച്ചു വരുത്താം’ എന്നുപറഞ്ഞ് ഓരോരുത്തരെയായി ഫോണില്‍ വിവരം അറിയിച്ചു. ഭക്ഷണശാലയിലെ സോഫയിലേക്ക് ഞങ്ങള്‍ ബോസിനെ മാറ്റി. ഏഴുമണിമുതല്‍ നിലത്തുകിടന്നിരപന്ന് അദ്ദേഹത്തിന്റെ തണുപ്പകറ്റാന്‍ ബുട്ടുസോവ പുതപ്പിച്ചു. അതിനിടെ സ്റ്റ്ാറോസ്റ്റിന്‍ മലങ്കോവിനെ വിവരം അറിച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബെറിയയെവിടെയെന്ന് വിവരമില്ലെന്ന്്  മലങ്കോവ് തിരിച്ചുവിളിച്ചറിയിച്ചു. കുറേക്കൂടിക്കഴിഞ്ഞപ്പോള്‍ ബെറിയ തന്നെ വിളിച്ചു സഖാവ് സ്റ്റാലിന്റെ അസുഖത്തെപ്പറ്റി ആരോടും മിണ്ടരുതെന്നു കര്‍ശന നിര്‍ദേശം നൽകി.ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും  മരണാസന്നനായി കിടക്കുന്ന് നേതാവിനെ കാണാന്‍ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ എത്തിയില്ല. വീട്ടിലെ കാവല്‍ക്കാര്‍ മാത്രമേ അടുത്തുണ്ടായിരുന്നുളളു. അവരെയും കാത്ത് ഭയസംഭ്രമങ്ങളോടെ.. “

വിശദാംശങ്ങളെക്കുറിച്ച് ഏകഭിപ്രായമല്ലെങ്കിലും തലേന്നത്തെ അതിഥികള്‍ നാലുപേരും സ്റ്റാലിന്റെ ഡാച്ചയിലെത്തിയെന്ന് ക്രൂഷ്‌ചേവും പറയുന്നു. ക്രൂഷ്‌ചേവിന്റെ വിവരണമനുസരിച്ച് സ്റ്റാലിന്റെ പരിചാരിക മാട്രിയോന പെട്രോവ്‌നാ ബുട്‌സോവയാണ് ആദ്യം സ്റ്റാലിനെ കണ്ടത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ കുഴഞ്ഞിരുന്നു. ചെക്കിസ്റ്റുകള്‍ സ്റ്റാലിനെ സോഫയില്‍ കിടത്തി. അദ്ദേഹം ഉറങ്ങുകയാണെന്ന് പറഞ്ഞതിനാല്‍ ,ഉണരുമ്പോള്‍ തങ്ങളെ കണ്ട്  അമ്പരക്കാതിരിക്കട്ടെ എന്നുകരുതി നാലുപേരും തിരിച്ചു വസതികളിലേക്ക്ുപോയി എന്നാണ് ക്രൂഷ്‌ചേവ് പറയുന്നത്.ചുരുക്കത്തില്‍ സ്വന്തം മൂത്രത്തില്‍ കുഴഞ്ഞു നാലുമണിക്കൂര്‍ കിടന്ന 75 വയസ്സുകാരനായ തങ്ങളുടെ മഹാനേതാവ് ശാന്തനായി ഉറങ്ങുകയാണെന്ന് പറഞ്ഞു. ആ സമരസഖാക്കള്‍ ഒരുതരത്തിലുള്ള വൈദ്യസഹായത്തിനും വ്യവസ്ഥ ചെയ്യാതെ സ്ഥലംവിട്ടു. അവിടുത്തെ സന്ദര്‍ശക ഡയറിയനുസരിച്ച് രാവിലെ 8 .30 ന് അവര്‍ സ്റ്റാലിന്റെ ഓഫീസില്‍ സമ്മേളിച്ച് തുടര്‍ന്നുള്ള അധികാര വിഭജനപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രഗത്ഭ ഭിഷഗ്വരന്‍ ഡോ. എ.എല്‍.മൈസനിക്കോവ് സ്റ്റാലിനെ പരിശോധിച്ചു.തലച്ചോറിന്റെ ഇടതുഭാഗത്തുണ്ടായ ഗുരുതരമായ ആഘാതമാണ് അദ്ദേഹം കണ്ടെത്തിയ രോഗനിദാനം.ആ ഭാഗത്തെ വീക്കവും തന്തുക്കള്‍ക്ക് കാഠിന്യമുണ്ടായതുമാവാം അതിനുകാരണമത്രേ. ‘ മരണം തീര്‍ച്ച ‘ എന്നുമാത്രമാണ് മലങ്കോവിന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. സ്റ്റാലിന്‍ കുറച്ചുസമയംകൂടി മുരളുന്നുണ്ടായിരുന്നു. അഞ്ചാം തീയതി വരെ ദിവസവും നേതാക്കള്‍ അദ്ദേഹത്തിനു ചുറ്റും കൂടിയതായും ഓരോരോ കാര്യങ്ങള്‍ പറഞ്ഞതായുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവസേന ബുള്ളറ്റിനുകള്‍ ഇറക്കികൊണ്ടുമിരുന്നു.

അന്ന് 21 .50 ന് മരണം സംഭവിച്ചുവെന്ന് മൈയാസ് നിക്കോവ് രേഖപ്പെടുത്തി. സ്വെറ്റ്‌ലാനയ്ക്ക് അച്ഛന്റെ അന്ത്യനിമിഷങ്ങളില്‍ അടുത്തുണ്ടാവാന്‍ കഴിഞ്ഞില്ല. പുത്രന്‍ വാസിലി എവിടെയോ മദ്യലഹരിയില്‍ കിടക്കുകയായിരുന്നു.സ്റ്റാലിന്‍ അദ്ദേഹത്തോട് രോക്ഷാകുലനായിരുന്നതിനാല്‍ കഴിയുന്നത്രെ അകലെയാണ് വാസിലി താമസിച്ചത്.    പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ബെറിയ ശവം കിടത്തിയ മുറിയിലേക്ക് പാഞ്ഞെത്തിയെന്ന് സ്വെറ്റ്‌ലാന രേഖപ്പെടുത്തി.അദ്ദേഹം ഉച്ചസ്വരത്തില്‍ ‘ക്രൂസ്റ്റലേവ് കാര്‍ ‘ എന്ന് വിളിച്ചുപറഞ്ഞു’. എന്ന സ്വെറ്റ്‌ലാനായുടെ കുറിപ്പുകള്‍ ക്രെംലിന്‍ ആര്‍ക്കൈവില്‍ ഉണ്ട്. ബെറിയ വിളിച്ചത് ,സ്റ്റാലിന്‍ ബോധരഹിതനായ ദിവസം കാവല്‍ക്കാരനോട് ഉറങ്ങാനും,സഖാവിനെ ആരും ശല്യപ്പെടുത്തരുതെന്നും ഉത്തരവുനല്‍കി രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞു രാവിലെ തിരിച്ചുപോയ അക്രെക്രുസ്‌റ്റെലെവിനെയായിരുന്നുവെന്നത് യാദൃച്ഛികമാവുമോ?

ബെറിയതന്നെയാണ് ക്രെംലിനിലെത്തിയത്. തൊട്ടുപുറകേ പോളിറ്റ് ബ്യുറോ അംഗങ്ങളെല്ലാം എത്തി. അവിടെവെച്ച് ചരമപ്രഖ്യാപനവും പുതിയ നേതൃത്വത്തിന്റെ പ്രഖ്യാപനവും തയ്യാറാക്കി. മലങ്കോവായിരുന്നു രാജ്യത്തെ നയിക്കേണ്ടത്. ശവസംസ്‌കാരത്തിന് മുന്‍പ് ശരീരം രാസപ്രക്രിയയ്ക്കു വിധേയമാക്കി ലെനിന്റെ ശവശരീരത്തിനടുത്തുതന്നെ സ്റ്റാലിനെയും കിടത്താന്‍ തീരുമാനിക്കപ്പെട്ടു.എല്ലാറ്റിനും മേല്‍നോട്ടം ക്രൂസ്റ്റലേവിനുതന്നെയായിരുന്നു.  പൂര്‍ണമായ സൈനിക വേഷത്തില്‍ സ്വര്‍ണം കൊണ്ട് നിര്‍മിച്ച മെഡലുകളും,കുടുക്കുകളും തോള്‍ അലങ്കാരങ്ങളുമൊക്കെ അണിയിച്ചാണ് അദ്ദേഹത്തെ റെഡ് സ്‌ക്വയറില്‍ ലെനിന്‍ മൊസൂളിയത്തില്‍ കിടത്തിയത്

അവസാന ചടങ്ങുകള്‍ക്ക് ശേഷം അതിനുമുകളില്‍നിന്ന് പിന്നീട് അധികാരമേറ്റെടുത്ത അദ്ദേഹത്തിന്റെ ഘാതകരായ നാല്‍വര്‍സംഘം  മുന്നിലൂടെ തലകുനിച്ചു കണ്ണീരൊഴുക്കിയും കടന്നുപോയ ജനലക്ഷങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു കള്ളക്കണ്ണീരൊഴുക്കി. അതിനുശേഷം സ്റ്റാലിന്റെ മകന്റെ വീട് ഇലക്ട്രോണിക് നിരീക്ഷണത്തിലായി. മൂന്നാഴ്ച്ചയ്ക്കകം ജോലിയില്‍നിന്നു പുറത്തായി.ഓരാഴ്ചകൂടി കഴിഞ്ഞപ്പോള്‍ അറസ്റ്റിലും.1961 ല്‍ പുറത്തുവന്നെങ്കിലും കസാനിലേക്ക് നാടുകടത്തപ്പെട്ടു. അടുത്തുവര്‍ഷം അവിടെ കിടന്നു മരിച്ചു.

എന്നാല്‍ സ്റ്റാലിന്റെ മരണം സംഘടിപ്പിച്ച ബെറിയയുടെ വിധി അതിലും ദയനീയമായി.”കൈകള്‍ പുറകില്‍ കെട്ടി ബെറിയയെ ഒരു കൊളുത്തില്‍ തൂക്കിയിട്ടു.’ എന്നെ ഒന്നും പറയാന്‍ അനുവദി…. ‘ എന്ന് ബെറിയ പറഞ്ഞപ്പോഴേക്കും അയാളുടെ വായ്ക്കകത്തേക്ക് ടൗവല്‍ തള്ളിക്കയററ്റൂ’ എന്ന് പ്രൊക്കുറേറ്റര്‍ ജനറല്‍ ആജ്ഞാപിച്ചു. കണ്ണുകള്‍ കെട്ടിയിട്ടും ഒരു കണ്ണു തുറിച്ചുനിന്നു. ഓഫീസര്‍ തിരുനെറ്റിയില്‍ തന്നെ വെടിവെച്ചു.’ എന്നാണ് ആ രംഗത്തെക്കുറിച്ചുള്ള രേഖ പറയുന്നത്.

മലങ്കോവ്,മോളട്ടോവ് ,കഗാനോവിച്ച് എന്നിവരൊക്കെ പുറത്തായി. ഭാഗ്യത്തിന് അവര്‍ക്ക് ഫയറിംഗ് സ്‌ക്വഡിനെ നേരിടേണ്ടിവന്നില്ല. ഒടുവില്‍ ക്രൂഷ്‌ചേവും പുറത്താക്കപ്പെട്ടു.ഗ്‌ളാസ്‌നോസ്ത് പൂത്തുവിരിഞ്ഞതു കണ്ടുകൊണ്ടാണദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
പിന്‍കുറിപ്പ് : 20 ആം പാര്‍ട്ടികോണ്‍ഗ്രസില്‍  ക്രൂഷ്‌ചേവ് തന്നെ സ്റ്റാലിനെ തുറന്നുകാട്ടുന്ന സുപ്രസിദ്ധമായ റിപ്പോര്‍ട്ടവതരിപ്പിച്ചു.1961 ഒക്ടോബര്‍ 31 ന് പട്ടാളക്കാര്‍ റെഡ്‌സ് ക്വയറിന് വലയം സൃഷ്ടിച്ചു. ക്രെംലിന്‍ റജിമെന്റിന്റെ തലവന്‍ കോന്യേവിന്റെ നേതൃത്വത്തില്‍ കൊട്ടാരമതില്‍ക്കകത്തെ സെമിത്തേരിയില്‍ ഒരു ശവക്കുഴി നിര്‍മിക്കപ്പെട്ടു.

മുസോളിയത്തില്‍ നിന്ന് സ്റ്റാലിന്റെ സജീവമെന്നു തോന്നിക്കുന്ന ശരീരം പുറത്തെടുത്തു.സ്വര്‍ണാലങ്കാരങ്ങള്‍ അഴിച്ചുമാറ്റി പകരം പിച്ചളകൊണ്ടുള്ളവ അണിയിച്ചു. രാത്രി പത്തുമണിക്ക് അതെടുത്തു കുഴിയിലിറക്കി.ശവത്തിനുമീതെ രണ്ടു കോണ്‍ക്രീറ്റ് സ്‌ളാബുകള്‍വെയ്ക്കാനായിരുന്നു നിര്‍ദേശം.(ഡ്രാക്കുളയെപ്പോലെ എണീറ്റുവന്നെങ്കിലോ എന്ന് പോളിറ്റ്ബ്യുറോ ഭയന്നിരിക്കും) പക്ഷേ ഞങ്ങള്‍ മണ്ണിട്ടുമൂടുകയാണ് ചെയ്തത്’. കോന്യേവിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഒടുവില്‍ കബറിനുമീതെ തറകെട്ടി.അതില്‍ ഒരു ഫലകം സ്ഥാപിച്ചു.ജോസഫ് വിസാരിയനോവിച്ച് ദുഷ്ഗാഷ്‌വിലി (സ്റ്റാലിന്‍ ) എന്ന് എഴുതി. അങ്ങനെ സ്റ്റാലിന്റെ ജീവിതത്തില്‍ ഒരു രണ്ടാം അന്തിമദിനവുമുണ്ടായി.

അവലംബം : എഡ്വര്‍ഡ്‌റാഡിന്‍സ്‌കിയുടെ സ്റ്റാലിന്‍ എന്ന ജീവചരിത്രഗ്രന്ഥം.

 

197 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close