കാലിഫോർണിയ: 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കാലിഫോർണിയയിലെ യുഎസ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായുളള സംവാദത്തിനടയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
പാർട്ടിക്കുളളിൽ നില നിൽക്കുന്ന ധാർഷ്ട്യ മനോഭാവമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പാർട്ടിയുടെ തകർച്ചയ്ക്കു കാരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാന മന്ത്രിയാകാൻ താൻ തയ്യാറാണെന്നും പാർട്ടിയെ ഇനി താൻ നയിക്കുമെന്നും രാഹുൽ അറിയിച്ചു.
സംവാദത്തിനിടയിൽ പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടോയെന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
കുടുംബപരമായുളള രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് കോൺഗ്രസ്സ് മാത്രമല്ല. മറ്റ് പല പാർട്ടികളിലും ഇത്തരത്തിൽ രാഷ്ട്രീയ തുടർച്ചയുണ്ടായിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു. ഇത്തരത്തിൽ വന്നവരാണ് അഖിലേഷ് യാദവും , സ്റ്റാലിനും, അഭിഷേക് ബച്ചനും. പാർട്ടിയെ നയിക്കാനും പ്രവർത്തിക്കാനുമുളള കഴിവു മാത്രമാണ് പ്രധാനമെന്നും രാഹുൽ പറഞ്ഞു.
ആഗോള രാഷ്ട്രീയ തത്ത്വ ചിന്തകരുമായും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനാണ് രാഹുൽ അമേരിക്കയിലെത്തിയത്.