ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന് ഷാഹീര്‍ സംവിധാനം നിര്‍വഹിച്ച പറവ നാളെ തീയേറ്ററുകളിലെത്തും. സൗബിന് ഷാഹീര്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണിത്.
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ സല്മാന് എത്തുക. അബിയുടെ മകനും കിസ്മത്തിലൂടെ ശ്രദ്ധേയനുമായ ഷെയിന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന്, സൈനുദ്ദീന്റെ മകന് ദിനില്‍ സൈനുദ്ദീന്‍, സിദ്ദിഖ്, ആഷിക് അബു, ജേക്കബ് ഗ്രിഗേറി, സൃന്ദ അഷാബ് തുടങ്ങിയവരാണു ചിത്രത്തിന് പ്രധാന വേഷങ്ങളിലെത്തുന്നത്.
അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്. ബാംഗ്ലുര്‍ ഡേയ്സിനും പ്രേമത്തിനും ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന സിനിമയാണ് പറവ.
അഞ്ച് സുന്ദരികള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആളാണ് മുനീര്‍ അലി. അഞ്ചുസുന്ദരികളിലെ സേതുലക്ഷ്മിയെന്ന സിനിമ വളരെ അധികം പ്രശംസനേടിയിരുന്നു. സേതുലക്ഷ്മിയുടെ തിരക്കഥ എഴുതിയത് മുനീര്‍ അലിയായിരുന്നു. പറവയുടെ ചിത്രീകരണം 2016-ല്‍ ഫോര്‍ട്ട് കൊച്ചിയിലാണ് ആരംഭിച്ചത്.
റെക്സ് വിജയൻ സംഗീത സംവിധാനവും ലിറ്റില്‍ സ്വയാബ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.