കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച കേസില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയതായി പറയുന്ന റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തിന് തന്നെ നാണക്കേട് വരുത്തി വച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന് കനത്ത തിരിച്ചടിയാണ് പോലീസ് റിപ്പോര്‍ട്ട്. മുരുകന്റെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റി. ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ജീവന് രക്ഷിക്കാനാവശ്യമായ വിദഗ്ദ്ധ ചികിത്സ മുരുകന് നിഷേധിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ കൂടുതലായി ചുമത്താന്‍ സാധിക്കുമെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ് യഥാസമയം ചികിത്സ ലഭിക്കാതിരുന്നതിരുന്നതായിരുന്നു മുരുകന്റെ മരണ കാരണം. കൊല്ലത്തെയും തിരുവനന്തപുരത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലായിടത്തും ചികിത്സ നിഷേധിക്കപ്പെടുകയുണ്ടായി.