Special

കാതിൽ ട്രോൾ മഴയായ് …

പുഴയിലെങ്ങനെ പൊന്നാമ്പൽ ഉണ്ടാകും എന്ന ചോദ്യമായിരുന്നു ഒരു കാലത്ത് മലയാള സിനിമാ ഗാന നിരൂപക ഹെവിവെയ്റ്റുകൾക്കിടയിൽ തത്തിക്കളിച്ച ചോദ്യം .പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന ഹരികൃഷ്ണനിലെ പാട്ടായിരുന്നു അന്ന് ചർച്ചകൾക്ക് കാരണമായത് . പുഴയിലല്ലെങ്കിലും പൊന്നാമ്പലുണ്ടാകില്ലല്ലോ . റിയലിസ്റ്റിക്കായി ചിന്തിക്കുന്നവർക്ക് അതിൽ സംശയമൊന്നുമില്ല താനും.

അതിനു ശേഷം വളരെ വലിയൊരു ചോദ്യം മുന്നോട്ട് വച്ചിരിക്കുന്നത് യുവജന കമ്മീഷൻ ചെയർപേഴ്സൺ സഖാവ് ചിന്ത ജെറോമാണ് .. അമ്മേടെ ജിമിക്കി കമ്മൽ കട്ടോട്ടു പോയ അച്ഛന്മാർ കേരളത്തിലെവിടെയാ ഉള്ളതെന്നായിരുന്നു ചിന്തയുടെ ചോദ്യം ..അതുമാത്രമല്ല ജിമിക്കി കമ്മൽ കട്ടതിന് ഒരമ്മയും ബ്രാണ്ടിക്കുപ്പി കുടിച്ച് തീർത്തിട്ടില്ല എന്നും ചിന്ത പറഞ്ഞു. സംഗതിയെന്തായാലും ചിന്തയുടെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോൾ മഴയ്ക്ക് കാരണമായിരിക്കുകയാണ് .

മലയാള സിനിമാ ഗാനങ്ങളെ സംബന്ധിച്ചിടത്തോളം കൽപ്പനകളും പരികൽപ്പനകളും ഉപമകളും അലങ്കാരങ്ങളുമെല്ലാം തുടിച്ച് നിൽക്കുന്ന ചെറിയ കവിതകൾ തന്നെയാണത് . തമിഴിലും ഹിന്ദിയിലുമൊക്കെ കുറച്ചു കൂടി സംസാര ഭാഷയിലാണ് കൂടുതലും സിനിമാ പാട്ടുകൾ . എന്നാൽ മലയാളത്തിലെന്തോ കവിതകളുടെ സ്വാധീനം കൂടുതലുള്ള പാട്ടുകളായിരുന്നു വന്നു കൊണ്ടിരുന്നത് .

മകരസൂര്യനോമനിക്കുന്ന മഞ്ഞുതുള്ളിയായി കാമുകിയേയും കളരിവിളക്ക് തെളിഞ്ഞതാണോ എന്ന് കാമുകനേയും സങ്കൽപ്പിച്ച് മലയാള സിനിമാ ഗാനങ്ങൾ അനുവാചകരെ കീഴടക്കി . പുലർകാല സുന്ദര സ്വപ്നത്തിൽ പൂമ്പാറ്റയായെന്ന് മാത്രമല്ല ആ നിമിഷത്തിന്റെ നിർവൃതിയിൽ ആവണിത്തെന്നലുമായി . ഈറൻ മുകിൽ മാലകളിലെ മഴവില്ല് പോലെ കാമുകിയുടെ ഓർമ്മ കണ്ണുനീരിൽ പുഞ്ചിരിച്ചെന്ന ശ്രീകുരാമൻ തമ്പിയുടെ വരികൾ ദാസേട്ടൻ പാടിയപ്പോൾ നഷ്ടപ്രണയത്തെ കുറിച്ച് ഓർക്കാത്ത കാമുകന്മാരുമുണ്ടായിരുന്നില്ല .

ഇന്നത്തെപ്പോലെ അടിപൊളിപ്പാട്ടുകൾ അന്നുമുണ്ടായിരുന്നു തള്ള് തള്ള് തള്ള് തള്ളീ തള്ളാസ് വണ്ടീ എന്ന ആഭിജാത്യത്തിലെ ഗാനം , പോം പോം ഈ ജീപ്പിന്നു മദമിളകി എന്ന നാണയത്തിലെ ഗാനം തുടങ്ങിയവ ഉദാഹരണങ്ങളാണ് . മരുന്നോ നല്ല മരുന്ന് എന്ന ആഭിജാത്യത്തിലെ രസകരമായ ഗാനവും മലയാളിയെ ചിരിപ്പിച്ചിട്ടുണ്ട്. അങ്ങനെ നിരവധി ഗാനങ്ങൾ . അന്നൊക്കെ ജീപ്പിനു മദമിളകാനെന്താ ജീപ്പ് ആനയാണോ എന്ന് ചോദിച്ചു കൊണ്ട് ആരെങ്കിലും വരുന്ന രംഗമൊന്ന് ആലോചിച്ച് നോക്കൂ ..

ഫോർ ദ പീപ്പിളിലെ ഗാനങ്ങളും ഒരുകാലത്ത് ചർച്ചയ്ക്ക് കാരണമായിരുന്നു . ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ അതിന്റെ വരികളും സംഗീതവും ആലാപന ശൈലിയും കൊണ്ട് മലയാളി യുവത്വത്തിന്റെ ചുണ്ടിലെ സ്ഥിരം പാട്ടായി മാറിയിരുന്നു . അന്നും വിമർശനങ്ങളുണ്ടായി . ദിവസങ്ങളോളം ആരോപണ പ്രത്യാരോപണങ്ങൾ മാസികകളിലും പത്രങ്ങളിലുമൊക്കെ വരികയും ചെയ്തു .

ഇന്ന് അഭിപ്രായം പറയാൻ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവസരം ഉള്ള കാലമാണ് . അത് ബ്ളോഗുകളായി പിന്നീട് ഫേസ്ബുക്ക് പോസ്റ്റുകളായി ട്വീറ്റുകളായി വാട്സാപ്പ് ഫോർവേഡുകളായി പറക്കുകയാണ് . നർമ്മത്തിന്റെ മേമ്പൊടിയിൽ ഒരു വിഷയം എങ്ങനെ പ്രകാശിപ്പിക്കാമെന്നതിൽ മികച്ചു നിൽക്കുന്ന ട്രോളുകളും നിറഞ്ഞ് തുടങ്ങി . അതുകൊണ്ട് തന്നെ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ എന്ന് വേണ്ട ആരും നിശിതമായ ഹാസ്യ വിമർശനങ്ങൾക്ക് പാത്രമാകുന്ന അവസ്ഥയുമാണ്.

അങ്ങനെയൊരു കാലത്താണ് ചിന്താ ജെറോമിന്റെ പാട്ട് നിരൂപണം വന്നത് . സ്വാഭാവികമായും സോഷ്യൽ മീഡിയയും ട്രോളർമാരും നന്നായി ആഘോഷിക്കുകയാണ് . കൽപ്പനകളും കാൽപ്പനികതയും കൊണ്ട് സമ്പന്നമായ മലയാള സിനിമാഗാനങ്ങൾ ട്രോളർമാർക്ക് അക്ഷയ ഖനിതന്നെയായതിനാൽ ചിന്താ ട്രോളുകൾ കുറച്ച് നാളത്തേക്ക് സോഷ്യൽ മീഡിയ കീഴടക്കുമെന്നതിൽ സംശയം വേണ്ട.

പ്രമുഖ സംവിധായകനായ മുരളി ഗോപി തന്നെ രസകരമായ രീതിയിൽ  ട്രോളിക്കൊണ്ട് തുടക്കം കുറിച്ചിട്ടുണ്ട് .ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ…!

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രസകരമായ ട്രോളുകൾ

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close