ന്യൂഡൽഹി : കസാഖിസ്ഥാനുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്താനൊരുങ്ങി ഇന്ത്യ.ഇതിനായി കസാഖിസ്ഥാന്റെ ഡപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ലഫ്റ്റന്റ് ജനറൽ തൽകാട്ട് മുഖ്തോറോവ്, കസാഖിസ്ഥാൻ അംബാസിഡർ ബുലാത് സാർസൻബേയി എന്നിവരുമായി പ്രതിരോധമന്ത്രി നിർമ്മല സീതാരാമനുമായും,സൈനിക തലവൻ ബിപിൻ റാവത്തുമായും ചർച്ച നടത്തി .
രാജ്യസുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ഭീകരത,വർഗീയത എന്നിവക്കെതിരെയുള്ള പോരാട്ടത്തിൽ ഇരു രാജ്യങ്ങളും പങ്കാളികളാകുന്നുണ്ട്.മാത്രമല്ല കഴിഞ്ഞ വര്‍ഷം നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷൻ യോഗത്തിലാണു ഇന്ത്യക്ക് പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമിട്ടത്.
എസ്.സി.ഒയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കസാഖിസ്ഥാനുമായുള്ള സൈനിക സഹകരണം ഗുണകരമാകും.
കസാക്കി സൈനിക ഓഫീസർമാർക്ക് ഇന്ത്യ സൈനിക പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും സംയുക്ത സൈനിക വ്യവസായ പ്രോജക്ടുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയും കസാക്കിസ്ഥാനും നിലവിൽ 2016 പ്രബാൽ ദോസ്തിക് 16 എന്ന സംയുക്ത സൈനിക അഭ്യാസവും നടത്തുന്നുണ്ട്.