Special

കാർക്കറെയെ കൊന്നതാര് ?

മുംബൈ സമുദ്രതീരത്തിന് സമീപം ഉൾക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ സഞ്ചരിക്കുകയായിരുന്നു എം വി കുബർ എന്ന മത്സ്യബന്ധനബോട്ട് .പെട്ടെന്നാണ് സമീപത്തായി പൊട്ടിയ എഞ്ചിൻ ബെൽറ്റ് ഉയർത്തിക്കാട്ടി സഹായമഭ്യർത്ഥിക്കുന്ന താരതമ്യേന വലിയ ഒരു ബോട്ടിനെ കുബറിലുള്ളവർ കണ്ടത് .അൽ ഹുസൈനിയെന്നായിരുന്നു അതിന്റെ പേര്. ഉൾക്കടലിൽ ഇതൊക്കെ സാധാരണമായതിനാൽ സഹായം നൽകാനായി ഡ്രൈവർ അമർ ചന്ദ് സോളങ്കി എം.ബി കുബറിനെ അൽഹുസൈനിക്കടുത്തേക്ക് കൊണ്ടുപോയി.

പെട്ടെന്ന് ബോട്ടിലുണ്ടായിരുന്ന ഡ്രൈവർ അമർ ചന്ദ് സോളങ്കിയേയും മറ്റ് നാലു പേരേയും സ്തബ്ധരാക്കിക്കൊണ്ട് അൽ ഹുസൈനിയിൽ നിന്ന് ആയുധധാരികൾ ബോട്ടിലേക്ക് ചാടിയിറങ്ങി .നിമിഷങ്ങൾ കൊണ്ട് തന്നെ ഡ്രൈവറൊഴിച്ചുള്ള നാലു പേരെയും അവർ ബലം പ്രയോഗിച്ച് അൽ ഹുസൈനിയിലേക്ക് കയറ്റി . എതിർത്ത സോളങ്കിയെ ആയുധ ധാരികളുടെ കൂട്ടത്തിലെ വെളുത്തുമെലിഞ്ഞ പയ്യൻ തോക്കു ചൂണ്ടി നിശ്ശബ്ദനാക്കി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു . നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ ചെറു റബ്ബർ സ്പീഡ് ബോട്ടും ഡീസൽ ഉൾപ്പെടെ നിരവധി സാധനങ്ങളും കൂബറിലേക്ക് മാറ്റപ്പെട്ടു.ഒപ്പം കറുത്ത വസ്ത്രം ധരിച്ച് ഓവർകോട്ടുകൾ അണിഞ്ഞ് പത്ത് ചെറുപ്പക്കാരും സോളങ്കിക്കൊപ്പം നിലയുറപ്പിച്ചു . പയ്യന്റെ നിർദ്ദേശമനുസരിച്ച് എം.വി കൂബറിനെ മുബൈ സമുദ്രതീരത്തേക്ക് ഭയവിഹ്വലനായ സോളങ്കി ഓടിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ആയുധധാരികളിൽ രണ്ട് പേർ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനിടയിൽ സാറ്റലൈറ്റ് ഫോൺ വഴി ഏതോ കേന്ദ്രത്തിലേക്ക് ആയുധ ധാരികൾ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈകിട്ട് നാലു മണിയോടെ മുംബൈ തീരത്തിനടുത്തേക്ക് ബോട്ട് എത്തിച്ചേർന്നു . ബോട്ടിലുണ്ടായിരുന്ന പത്തു പേരും കൈകളിൽ മഞ്ഞയും ചുവപ്പും ചേർന്ന ചരടുകൾ ഇതിനോടകം ധരിച്ചിരുന്നു.

മുംബൈക്കടുത്ത് ബോട്ട് എത്തിയെന്നുറപ്പിച്ച കരിങ്കുപ്പായക്കാർ ഒട്ടും അമാന്തിച്ചില്ല . തങ്ങളെ അവിടെ വരെയെത്തിച്ച ബോട്ട് ഡ്രൈവർ അമർചന്ദ് സോളങ്കിയെ കഴുത്തറുത്തു കൊന്ന് മൃതദേഹം ബോട്ടിന്റെ എഞ്ചിൻ റൂമിലേക്ക് തള്ളി വരാൻ പോകുന്ന കൂട്ടക്കുരുതിക്ക് അവർ തുടക്കമിട്ടു.

ഹാഫിസ് സയിദും സഖി ഉർ റഹ്മാൻ ലഖ്വിയും പരിശീലിപ്പിച്ച് ഭാരതത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായ മുംബൈ പട്ടണം ആക്രമിക്കാൻ അയച്ച ലഷ്കർ ഭീകരരായ അബു ഇസ്മായിൽ , ഇമ്രാൻ ബാബർ , അബു ഉമർ , അബു നാസിർ , അർഷദ് ഹാഫിസ് , അബ്ദുൾ റഹ്മാൻ, ഫഹദുള്ള, അബു അലി ജാവേദ് , അബു ഷോയബ് , അജ്മൽ കസബ് എന്നിവരായിരുന്നു ആ പത്തുപേർ.

ഒരു എകെ 47 , ഒരു പിസ്റ്റൾ , മുപ്പത് റൗണ്ട് വെടിയുതിർക്കാവുന്ന എട്ട് മാഗസിനുകൾ , ഏഴ് റൗണ്ട് വെടിയുതിർക്കാൻ കഴിയുന്ന രണ്ട് പിസ്റ്റൾ മാഗസിനുകൾ , പത്ത് ഹാൻഡ് ഗ്രനേഡുകൾ, ഉണക്ക മുന്തിരി ബദാം , നോക്കിയ ഫോൺ , ജിപിഎസ് ( ഓരോ ഗ്രൂപ്പിനും ആകെ അഞ്ചെണ്ണം ), ഹെഡ് ഫോൺ , എട്ട് കിലോ ആർഡിഎക്സ്, ആറായിരം ഇന്ത്യൻ രൂപ തുടങ്ങിയ സാധനങ്ങൾ ഓരോരുത്തരുടേയും കയ്യിൽ ഉണ്ടായിരുന്നു. സാറ്റലൈറ്റ് ഫോണും ജിപിഎസും വേറെയും .

ഹിന്ദു പേരുകളുള്ള തിരിച്ചറിയൽ കാർഡും അവരുടെ കയ്യിലുണ്ടായിരുന്നു . അജ്മൽ കസബിന്റെ പേര് സമീർ ദിനേഷ് ചൗധരി , ഇസ്മായിലിന്റെ പേര് നരേഷ് വിലാസ് വർമ , ബാബർ ഇമ്രാന്റെ പേര് അർജുൻ കുമാർ , ഹാഫിസ് അർഷദിന് രഘുബീർ സിംഗ് ഇങ്ങനെ എല്ലാവർക്കും ഹിന്ദു പേരുകളുള്ള തിരിച്ചറിയൽ കാർഡാണ് ഉണ്ടായിരുന്നത് . ഹൈദരാബാദിലെ അരുണോദയ ഡിഗ്രി കോളേജിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുകളായിരുന്നു ഇവയെല്ലാം.

മുംബൈ തീരത്ത് നിന്ന് കുറച്ചകലെ വച്ച് ബോട്ടിലുണ്ടായിരുന്ന റബ്ബർ സ്പീഡ് ബോട്ടിൽ അവർ കാറ്റ് നിറച്ചു . അതിനിടയിൽ എല്ലാവരും പുതിയ വസ്ത്രങ്ങൾ അണിഞ്ഞു . അജ്മൽ കസബ് കാർഗോ പാന്റും ചുവന്ന ടീഷർട്ടും അതിനു മുകളിൽ മറ്റൊരു നീല ടീഷർട്ടും ധരിച്ചു. ബോട്ടിൽ നിസ്കാരം നിർവഹിച്ചതിനു ശേഷം ഇതിനോടകം തയ്യാറായ സ്പീഡ് ബോട്ടിലേക്ക് അവർ ആയുധങ്ങൾ മാറ്റി . പെട്ടെന്നാണ് മറ്റൊരു ബോട്ട് സമീപത്തേക്ക് വരുന്നത് അവർ കണ്ടത് .

നേവി ബോട്ടാണെന്ന് തെറ്റിദ്ധരിച്ച് എല്ലാവരും പെട്ടെന്ന് സ്പീഡ് ബോട്ടിലേക്ക് ചാടിക്കയറി . അതിനിടയിൽ തന്റെ സാറ്റലൈറ്റ് ഫോണെടുക്കാൻ ഇസ്മായിൽ ഖാൻ മറന്നു . ഫോൺ എം . വി കുബറിനുള്ളിൽ കുടുങ്ങി. മുംബൈ തീരത്തിന് നാല് നോട്ടിക്കൽ മൈൽ മാത്രം അകലെയായിരുന്നു അപ്പോൾ അവർ .

പത്തുപേർക്കും നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങൾ അവർ ഒന്നുകൂടി ഉറപ്പിച്ചു . വിക്ടോറിയ ടെർമിനസിലേക്ക് ( സിഎസ്ടി ) കസബും ഇസ്മായിലും , ഷോയബും നാസിറും ലിയോപോൾഡ് ഹോട്ടലിലേക്ക് , ജാവേദും ഹാഫിസ് അർഷദും താജ് ഹോട്ടലിലേക്ക് , ഇമ്രാൻ ബദറും നാസിറും നരിമാൻ ഹൗസിൽ . ഇവരെല്ലാവരും ടാക്സിയിൽ നിർദ്ദിഷ്ടസ്ഥാനങ്ങളിൽ എത്തണമെന്നും ഫഹദുള്ളയും അബ്ദുൾ റഹ്മാനും ഒബ്‌റോയ് ഹോട്ടലിന് സമീപത്തേക്ക് സ്പീഡ് ബോട്ടിൽ തന്നെ പോകാനുമായിരുന്നു തീരുമാനം.

നവംബർ 26 രാത്രി ഒൻപത് മണിക്ക് സ്പീഡ് ബോട്ട് മുംബൈ തീരത്തെത്തി. നിശ്ചയിച്ചിരുന്നതിനേക്കാൾ ഒന്നരമണിക്കൂർ താമസിച്ചാണ് അവർ തീരത്തെത്തിയത് . ഇസ്മായിലും കസബും വിക്ടോറിയ ടെർമിനൽസിലേക്ക് ടാക്സിയിൽ കയറി . ഇസ്മായിൽ ഡ്രൈവറോട് സംസാരിക്കുന്നതിനിടെ കസബ് വാഹനത്തിൽ ടൈംബോബ് ഘടിപ്പിച്ച ബാഗ് വച്ചു . ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റിനും ശേഷം പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ടൈം ബോംബ് ഘടിപ്പിച്ചത്.

ചത്രപതി ശിവജി ടെർമിനസിൽ ഇരുവരും ഇരുപത് മിനിറ്റ് കൊണ്ട് എത്തി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഇസ്മായിൽ ടോയ്‌ലറ്റിൽ പോയി ടൈം ബോംബ് ബാറ്ററിയുമായി ഘടിപ്പിച്ചു. ഈ ബോംബ് വച്ച ബാഗ് യാത്രക്കാർ ഇരിക്കുന്ന വെയ്റ്റിംഗ് റൂമിൽ വച്ചു. ആക്രമണം തുടങ്ങാൻ തീരുമാനിച്ച ഇരുവരും എ കെ 47 തോക്ക് എടുത്ത് വിവേചന രഹിതമായി വെടിയുതിർത്തു തുടങ്ങി.

എങ്ങും ആർത്തനാദങ്ങളും നിലവിളികളും മാത്രം . മുംബൈ സിഎസ്ടി നിമിഷങ്ങൾക്കകം ചോരക്കളമായി . നിരപരാധികളായ സാധാരണക്കാർ വെടിയേറ്റു വീണു തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കും പിടിച്ചു നിൽക്കാനായില്ല . പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഒന്ന് നിലയുറപ്പിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല .

നിമിഷങ്ങൾക്ക് മുൻപ് ജീവൻ തുടിച്ചിരുന്ന മുംബൈ സിഎസ്ടി ടെർമിനൻസ് പൂർണമായും വിജനമായി . ശവങ്ങൾ അങ്ങിങ്ങ് കിടന്നു . ചോരപ്പുഴയായിരുന്നു പ്ളാറ്റ്ഫോമിലെങ്ങും . വെടിയുതിർത്തുകൊണ്ട് കസബും ഇസ്മായിലും പുറത്തേക്കിറങ്ങി . പുറത്തു കിടന്ന കാറുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അപ്പോഴേക്കും കൂടുതൽ പൊലീസെത്തി വെടിവെപ്പാരംഭിച്ചിരുന്നു .

എന്നാൽ സാധാരണ റൈഫിളുകൾ കൊണ്ട് ‌എകെ 47 ന്റെ മൃഗീയതയെ തടഞ്ഞ് നിർത്താനായില്ല . ഇരുവരും പുറത്തുകടന്ന് കാമ ആശുപത്രിയുടെ മതിൽ ചാടി അകത്തെത്തി . കെട്ടിടത്തിലേക്ക് കടന്നു. വെടിവെച്ച പോലീസുകാരെ വധിച്ചു . ജനങ്ങൾക്ക് നേരേ ഗ്രനേഡുകൾ എറിഞ്ഞു .

ആശുപത്രിയിലെ മുറിയിൽ കയറി എല്ലാവരേയും കൊല്ലാൻ തീരുമാനിച്ചെങ്കിലും വാതിലുകളെല്ലാം അപ്പോഴേക്കും അകത്തു നിന്ന് അടച്ച നിലയിലായിരുന്നു . അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാൻ ഭീകരർ പുറത്തിറങ്ങി . ഒരു മതിൽ മറയാക്കി മുന്നോട്ട് പോയി റോഡിലേക്ക് ചാടിയിറങ്ങി. റോഡിൽ കിടന്ന പൊലീസ് കാർ ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും രണ്ട് ഭീകരരും വെടിയുതിർത്ത് ഡ്രൈവറെ വധിച്ചു.

പെട്ടെന്നാണ് തങ്ങൾക്കു നേരേ ഒരു ക്വാളിസ് കാർ പാഞ്ഞുവരുന്നത് ഭീകരരുടെ ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ സമീപത്തുള്ള കുറ്റിക്കാടുകളിൽ മറഞ്ഞ് നിന്ന ഭീകരർ കാർ അടുത്തെത്തിയപ്പോൾ ശക്തമായി നിറയൊഴിച്ചു . കാറിൽ നിന്നും ശക്തമായ വെടിവെപ്പുണ്ടായി . കസബിന്റെ കൈക്ക് പരിക്കേറ്റു. കാറിൽ നിന്നുള്ള വെടിവെപ്പ് പൂർണമായും നിലച്ചപ്പോൾ ഭീകരർ കാറിനെ സമീപിച്ചു . അതിലുള്ള എല്ലാവരും മരിച്ചിരുന്നു.

( കാംതെ , കാർക്കറെ ,സലാസ്കർ എന്നിവർ കൊല്ലപ്പെട്ട സ്ഥലം )

ആ കാറിൽ ഉണ്ടായിരുന്നത് മുംബൈയിലെ പ്രഗത്ഭരായ മൂന്ന് പൊലീസ് ഓഫീസർമാരായിരുന്നു . ഹേമന്ത് കാർക്കറെ , വിജയ് സലാസ്കർ , അശോക് കാംതെ

അടുത്തത് : കാർക്കറെയും അശോക് കാംതെയും വിജയ് സലാസ്കറും എങ്ങനെ ഒരു വാഹനത്തിൽ പെട്ടു. കസബ് എങ്ങനെ പിടിയിലായി :

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close