Special

ഓ മിതാലി….

ക്രിക്കറ്റോ നൃത്തമോ ഇതിലേതെങ്കിലുമൊന്ന് തീരുമാനിക്കാൻ പറഞ്ഞാൽ വർഷങ്ങൾ ഭരതനാട്യം അഭ്യസിച്ച നർത്തകി എന്താകും തെരഞ്ഞെടുക്കുക . സംശയമെന്ത് ഭരതനാട്യം തന്നെയെന്നായിരിക്കും ഉത്തരം . സാധാരണ അതങ്ങനെതന്നെയാണല്ലോ . എന്നാൽ ജോധ്പൂരിലെ ദൊരൈരാജിന്റെയും ലീലയുടേയും മകൾ പണ്ടേ തന്നെ അസാധാരണമായ തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ളവളായിരുന്നു .

ചേട്ടൻ കളിക്കുന്നത് കണ്ട് കൊണ്ട് മരച്ചുവട്ടിൽ പുസ്തകപ്പുഴുവായിരുന്ന ഒരു പെൺകുട്ടി ലോകമറിയുന്ന ക്രിക്കറ്ററായി വളർന്നതിന് പിന്നിൽ മനക്കരുത്തും നിശ്ചയ ദാർഢ്യവും സമാനതകളില്ലാത്ത പോരാട്ട വീര്യവും പ്രധാന പങ്കു വഹിച്ചിട്ടുണ്ട് . എല്ലാ ദിവസവും രാവിലെ കരഞ്ഞു കൊണ്ട് മാത്രം ഉറക്കമുണരുന്ന മടിച്ചിയായ മകളെ ഊർജ്ജ്വസ്വലയാക്കുവാൻ ക്രിക്കറ്റ് ഭ്രാന്തനായ അച്ഛൻ കണ്ടു പിടിച്ച വഴിയായിരുന്നു ക്രിക്കറ്റ് അക്കാദമി .


(ദൊരൈ രാജ് – ലീല രാജ് )

മകൻ മിതുൻ രാജിനൊപ്പം മിതാലിയേയും അച്ഛൻ ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു.പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു . കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സെന്റ് ജോൺസ് അക്കാദമിയിലെ കോച്ച് ജ്യോതി പ്രസാദ് കാര്യം മനസ്സിലാക്കി . ദൊരൈ രാജിനോട് പറഞ്ഞു . മകളെ ശ്രദ്ധിക്കൂ . അവളാണ് പ്രതിഭ . !

മുൻപ് താൻ വെറുത്തിരുന്ന ക്രിക്കറ്റ് കളിയെ മിതാലി പൂർണമനസ്സോടെ സ്വീകരിച്ചു . വനിത ക്രിക്കറ്റിന് യാതൊരു സാദ്ധ്യതയും കൽപ്പിക്കാതിരുന്ന അക്കാലത്ത് അതൊരു ധീരമായ തീരുമാനം തന്നെയായിരുന്നു താനും . മിതാലി ദൊരൈ രാജ് എന്ന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്ടൻ സ്വതസിദ്ധമായ ബാറ്റിംഗ് പാടവം കൊണ്ട് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച് തുടങ്ങുന്നത് അങ്ങനെയാണ് .

ജീവിതത്തിൽ ഏറ്റവും നിർണായക ഘട്ടത്തിൽ തീരുമാനങ്ങളെടുക്കാൻ അസാധാരണമായ ചങ്കൂറ്റം വേണം . തെറ്റിയാൽ പോകുന്നത് ചിലപ്പോൾ ജീവിതം തന്നെയാകും . തീരുമാനം തെറ്റിയില്ല. മിതാലി വിജയിച്ചു ഭംഗിയായിത്തന്നെ . ആ തീരുമാനം ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയും ചെയ്തു.

ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാദ്ധ്യതയുള്ളവളെന്ന് പ്രവചനം വന്നപ്പോൾ മിതാലിക്ക് വയസ്സ് 14 .. സ്ട്രെയിറ്റ് ബാറ്റ് ഷോട്ടുകളുടെ വന്യതയും കൃത്യതയുമായിരുന്നു ഒളിഞ്ഞിരിക്കുന്ന പ്രതിഭയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രവചനം ഫലിച്ചു . പതിനേഴാമത്തെ വയസ്സിൽ ഇന്ത്യൻ ക്യാപ്പണിഞ്ഞു മിതാലി.

അയർലൻഡിനെതിരെ 1999 ൽ ആദ്യമത്സരം . രേഷ്മ ഗാന്ധിക്കൊപ്പം ഓപ്പണിംഗ് . കാലം തെളിയിച്ച ക്ളാസ് ബാറ്റിംഗിന്റെ മിന്നലാട്ടം . അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി . ഒപ്പം അയർലൻഡിനെതിരെ പടുകൂറ്റൻ വിജയവും . ഇതിലപ്പുറം എന്താണ് ഒരു തുടക്കക്കാരിക്ക് വേണ്ടത് ?

2002 ൽ ഇരുപത് വയസു തികയുന്നതിനു മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി . മൂന്നാം ടെസ്റ്റിൽ തന്നെ ലോക റെക്കോർഡ് . ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ മിതാലി സ്വന്തം പേരിലാക്കി . ഇംഗ്ളണ്ടിനെതിരെ ടോണ്ടനിൽ പത്ത് മണിക്കൂർ ക്രീസിൽ നിന്ന് നേടിയത് 214 റൺസ് . പഴങ്കഥയായത് ആസ്ട്രേലിയയുടെ കാരൻ റോൾട്ടന്റെ റെക്കോഡ്.

ഇന്ത്യക്ക് വേണ്ടി വനിത ക്രിക്കറ്റിന്റെ എല്ലാവിഭാഗങ്ങളിലും ഏറ്റവും കൂടുതൽ റൺസ് നേടിയത് ആരെന്ന ചോദ്യത്തിന് മിതാലിയെന്ന ഒരുത്തരമേയുള്ളൂ . അന്താരാഷ്ട്ര വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതാരെന്ന ചോദ്യത്തിനും അതേ ഉത്തരം മാത്രമാണുള്ളത് .പതിനെട്ട് വർഷത്തെ ഏകദിന കരിയറിനിടയിൽ ആറു സെഞ്ച്വറികൾ , 49 അർദ്ധ സെഞ്ച്വറികൾ , അതിൽ തന്നെ തുടർച്ചയായ ഏഴു മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയെന്ന റെക്കോഡ് വേറെയും . 2003 ൽ അർജുന അവാർഡും 2015 ൽ പദ്മശ്രീയും മിതാലിയെ തേടിയെത്തി . ബിബിസിയുടെ നൂറു വനിതകളിലും അവർ ഇടം പിടിച്ചു.

ക്രിക്കറ്റിൽ മാത്രമല്ല വ്യക്തിത്വത്തിലും മിതാലി രാജ് വ്യത്യസ്തയാണ് . മിഡ് വിക്കറ്റിനും മിഡോണിനുമിടയിലുള്ള ഗ്യാപ് ഭേദിക്കുന്നതിനേക്കാളും കൃത്യതയുള്ളതാണ് മിതാലിയുടെ വീക്ഷണങ്ങൾ . ഒരിക്കൽ ലേഡി സച്ചിൻ എന്ന വിളിപ്പേരിനെ പറ്റി ചോദിച്ചപ്പോൾ ഒരു സങ്കോചവും കൂടാതെ അവർ മറുപടി പറഞ്ഞു .

“സച്ചിൻ പുരുഷ ക്രിക്കറ്റിലെ മുടിചൂടാമന്നനാണ് . തീർച്ചയായും അതെനിക്കൊരു ബഹുമതിയാണ് .പക്ഷേ എന്നെ എന്റെ നേട്ടങ്ങളിൽ കൂടി മിതാലിയെന്ന പേരിൽ തന്നെ അറിയപ്പെടാനും സ്നേഹിക്കപ്പെടാനുമാണ് എനിക്കിഷ്ടം .“

പോയകാലത്തിന്റെ നേട്ടങ്ങൾ പറഞ്ഞ് കടിച്ചു തൂങ്ങാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറയാൻ മിതാലിയെ പ്രേരിപ്പിക്കുന്നതും ഈ വ്യക്തിത്വം തന്നെ. കൂടുതൽ ചെറുപ്പമുള്ള ഒരു ടീമിനെ നയിക്കുമ്പോൾ നിങ്ങളവർക്ക് മാതൃകയാകണം . അത് പ്രകടനത്തിലും കായികക്ഷമതയിലും എല്ലാം വേണം താനും . അക്കാര്യത്തിൽ തനിക്ക് മാതൃക ക്യാപ്ടൻ കോഹ്‌ലിയാണെന്നും മിതാലി തുറന്ന് പറയുന്നു.

കളിക്കളത്തിനകത്തും പുറത്തും ക്യാപ്റ്റൻ കൂൾ തന്നെയാണ് അവർ . ആറായിരം റൺസ് കടക്കുന്ന ആദ്യ താരമായപ്പോൾ നോൺ സ്ട്രൈക്കിംഗ് എൻഡിൽ ബാറ്റ് ചെയ്തിരുന്ന വേദ കൃഷ്ണമൂർത്തി ഒരു ചെറുചിരിയോ ആഹ്ളാദത്തോടെയുള്ള ബാറ്റുയർത്തലോ പ്രതീക്ഷിച്ചു . പക്ഷേ അതൊന്നുമുണ്ടായില്ല . തൊട്ടടുത്ത് പന്ത് നേരിടാൻ മിതാലി ബാറ്റിംഗ് ക്രീസിലേക്ക് സാവധാനം നടന്നു പോയി അത്ര തന്നെ .

താനെത്തേണ്ടത് എവിടെയെന്നും അവിടേക്കെത്താനുള്ള വഴി എന്താണെന്നും സ്വയം തീരുമാനിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാകാൻ കഴിഞ്ഞതാണ് മിതാലി ദൊരൈ രാജിനെ വ്യത്യസ്തയാക്കുന്നത് . അതിനു കഴിയാത്തവർ  ഇന്നും ഒരുപാടുള്ളപ്പോൾ മിതാലി രാജ് ഒരു മാതൃക തന്നെയാണ് .

കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ..!

( ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്ടൻ മിതാലി രാജിന്റെ ജന്മദിനമാണിന്ന് .. )

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close