Columns

മോടിയാകുമോ ഗുജറാത്ത് ?

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

ഒരു വശത്ത് മോദിയും അമിത്ഷായുമില്ലാത്ത ഗുജറാത്ത്, മോദി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്, മോദിയോളം ജനസ്വാധീനമില്ലാത്ത ബിജെപി നേതാക്കള്‍. മറുവശത്താകട്ടെ പട്ടേല്‍മേവാനിഅല്‍പേഷ് ത്രയങ്ങള്‍, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുലിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടം, പാകിസ്ഥാന്‍ ചൈന കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് ബാന്ധവം, ഇടത്ഇസ്ലാമിക ഭീകരവാദ കൂട്ട് കെട്ടിന്റെ സഹായം, എല്ലാത്തിലുമുപരി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡ്രംപിനായി കളി മെനഞ്ഞ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയുടെ അണുവിട പിഴയ്ക്കാത്ത തന്ത്രങ്ങള്‍, എന്നിട്ടും ബിജെപി വിരുദ്ധ രാഷ്ട്ര വിരുദ്ധ ശക്തികളുടെ നെഞ്ചില്‍ തകര്‍ത്ത് സര്‍ദ്ദാറിന്റെ മണ്ണില്‍ കാവിവസന്തം വീശുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍.

മോദിയുടെ പതനം ഗുജറാത്തില്‍ നിന്നും എന്നതായിരുന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ വിശാല പ്രതിപക്ഷ കൂട്ടായ്മ വിശേഷിപ്പിച്ചത്. അല്‍പേഷ്പട്ടേല്‍മേവാനി ജാതിക്കോമരങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടി വീണതായിരുന്നില്ല. ആലോചിച്ചുറപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പയറ്റാനുള്ള മണ്ണൊരുക്കുകയായിരുന്നു മുകളില്‍ നിന്നുള്ള ഉത്തരവ്. പണം, മാധ്യമ പിന്തുണ എന്നിവയുടെ കരുത്തില്‍ അതവര്‍ ഭാഗികമായെങ്കിലും ചെയ്തുവെന്ന് പറയാതെ വയ്യ. ഉണ്ട ചോറിന് നന്ദി കാണിച്ചുവെന്ന് ചുരുക്കം. അമേരിക്കയില്‍ നിന്നും എനര്‍ജി ബൂസ്റ്റര്‍ കഴിച്ച് നേരെ വന്നിറങ്ങിയത് തീപാറുന്ന പോരാട്ട ഗോദയിലേക്കാണ്. അഹമ്മദ് പട്ടേലെന്ന കണിശക്കാരനായ രാഷ്ട്രീയക്കാരന്‍ മെനഞ്ഞ മോദി വിരുദ്ധ അച്ചുതണ്ടിന്റെ അമരക്കാരനാകേണ്ട ജോലിയേ അപ്പോഴേക്കും രാഹുലിന് ഉണ്ടായിരുന്നുള്ളൂ.

ഗുജറാത്തെന്ന മോദിയുടെ കൈയ്യിലെ വിലമതിക്കാനാവാത്ത മാണിക്യം തട്ടിപ്പറിക്കാന്‍ ആവുന്നതിനുമപ്പുറം ശ്രമിച്ചു പ്രതിപക്ഷനിര. ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള വീറും വാശിയുമല്ല ഗുജറാത്തില്‍ കണ്ടത്. ജയം വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല കോണ്‍ഗ്രസ്സിന്. ലക്ഷ്യം ഒന്നു മാത്രമായിരുന്നു. പകരം വയ്ക്കാനില്ലാത്ത നേതാവെന്ന മോദിയുടെ ഖ്യാതിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തണം. പറ്റിയാല്‍ ഒന്നോ രണ്ടോ സീറ്റ് കൂടുതല്‍ പിടിക്കണം. കോണ്‍ഗ്രസ്സിന്റെ നായരായ ശേഷം പുതുമണവാളന് അണികളെ വിശ്വാസത്തിലെടുക്കാന്‍ ഇത്രയെങ്കിലും ചെയ്യണമായിരുന്നും രാഹുല്‍ ഗാന്ധിക്ക്. അതിനുമപ്പുറം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയം കളയേണ്ടതുണ്ടോയെന്ന് അറിയുകയുമാവാം.

ജിഎസ്ടി, നോട്ട് നിരോധനം, പട്ടേല്‍ പ്രക്ഷോഭം, ദളിത് പീഢനം, ക്ഷേത്ര സന്ദര്‍ശനം, കീഴാളനെന്നും ചായക്കാരനെന്നുമുള്ള വിശേഷണങ്ങള്‍, എണ്ണമറ്റ റാലികള്‍, വോട്ടിംഗ് മെഷീനെതിരായ ആക്ഷേപം തുടങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വെല്ലുന്ന പണി മുഴുവന്‍ പയറ്റി ബിജെപി വിരുദ്ധ ചേരി. പാകിസ്ഥാന്‍ ആര്‍മി ജനറലുമായി രഹസ്യ ചര്‍ച്ച നടത്തി പിടിക്കപ്പെട്ടപ്പോള്‍ ആദ്യം നിഷേധിച്ചു പിന്നെ ന്യായീകരിച്ചും നാണം കെട്ടു. മുന്‍ പ്രധാനമന്ത്രിയും, മുന്‍ ഉപരാഷ്ട്രപതിയും ഇതിന് നേതൃത്വം നല്‍കി എന്നതാണ് ആശങ്കയുളവാക്കുന്നതും. പണം നല്‍കി റാലിക്ക് ആളെയെത്തിച്ച ദൃശ്യങ്ങളും, പട്ടേല്‍ നേതാവിന്റെ ലൈംഗിക വീഡിയോയും പൊതുജനം കണ്ടു.

ദളിത് നേതാവിന്റെ വേഷമണിഞ്ഞ ജിഗ്‌നേഷ് മേവാനി അള്ളാഹു അക്ബര്‍ വിളിക്കാന്‍ പറഞ്ഞതും മോദി വിളി കേട്ട് നാണം കെട്ടതും ഗുജറാത്ത് കാട്ടിത്തന്നു. താന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ, പാഴ്‌സിയാണോ മനുഷ്യനാണോ എന്ന് പോലും തിരിച്ചറായാത്ത ഒരു ചെറുപ്പക്കാരന്റെ ദയനീയാവസ്ഥക്കും പാവപ്പെട്ട ഗുജറാത്തികള്‍ സാക്ഷികളായി. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യമെന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ എന്നവണ്ണം കേരളത്തിലെ സിപിഎം നേതാക്കള്‍ ചാനലുകളില്‍ എത്തി ബിജെപി വിരുദ്ധ പ്രസ്താവനകളിലൂടെ ആത്മരതിയടഞ്ഞു. പക്ഷേ ഇതാദ്യമായി ഗുജറാത്ത് കലാപമെന്ന സ്ഥിരം നമ്പര്‍ ആരും ഇറക്കിയതായി കണ്ടുമില്ല.

അവസാനമായി ദേശീയ മാദ്ധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന പക്ഷം 2019ല്‍ ചെങ്കോട്ടയില്‍ നരേന്ദ്രമോദി ത്രിവര്‍ണം പാറിക്കുമെന്നുറപ്പ്. കാരണം നിലവില്‍ ഗുജറാത്തില്‍ കാട്ടിക്കൂട്ടിയതിനപ്പുറം പ്രതിപക്ഷ അവിയല്‍ മുന്നണിക്ക് കൂടുതലൊന്നും ചെയ്യാനില്ല എന്നത് തന്നെ.  മാത്രമല്ല ആർ എസ് എസിന്റെ പിന്തുണയോടെ ബിജെപി നടത്തുന്ന മുന്നേറ്റത്തെ നേരിടാനുള്ള ആയുധങ്ങള്‍ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ കൈവശം ഇല്ലെന്ന് രാജ്യത്തി് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം മനസ്സിലാവുകയും ചെയ്യും

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close