Special

വടിവാളിന്റെ ഇടയിലേക്ക് ഒരു വിവരാവകാശം

വരികൾക്കിടയിൽ എസ് ശ്രീകാന്ത്

മഹാ സാമ്രാജ്യങ്ങള്‍ തകര്‍ന്ന് വീണതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏകാധിപതികളുടെ പതനവും ധാരാളം കണ്ടു. പക്ഷേ പതിറ്റാണ്ടുകള്‍ പാണന്‍ പാട്ട് പോലെ പാടിപ്പതിഞ്ഞ ഒരു നുണ, അത് തകര്‍ന്ന് തരിപ്പണമാകുന്നത് ചരിത്രത്തില്‍ തന്നെ ഇതാദ്യമാകാം. അതും നുണ പ്രചരിപ്പിച്ചവരുടെ പിന്‍ഗാമികളാല്‍ തന്നെ. പറഞ്ഞ് വന്നത് ആര്‍എസ്എസ് – ഗാന്ധിവധ ബന്ധമെന്ന 1948ല്‍ തുടങ്ങിയ സമാനതകളില്ലാത്ത നുണയെപ്പറ്റിയാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം സത്യം പുറത്ത് വരാന്‍ നിമിത്തമായതാകട്ടെ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത സാക്ഷാല്‍ പിണറായി വിജയനും.അല്‍പം ധാര്‍ഷ്ട്യക്കൂടുതലും, അതിലേറെ രാഷ്ട്രീയ തിമിരവും ബാധിച്ച സമയത്ത് നിയമസഭയാണെന്നോ താനിപ്പോള്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയാണെന്നോ നോക്കാതെ ആര്‍എസ്എസ് ഗാന്ധിയെ കൊന്നവരാണെന്ന് തട്ടിവിട്ടു. അതും ഏതോ വിഷയത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു താനും.

നീട്ടിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുന്നിലൂടെ നടക്കുന്നതിനിടയില്‍ വിവരാവകാശ നിയമത്തെക്കുറിച്ചോ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ പുള്ളിക്ക് പഠിക്കാനിട്ട് ഒത്തതുമില്ല. ഏതോ ഒരു സാമദ്രോഹി ആ മറുപടിയില്‍ തൂങ്ങിപ്പിടിച്ച് വിവരാവകാശവുമായി തന്റെ ഓഫീസിലേക്ക് വന്നപ്പോഴാണ് പുതിയ സ്‌കീമുകളെപ്പറ്റിയൊക്കെ വെളിച്ചം വീണത്. കിട്ടിയ വിവരാവകാശത്തിലെ ചോദ്യങ്ങള്‍ ഇവയായിരുന്നു. * ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്സുകാരാണെന്നതിന് തെളിവുണ്ടോ.
* എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയത്.
* നിയമസഭയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രസ്താവനയ്ക്കായി ആശ്രയിച്ച രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ.

ഒന്നേ വായിച്ചുള്ളൂ. കണ്ണിലാകെ ഇരുട്ടു കയറുന്നത് പോലെ. ഫോണെടുത്ത് കറക്കി വളച്ചൊടിക്കല്‍ ഫെയിം പി.എം.മനോജിനെ വിളിച്ചു വരുത്തി. ഇരുട്ട് കയറിയ രണ്ട് കണ്ണുകള്‍ കൂടി ആയതൊഴിച്ചാല്‍ ഗുണമൊന്നും ഉണ്ടായില്ല. പു.ക.സ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആസ്ഥാനത്തേക്ക് വിളിയെത്തി. ആസ്ഥാന ബുദ്ധിജീവികള്‍ എകെജി സെന്ററിന്റെ മച്ചിന്‍മേലാകെ അരിച്ചുപെറുക്കി. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് തെളിയിക്കുന്ന ഒരു കഷ്ണം കടലാസ് പോലുമില്ല. അവസാന വഴിയെന്ന നിലയില്‍ ഡിജിപിയെ വിളിച്ചു വരുത്തി.

ഗാന്ധിയെ കൊന്ന കുറ്റം ചാര്‍ത്തി ഏതെങ്കിലും ആര്‍എസ്എസ്സുകാരനെ രാത്രിക്ക് മുന്‍പ് പൊക്കാന്‍ പറ്റുമോയെന്ന് കെഞ്ചി. വയോജനങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത് പാരയാകുമെന്ന് ഡിജിപിയും കൈമലര്‍ത്തി. പഴയ മാഷാ അള്ളാ ഇന്നോവ വീണ്ടുമെടുക്കാമെന്ന് വച്ചാല്‍ ഓടിക്കാനുള്ള ഡ്രൈവര്‍മാരെല്ലാം അകത്തുമാണ്. എല്ലാ വാതിലുമടഞ്ഞതോടെയാണ് കയറിക്കൂടിയത് പുലിപ്പുറത്താണല്ലോയെന്ന് മനസ്സിലായത്.

ഇതോടെ കിലുക്കം സിനിമയില്‍ ഇന്നസെന്റ് തിലകനോട് പറഞ്ഞ ആ ഡയലോഗ് ഒരു ഷീറ്റ് വെള്ള പേപ്പറില്‍ അദ്ദേഹമെഴുതി, ‘ അതേ ഞാന്‍ എന്താ പറഞ്ഞതെന്ന് എനിക്കോര്‍മയില്ല. എന്റെയോ എന്റെ പാവപ്പെട്ട ഓഫീസിന്റെയോ കൈയ്യില്‍ ഒരു രേഖയുമില്ല’. ശേഷം ചുമരില്‍ തൂക്കിയ ഓള്‍ഡ് പാര്‍ട്ടി കമ്രേഡ്‌സിന്റെ ചിത്രങ്ങള്‍ നോക്കി ഇങ്ങനെ പിറുപിറുത്തു, ‘ നിങ്ങള്‍ക്കൊക്കെ തൃപ്തിയായല്ലോ അല്ലേ, സാമദ്രോഹികള് കള്ളം പറഞ്ഞോണ്ട് ഇറങ്ങിക്കോളും പാവപ്പെട്ടവനെ ഇട്ട് വെള്ളം കുടിപ്പിക്കാന്‍’.

പിണറായി വിജയനും സിപിഎമ്മിനും എന്തും പറയാം. പക്ഷേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് അത് പറ്റില്ലെന്ന് പിണറായി വിജയനോട് ഉപദേശകരില്‍ ഒരാള്‍ പോലും പറഞ്ഞില്ല. അത് കൊണ്ട് തന്നെ പറ്റിപ്പോയി. കപൂര്‍ കമ്മീഷനും, കോടതിയും എല്ലാം പറഞ്ഞിട്ടും നാടാകെ പാടി നടന്ന ഗാന്ധി വധം നാടകം ഇനി വേദിയില്ലാതെ ഒടുങ്ങുമെന്നതാണ് സ്ഥിതി. പോളിറ്റ് ബ്യൂറോ അംഗമാണ് വയറ്റിപ്പിഴപ്പ് മുടക്കിയത് എന്നതിനാല്‍ ഡല്‍ഹി ബുദ്ധിജീവികളും ഇടിവെട്ടേറ്റ സ്ഥിതിയിലാണ്.

ദീപ ടീച്ചര്‍ ഇല മടക്കിക്കഴിഞ്ഞു. ചിന്തയ്ക്ക് ഈ ദുരവസ്ഥ ചിന്തിക്കാനേ വയ്യ. പി.പി.ദിവ്യയ്ക്ക് ആരെ തന്തയ്ക്ക് വിളിക്കണമെന്ന് നിശ്ചയമില്ല. ഇന്നോവ വീട്ടിലെത്തുമെന്ന് പേടിച്ച് നാടന്‍ സഖാക്കള്‍ മിണ്ടാതിരുന്നെന്ന് വരാം. പക്ഷേ വെള്ള പേപ്പറില്‍ സര്‍ക്കാര്‍ സീല്‍ വെച്ച് സ്വന്തം ഓഫീസില്‍ നിന്നും നല്‍കിയ മറുപടി പിണറായി വിജയനെ പല്ലിളിച്ച് കാട്ടുന്നുണ്ട്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close