NewsSpecial

കാമരാജിനെ മറക്കുന്ന കോൺഗ്രസ്

-കാളിയമ്പി

1942: വാർദ്ധ

ക്വിറ്റിന്ത്യാ സമര തീരുമാനം വാർദ്ധായിൽ ചേർന്ന ഭാരത ദേശീയ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗീകരിച്ച ശേഷം ഉണ്ടായ പിരിമുറുക്കം നിറഞ്ഞ സമയം. ജവഹർലാൽ നെഹ്റു, മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയ നേതാക്കൾക്കൊന്നും ക്വിറ്റ് ഇൻഡ്യാ സമര തീരുമാനം ഒട്ടും ഇഷ്ടമായില്ലെങ്കിലും, വലിയ വിമർശനങ്ങൾ ഉയർത്തിയെന്നാലും ഗാന്ധിജിയുടെ നേതൃത്വത്തെ അംഗീകരിച്ചു മിണ്ടാതെ നിന്നു. സി രാജഗോപാലാചാരിയെ പോലെയുള്ള നേതാക്കൾ ക്വിറ്റ് ഇൻഡ്യാ തീരുമാനത്തെയെതിർത്ത് കോൺഗ്രസിൽ നിന്നുതന്നെ രാജിവെച്ചൊഴിഞ്ഞു.

എന്നാൽ സർദാർ വല്ലഭായി പട്ടേൽ, ജയപ്രകാശ് നാരായണൻ തുടങ്ങിയ നേതാക്കൾ ശക്തമായി സമരത്തെ അനുകൂലിച്ച് ഗാന്ധിജിയുടെ പിറകിൽ അണി നിരന്നു. അക്കൂട്ടത്തിൽ തമിഴ്നാട്ടിൽനിന്നുള്ള അതിശക്തനായ ആ യുവനേതാവും ഉണ്ടായിരുന്നു.

ക്വിറ്റിന്ത്യാ സമര തീരുമാനം എല്ലാ കമ്മിറ്റികളിലും മറ്റു ഘടകങ്ങളിലും നേരിട്ട് അറിയിക്കാനായി നേതാക്കൾ വാർദ്ധായിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗത്തേക്കു തിരിച്ചു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. കോൺഗ്രസ് നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുവാൻ തയ്യാറായി ബ്രിട്ടീഷുകാർ പൊലീസിനെ വിന്യസിച്ചിരുന്നു.

എന്തുവന്നാലും പിടികൊടുക്കുകയില്ല എന്നും സമരത്തെപ്പറ്റിയും സമര തീരുമാനങ്ങളെ പറ്റിയും സകല കോൺഗ്രസ് കമ്മറ്റികളിലും അറിയിച്ച ശേഷം മാത്രമേ പിടി കൊടുക്കുകയുള്ളൂ ആ യുവനേതാവ് ഉറപ്പിച്ചു. തമിഴ്നാട്ടിലേക്കുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുവാൻ ആർക്കോണത്ത് വൻ പോലീസ് സന്നാഹം തയ്യാറായി നിന്നിരുന്നു. പക്ഷേ അവരുടെ കൈയ്യിലകപ്പെടാതെ അതിവിദഗ്ധമായി ഈ നേതാവ് തമിഴ്നാട്ടിൽ മുഴുവൻ സഞ്ചരിച്ചു. നേരിട്ട് ചെന്നൈയിലേക്ക് പോകാതെ തഞ്ചാവൂർ മധുരൈ തിരുച്ചിറപ്പള്ളി തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ച് കോൺഗ്രസ് നേതാക്കളെയും ഭാരവാഹികളെയും കണ്ടു. സമരത്തെപ്പറ്റി ബോധവൽക്കരിച്ച് വേണ്ടുന്ന വിവരങ്ങളെല്ലാം നൽകി.പ്രവർത്തകർക്ക് ആവേശം നൽകി. സമരത്തെപ്പറ്റി അവബോധം വളർത്തി.

എല്ലാം കഴിഞ്ഞ് ചെന്നൈയിലെത്തിയ അദ്ദേഹം വീട്ടിലെത്തിയശേഷം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഒരു കുറിപ്പു കൊടുത്തയച്ചു. ‘ചെന്നൈയിൽ എത്തിയിട്ടുണ്ട്. നിങ്ങൾക്ക് എന്നെ വേണമെങ്കിൽ ഇപ്പോൾ അറസ്റ്റ് ചെയ്യാം.. ‘

കുമാരസ്വാമി കാമരാജ് എന്നായിരുന്നു നേതാവിന്റെ പേര്. തമിഴകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരസേനാനി.

സ്വാതന്ത്യാനന്തരം വിപ്ളവകരമായ മാറ്റങ്ങളാണ് കാമരാജർ തമിഴകത്ത് വരുത്തിയത്.തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ധീരമായ വികസന പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി.

അധികാരരാഷ്ട്രീയം അദ്ദേഹം വിട്ടൊഴിഞ്ഞത് മുതിർന്ന നേതാക്കൾ സംഘടനാ പ്രവർത്തനങ്ങൾക്ക് സമയം ചിലവഴിയ്ക്കണം എന്ന സ്വന്തം ആദർശമനുസ്സരിച്ചായിരുന്നു. കാമരാജ് പദ്ധതി എന്ന് പ്രശസ്തമായ ആ പദ്ധതിയിൽ സ്വാതന്ത്യ സമര കാലത്തിനു ശേഷം രാഷ്ട്രീയത്തിനു നഷ്ടപ്പെട്ട ആദർശ ധീരതയും ദേശീയതയുടെ ഐക്യവും തിരികെപ്പിടിക്കാൻ ഉണ്ടായ ആ ഉണർവിൽ, കോൺഗ്രസ്സിലെ ഏറ്റവും മുതിർന്ന നേതാക്കളായ ലാൽ ബഹാദൂർ ശാസ്ത്രി, ജഗ്ജീവൻ റാം , മൊറാർജി ദേശായി, ബിജു പട്നായിക് തുടങ്ങിയ ശക്തരായ നേതാക്കൾ എല്ലാം കാമരാജിനെ സർവാത്മനാ അംഗീകരിച്ച് അധികാരസ്ഥാനങ്ങളിൽ നിന്ന് രാജിവച്ച് സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി.

കാമരാജ് പദ്ധതിയനുസ്സരിച്ച് സാക്ഷാൽ നെഹ്റു തന്നെ പ്രധാന മന്ത്രി പദം വിട്ടൊഴിയാൻ തയ്യാറായെന്ന് പാണന്മാർ പാടി നടക്കുന്നുണ്ടെങ്കിലും അദ്ദേഹം എന്തായാലും ഒന്നും ഒഴിഞ്ഞില്ല. കോൺഗ്രസ്സ് ദേശീയ പ്രസിഡന്റായി കാമരാജർ തന്നെയെത്തി.

പണ്ഡിറ്റ് നെഹ്റു തന്റെ പിൻഗാമിയായി വളർത്തി വന്നിരുന്നത് സ്വന്തം മകളെ ആയിരുന്നെങ്കിലും കോൺഗ്രസ്സ് പാർട്ടി നെഹ്റുവിന്റെ മരണശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ലാൽ ബഹാദൂർ ശാസ്ത്രി എന്ന ആദർശധീരനെയാണ്. അതിലളിതമായ ജീവിതരീതിയും ഉയർന്ന നേതൃപാടവവും ആദർശജീവിതത്തിൽ അടിയുറച്ച നിഷ്ഠയും ഉള്ള ശാസ്ത്രിജി പ്രധാനമന്ത്രിയാവാൻ കാമരാജർ തന്നെയാണ് ഏറ്റവും ശ്രമിച്ചതും. സ്വയം അധികാരസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് നിന്നു കൊണ്ടാണ് കാമരാജർ ശാസ്ത്രിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുയർത്തിയത്. സ്വതന്ത്ര ഭാരതത്തിലെ ആദ്യ ‘കിങ്ങ് മേക്കർ’ എന്ന് കാമരാജരെ പത്രങ്ങൾ പ്രശംസിച്ചു.

പാക്കിസ്ഥാനിലെ അയൂബ് ഖാനുമായി സന്ധി ഒപ്പിട്ട രാത്രിയിൽ റഷ്യയിലെ താഷ്കന്റിൽ വച്ച് ആകസ്മികമായി ശാസ്ത്രിജി വിടപറഞ്ഞപ്പോഴും എല്ലാ കണ്ണുകളും കാമരാജിലേയ്ക്കെത്തി. ഈയിടെ പുറത്ത് വിട്ട ClA യുടെ രേഖകളിൽ കാമരാജ് ആവും അടുത്ത പ്രധാനമന്ത്രി എന്നാണ് അവർ പോലും കരുതിയിരുന്നത് എന്ന് വ്യക്തമാകുന്നു. പക്ഷേ ഒരിക്കൽ കൂടി അദ്ദേഹം സ്വതന്ത്ര ഭാരതത്തിന്റെ ഏറ്റവും വലിയ കിരീടം നിരസിച്ചു.

അതു കൊണ്ട്, അതുകൊണ്ട് മാത്രം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി.

രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ കോൺഗ്രസ്സ് അധികാര മോഹികളുടെ കൂടാരമായി മാറി. മോത്തിലാൽ നെഹ്റു എന്ന അപ്പൂപ്പൻ ആഗ്രഹിച്ച പോലെ സൗദി അറേബ്യ അൽ സവുദ് കുടുംബത്തിന് തീറെഴുതി കൊടുത്ത മാതിരി നെഹ്റു കുടുംബത്തിന് ഭാരതം തീറെഴുതിക്കിട്ടണം എന്ന് ഇന്ദിര രഹസ്യമായ പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങി. ഭാരതം ഭാരതമായി അല്ലെങ്കിൽ പോലും കിട്ടുന്ന ഭാഗവുമെടുത്ത് രാജാവാകാൻ ശ്രമിച്ച ഇന്ദിര ആദ്യം ഒതുക്കാൻ തുടങ്ങിയത് ഒരു നയാ പൈസ രാഷ്ട്രീയത്തിൽ നിന്ന് സമ്പാദിക്കാത്ത സ്വാതന്ത്യ സമര സമയത്തെ ആദർശനിഷ്ഠ അതുപോലെ വച്ചു പുലർത്തുന്ന തലൈവർ കാമരാജിനെ തന്നെയാണ്.

1966 ൽ പ്രധാനമന്ത്രിയായ ഇന്ദിര 69 ൽ കോൺഗ്രസ്സ് പാർട്ടി പിളർത്തി. അധികാരസ്ഥാനങ്ങളിൽ കുളയട്ട മാതിരി കടിച്ചു പിടിച്ചിരുന്നവർ ഇന്ദിരയുടെ കൂടെ കൂടി കോൺഗ്രസ്സ് റൂളിങ്ങ് പാർട്ടി ഉണ്ടാക്കി. കാമരാജർ കോൺഗ്രസ്സ് സംഘടനാ പാർട്ടിയുടെ പ്രസിഡന്റായി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പിളർന്ന് അധികാരക്കൊതിയന്മാർ തുടങ്ങിയ കോൺഗ്രസ്സ് റൂളിങ്ങ് എന്ന പാർട്ടിയാണ് ഇന്ന് കോൺഗ്രസ്സ് ഐ എന്ന പാർട്ടി. സംഘടനാ കോൺഗ്രസ്സ് പതിയെ ജനതാപ്പാർട്ടികളുമായി ലയിയ്ക്കുകയോ നേതാക്കൾ അവരവരുടേതായ പാർട്ടികളുണ്ടാക്കുകയോ ചെയ്തു.

തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം കലശലായി കൊയ്യുന്ന സമയം. ശാസ്ത്രിജി പ്രധാനമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ ഹിന്ദി വിരുദ്ധ സമരമൊക്കെ പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് അവസാനിച്ചെങ്കിലും വിഘടനവാദത്തോളമെത്തി നിൽക്കുന്ന പ്രാദേശികവാദം ഇളക്കിവിടാൻ ദ്രാവിഡ കക്ഷികൾ കടുത്ത പ്രചരണങ്ങൾ നടത്തുന്ന സമയം. ദേശീയ രാഷ്ട്രീയത്തോടും ദേശീയതയോടും തമിഴരെ അടുപ്പിച്ച് നിർത്തുന്ന പൊക്കിൾക്കൊടിയായിരുന്ന, തമിഴരുടെ പ്രീയങ്കരനായ പെരുംതലൈവർ കാമരാജർ എന്ന മനുഷ്യനെ ഇല്ലാതാക്കേണ്ടത് ദ്രാവിഡരാഷ്ട്രീയത്തിന്റേയും ഇന്ദിരാഗാന്ധിയുടേയും പൊതുതാൽപ്പര്യമായി മാറിയിരുന്നു.

ദ്രാവിഡവാദത്തിനു ചെല്ലും ചെലവും നൽകിക്കൊണ്ട് എല്ലാവരേയും അമ്പരപ്പിച്ച് ഇന്ദിരാഗാന്ധി കാമരാജരുടെ സംഘടനാ കോൺഗ്രസ്സിനെതിരെ ദ്രാവിഡമുന്നേറ്റ കഴകവുമായി കൂട്ടുചേർന്നു. ഒമ്പത് ലോക്സഭാ സീറ്റുകളിൽ മത്സരിയ്ക്കാൻ നിയമസഭാ സീറ്റുകൾ മുഴുവൻ വിട്ടുനൽകാൻ പോലും ഇന്ദിരാ കോൺഗ്രസ്സ് തയ്യാറായി. ഇന്ദിരാ കോൺഗ്രസ്സിന്റെ ചെല്ലും ചിലവും നേടി ദ്രാവിഡവാദം തമിഴകത്ത് കൊടുങ്കാറ്റുയർത്തി. തൊട്ടടുത്ത ശ്രീലങ്കയിൽ പോലും വിഘടനവാദവും ഭീകരവാദവും വിതച്ചു. ഇന്ദിരാഗാന്ധി ശ്രീലങ്കയിൽ സമാധാനപരമായി സമരം ചെയ്യുന്ന തമിഴ് ഗ്രൂപ്പുകളെ വിട്ട് തമിഴ് ഭീകരവാദികൾക്ക് സഹായം ചെയ്ത് തുടങ്ങുന്നത് അതിനു ശേഷമാണ്. ആധുനിക ഭാരതചരിത്രത്തിലെ ഏറ്റവും വലിയ കറകളിലൊന്ന്.

ആരോരുമല്ലാതെ രാഷ്ടീയവനവാസത്തിലായി കാമരാജ് എന്ന മഹാനായ ദേശീയനേതാവ്. 1971ൽ വിരുദനഗർ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയരംഗത്ത് ആരുമല്ലാതിരുന്ന പി ശ്രീനിവാസൻ എന്ന ഒരു വിദ്യാർത്ഥി നേതാവിനോട് ദേശീയനേതാവും കിംഗ് മേക്കറുമായ കാമരാജർ പരാജയപ്പെട്ടു.

1977: പഞ്ചാബ്

അടിയന്തിരാവസ്ഥയ്ക്ക് ശേഷം വന്ന അകാലിദൾ-ജനതാപ്പാർട്ടി സഖ്യം കോൺഗ്രസ്സിനെ പഞ്ചാബിൽ നിന്ന് തൂത്തെറിഞ്ഞു. അടിയന്തിരാവസ്ഥ സമയത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയിൽസിങ്ങ് അധികാരദുർവിനിയോഗം നടത്തിയോ എന്നന്വേഷിയ്ക്കാൻ പുതിയ സർക്കാർ ഗുർദയാൽ കമ്മീഷനെ നിയമിച്ചു.

അടിയന്തിരാവസ്ഥയുടെ മറവിൽ സാമന്തരാജാവായി വിളയാടിയിരുന്ന സെയിൽ സിങ്ങ് അങ്കലാപ്പിലായി. ഒപ്പം ചക്രവർത്തികുമാരനായ സഞ്ജയ് ഗാന്ധിയും. അകാലിദളത്തിനെയും ജനതാപ്പാർട്ടിയേയും ഏതുവിധേനയും ഒഴിവാക്കാൻ അവർ വഴികളന്വേഷിച്ചു.

ആലോചിയ്ക്കുന്നത് ചക്രവർത്തികുമാരനാകുമ്പോൾ നേരായവഴികളൊന്നും കാണുക സാദ്ധ്യമല്ലല്ലോ. അകാലിദളിനെതിരേ സിഖ് തീവ്രവിഭാഗങ്ങളിലെ തന്നെ ഏതെങ്കിലും ഒരു സന്ത് (പുരോഹിതൻ) നെ കണ്ടുപിടിച്ച് അയാളെ അകാലികൾക്കെതിരെ ഉയർത്തിക്കൊണ്ടുവരാൻ സഞ്ജയും സെയിൽസിങ്ങും ഇന്ദിരാഗാന്ധിയുടെ മൗനാനുവാദത്തോടെ തീരുമാനിച്ചു. സഞ്ജയും ശിൽബന്ധിയായിരുന്ന കമൽനാഥും സെയിൽസിങ്ങും ഒക്കെച്ചേർന്ന് കുറച്ചുപേരെ അതിനായി ‘ഇന്റർവ്യൂ’ നടത്തുക പോലും ചെയ്തു. ഏറ്റവും തീവ്രനായ ഒരാളെ അവർ തിരഞ്ഞെടുത്തു.

ജർണൈൽ സിങ്ങ് ഭിന്ദ്രൻവാല.

ഭിന്ദ്രൻവാല ഭരണത്തിലുള്ള അകാലി ഗവണ്മെന്റിനെതിരേ പല സമയത്തും ആഞ്ഞടിച്ചു, സഞ്ജയ് ടീമിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങൾ ഭിന്ദ്രൻ‌വാലയുടെ പ്രസ്താവനകൾക്ക് വലിയ പ്രാമുഖ്യം നൽകി. സമയാസമയത്ത് കോൺഗ്രസ്സും സഞ്ജയും ഭിന്ദ്രൻ വാലയ്ക്ക് ആവശ്യത്തിനു പണവും മറ്റ് സഹായങ്ങളും നൽകി. ഇന്ദിരാ കോൺഗ്രസ്സ് അറിഞ്ഞോ അറിയാതേയോ ഭന്ദ്രൻവാല ഗ്രൂപ്പുകാർ പഞ്ചാബിലെ ഗ്രാമഗ്രാമാന്തരങ്ങളെ ആയുധപ്പുരകളാക്കി.

പാകിസ്ഥാന്റെ ഐ എസ് ഐയും ചൈനയും ആ സായുധഭീകരവാദത്തിൽ ചോരകുടിയ്ക്കാനെത്തി. സിഖുകാരുടെ ചില പ്രത്യേകാവകാ‌ശങ്ങൾ ഭാരതദേശീയതയ്ക്കകത്തു നിന്ന് നേടിയെടുക്കാൻ തുടങ്ങിയ അകാലിദൾ പ്രസ്ഥാനത്തിനു പകരം ഭാരതത്തിൽ നിന്ന് വിട്ടുപോകണമെന്ന് പാകിസ്ഥാൻ സഹായത്തോടെ ഖാലിസ്ഥാൻ വാദം മുഴക്കുന്ന വിഘടനവാദികൾ ഭിന്ദ്രൻവാലയുടേ നേതൃത്വത്തിലുയർന്ന് വന്നു.

ഖാലിസ്ഥാൻ വദത്തിനെതിരെ അകാലികൾ ശക്തമായി പ്രതികരിച്ചു. ഒരു സമ്മേളനത്തിൽ ‘ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യമുയർത്തിയ ചിലരെ അകാലിദളിന്റെ നേതാവായിരുന്ന ഹർചരൺ സിങ്ങ് ലോംഗോവാൾ വഴക്ക് പറഞ്ഞത് എഴുത്തുകാരനായ കുൽദീപ് നയ്യാർ എഴുതിയിട്ടുണ്ട്. “നിങ്ങൾ കോൺഗ്രസ്സുകാരുടെ ഏജന്റുകളാണ്”. അദ്ദേഹം ഖാലിസ്ഥാൻ മുദ്രാവാക്യക്കാരോട് പറഞ്ഞു. ഖാലിസ്ഥാൻ തീവ്രവാദികളുടെ തന്നെ വെടിയേറ്റ് 1985 ൽ ഹർചരൺ സിംഗ് ജി കൊല്ലപ്പെട്ടു.

ഈ ഭിന്ദ്രൻവാലയേയും കൂട്ടാളികളേയും അവസാനം പുണ്യക്ഷേത്രമായ സുവർണ്ണക്ഷേത്രത്തിൽ തന്നെ പട്ടാള നടപടി നടത്തി കൊല്ലേണ്ടിവന്നത് ഇന്ദിരാഗാന്ധിയുടെ തന്നെ ജീവൻ കൊണ്ടു വിലപറയേണ്ടി വന്നതും അതേത്തുടർന്ന് ഏതാണ്ട് എണ്ണായിരത്തോളം സിഖുകാരെ കോൺഗ്രസ്സുകാർ ക്രൂരമായി കൊലപ്പെടുത്തിയെന്നതും ചരിത്രത്തിലെ ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകളായി ബാക്കിനിൽക്കുന്നു.

ഭിന്ദ്രൻവാലയെ പിടിയ്ക്കണമെന്നതിനു പോലും സുവർണ്ണ ക്ഷേത്രം ആക്രമിയ്ക്കുകയെന്നത് ഒരിയ്ക്കലും ആവശ്യമില്ലായിരുന്നെന്നും അതില്ലാതെ തന്നെ അവരെ അവിടെനിന്ന് ഒഴിവാക്കാൻ വഴികളുണ്ടായിരുന്നുവെന്നും ഇന്ന് സുരക്ഷാ വിദഗ്ധർ വാദിയ്ക്കുന്നു. ബ്ളൂ സ്റ്റാർ ഓപ്പറേഷൻ പോലും അനാവശ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ഔദ്യോഗിക കണക്കുകൾ വച്ചു മൂവായിരത്തിനടുത്തും അനൗദ്യോഗികകണക്കുകൾ വച്ച് എണ്ണായിരത്തോളവും സിഖുകാരെ കൂട്ടക്കൊല ചെയ്തത് വന്മരങ്ങൾ വീഴുമ്പോൾ ചതഞ്ഞരയുന്ന വെറും പുല്ലുകളായിരുന്നു ഇളമുറത്തമ്പുരാന്.

1966:മുംബൈ

മണ്ണിന്റെ മക്കൾ വാദവുമായി മുംബൈയിലെ ഒരു കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ ശിവസേന തുടങ്ങിയ സമയം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ്സുകാരൻ വസന്തറാ‍വു ഫുൽസിങ്ങ് നായിക് അകമഴിഞ്ഞ സഹായം താക്കറേയ്ക്ക് ചെയ്തുകൊടുത്തു. മുംബൈയിലെ ഇടത് ട്രേഡ് യൂണിയനുകളെ ഒതുക്കുകയെന്നതായിരുന്നു ആദ്യ അജണ്ട. 1967ൽ വീ കേ കൃഷ്ണമേനോൻ നോർത്ത് ബോംബൈയിൽ നിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടിയ്ക്കെതിരെ മത്സരിച്ചപ്പോൾ ‘ഹൈക്കമാൻഡ്’ ആദ്യമായി ശിവസേനയുടെ രുചിയറിഞ്ഞു. ദ്രാവിഡവാദം പോലെയും ഖാലിസ്ഥാൻ വാദം പോലെയും അങ്ങനെ മറാത്താ വാദം വിപുലീകരിയ്ക്കാൻ ഹൈക്കമാൻഡിൽ നിന്ന് പണവും സഹായങ്ങളുമൊഴുകി.

കൃഷ്ണമേനോൻ തിരഞ്ഞെടുപ്പിൽ തോറ്റു. അനുഭവിച്ചത് മുഴുവൻ വഴിയരികിൽ ചെറിയ കച്ചവടം ചെയ്ത തമിഴരും ഗുജറാത്തികളുമായിരുന്നു. ഷൂ മിനുക്കാനിരുന്ന തമിഴ് കുട്ടികളെ വരെ ശിവസേനക്കാർ മർദ്ദിച്ചു. ഗുജറാ‍ത്തിയേയും ബീഹാറിയേയും മദ്രാസിയേയും പഞ്ചാബിയേയും എല്ലാം ശിവസൈനികർ ഉപദ്രവിയ്ക്കാൻ തുടങ്ങി. കോൺഗ്രസ്സ് അകമഴിഞ്ഞ് ഇതിനെയെല്ലാം പ്രോത്സാഹിപ്പിച്ചു.അടിയന്തിരാവസ്ഥ സമയത്ത് മറ്റു പത്രങ്ങൾ പൂട്ടിയ വഴിയ്ക്ക് താക്കറേയുടെ പത്രവും പൂട്ടി. പക്ഷേ അടിയന്തിരാവസ്ഥ കഴിഞ്ഞ് ഇന്ദിരാഗാന്ധിയെ ജനതാ സർക്കാർ അറസ്റ്റ് ചെയ്തപ്പോൾ താക്കറേ ബന്ദ് പ്രഖ്യാപിച്ചു. അത്രയ്ക്കായിരുന്നു ഗാന്ധി കുടുംബത്തോട് ബാൽ താക്കറേയുടെ സ്നേഹം.

എൺപതുകളുടെ അവസാനം മുതൽ ബീജേപീയോടും ദേശീയപ്രസ്ഥാനങ്ങളോടും തിരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കിയതിനു ശേഷം മാത്രമാണ് ബാൽ താക്കറേ മറാത്താ വാദം അൽപ്പമെങ്കിലും ഒഴിവാക്കിയത്. അപ്പോഴും നെഹ്രു കുടുംബത്തോടുള്ള തന്റെ സ്നേഹം പല അവസരങ്ങളിലും തുറന്നു പ്രഖ്യാപിയ്ക്കാൻ ശിവസേനയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. ആ സ്നേഹം കൂടിവരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായിക്കൂടി നമ്മൾ കാണുന്നത്.

പറഞ്ഞുവന്നത് ദ്രാവിഡവാദം, മറാത്താവാദം, ഖാലിസ്ഥാൻ വാദം എന്നൊന്നുമില്ല, ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരോ നേരോ എന്നൊന്നുമില്ല, തന്റെ കുടുംബവാഴ്ചയുടെ മുന്നോട്ടുപോക്കിനായി ഈ നാടിനെ വെട്ടിക്കീറിയിട്ടെങ്കിൽ അങ്ങനെ, ജാതീയമായോ മതപരമായോ പ്രാദേശികമായോ ഏത് രീതിയിൽ വിഘടിപ്പിച്ചിട്ടെങ്കിൽ അങ്ങനെ ഈ സർക്കസ് മുന്നോട്ടുകൊണ്ടുപോകണമന്ന് കരുതുന്ന ഒരേ ഒരു രാഷ്ട്രീയപ്പാർട്ടി നെഹ്രു കുടുംബ കോൺഗ്രസ്സാണ്. കോൺഗ്രസ്സ് പാർട്ടിയുടെ വൈതാളികന്മാരായിരുന്നു എന്നും ഇടതുപാർട്ടികൾ. കോൺഗ്രസ്സ് എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ നുള്ളിപ്പെറുക്കി വിശപ്പടക്കിയിരുന്നവർ. ഇന്നും അത് അങ്ങനെ തന്നെയാണ്.

തിരഞ്ഞെടുപ്പുകളിൽ താൽക്കാലികമായ മുന്നണികളോ, സർക്കാരുണ്ടാക്കാൻ ഒരു പൊതു മിനിമം അജണ്ടയുടെ നേതൃത്വത്തിൽ ഉണ്ടാക്കുന്ന ഉടമ്പടികളോ കക്ഷി ചേരലോ അല്ല, തന്നെ എതിർക്കുന്നവനെ എതിർക്കാൻ കൊട്ടേഷൻ കൊടുത്ത് ഗൂണ്ടകളെ അയയ്ക്കുന്ന ലാഘവത്തോടെ വിഘടനവാദികളെ ഉണ്ടാക്കാൻ മടിയില്ലാത്തവരാണ് ഇന്ദിരയും രാജീവും ഇന്ന് രാഹുലും എല്ലാം. ഗുജറാ‍ത്തിൽ പട്ടേൽ സമുദായമെന്ന ഉയർന്ന ജാതിക്കാർക്ക് OBC സംവരണം വേണമെന്ന് ന്യായവാദമുയർത്തി ആ സമൂഹത്തെ ജാതീയമായി വിഘടിപ്പിച്ച് ഹിന്ദുവും കൃസ്ത്യനും മുസ്ലീമും പട്ടേലും ദളിതനുമാക്കിയാണ് ആ കുടുംബവാഴ്ചയിലെ ഈ തലമുറയും വോട്ടു തേടിയത്.

ഭിന്ദ്രൻ വാലയേയും ബാൽ താക്കറേയും ദ്രാവിഡക്കഴകത്തേയും പോലെ ഹാർദിക് പട്ടേൽ എന്ന ഒരു പുതുവിഘടനവാദിയെ സ്പോൺസേഡ് മീഡിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടാക്കിക്കൊടുത്തു. ഖാലിസ്ഥാനേയും ദ്രാവിഡവാദത്തേയും മറാത്താ വാദത്തേയും പോലെ പട്ടേൽ സംവരണം എന്ന കുടത്തിൽ നിന്നിറക്കിവിട്ട ഭൂതം ഈ സമൂഹത്തെ സംവരണത്തിന്റെ പേരിൽ ഇനിയും വിഘടിപ്പിച്ചുകൊണ്ടിരിയ്ക്കും. ഭസ്മാസുരനെ മാതിരി തിരിഞ്ഞുകൊത്തുന്നത് വരെ.

ഹാർദിക് പട്ടേലെന്ന പുതുഭൂതത്തെ തുറന്ന് വിട്ടതിൽ 2002നു ശേഷം മോദിജിയെ മുഖത്ത് നോക്കാൻ ത്രാണിയില്ലാത്ത മറ്റു ചില മന്ത്രവാദികൾ കൂടെയുണ്ട്. കളം തെളിയുകയാണ്.

‘എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്ന’ മുദ്രാവാക്യവുമായി ജനങ്ങളുടെ മുന്നിലെത്തിയ ബീജേപീയ്ക്ക് ദേശീയതയുടേ ഭാഗമായിത്തന്നെ ഗുജറാ‍ത്തികളും ഹിമാചൽ പ്രദേശുകാരും വൻ ഭൂരിപക്ഷം നൽകിക്കഴിഞ്ഞെങ്കിലും വിഘടനവാദികളുയർത്തിവിട്ട അനുരണനങ്ങൾ നമ്മൾ നല്ലവണ്ണം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

1975: ചെന്നൈ

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് കുമാരസ്വാമി കാമരാജെന്ന ആ മഹാത്മാവിനെ അറിയിച്ച സമയം. ഭാരതജനാധിപത്യത്തെ അത്രയേറെ സ്നേഹിച്ച് ജീവിച്ച, ഉടുത്തുമാറാനുള്ളതല്ലാതെ കയ്യിലൊന്നുമില്ലാതിരുന്ന, രാജാക്കന്മാരെ ഉണ്ടാക്കിയവനെങ്കിലും പക്കീറിനെപ്പോലെ ജീവിച്ച ആ ധീരദേശാഭിമാനി, എഴുപത്തിരണ്ട് വയസ്സായ ആ വയോധികൻ കൊച്ചുകുട്ടികളേപ്പോലെ പൊട്ടിക്കരഞ്ഞു.

“എല്ലാം പോച്ച്, എൻ തപ്പ്, എല്ലാം പോച്ച്, എൻ തപ്പ്”….അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.

(“എല്ലാം പോയി, എന്റെ പിഴ”)

ആ വർഷം ഗാന്ധിജയന്തിദിനത്തിനു ശേഷം കാമരാജുണ്ടായിരുന്നില്ല. 1975 ഒക്ടോബർ രണ്ടിനു രാത്രി ആ കരച്ചിലോടെ തന്നെ അദ്ദേഹം ഹൃദയാഘാതത്താൽ മരണമടഞ്ഞു.

കാളിയമ്പി

Facebook

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close