കാസര്‍കോട് : ബന്തടുക്കയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണം കൊലപാതകമാണെന്ന സിപിഎം ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. 16 വര്‍ഷം മുമ്പ് ആത്മഹത്യയാണെന്ന് പറഞ്ഞ് പോലീസ് തളളിയ കേസാണ് ഇതോടെ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്തു വന്നതോടെ വിഷയം സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്.
2001 മാര്‍ച്ച് ഒന്‍പതിനാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന വിശ്വനാഥ ഗൗഡ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും സംഭവം ആത്മഹത്യയാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.
ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേയാണ് സിപിഎം ജില്ലാ സമ്മേളനത്തിനിടെ ബേഡകം ഏരിയ സെക്രട്ടറിയായ സി.ബാലന് യുവാവിന്റെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിഭാഗീയതയ്ക്കൊടുവില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഗോപാലന് മാസ്റ്റര്‍ അടക്കം കേസ് പുനരന്വേഷിച്ചാല്‍ പ്രതികളാകുമെന്നായിരുന്നു സി.ബാലന്റെ വിശദീകരണം.
ഗോപാലന് മാസ്റ്ററെ കുടുക്കാനാണ് ഏരിയാ സെക്രട്ടറി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെങ്കിലും കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്ത് എത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.
അതേ സമയം ഗോപാലന് മാസ്റ്റര്‍ സിപി.എം വിട്ടതിന്റെ പ്രതികാരം തീര്‍ക്കാനുള്ള ഗൂഢ ശ്രമമായാണ് സിപിഐ ജില്ലാ നേതൃത്വം ഇതിനെ കാണുന്നത്. വിഷയം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.