ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ദാല്‍ തടാകം ഇനി ഒഴുകുന്ന ഉദ്യാനമാകും. തടാകത്തിന് ചുറ്റും പുന്തോട്ടം നിര്‍മ്മിച്ച് മാലിന്യം തടയാനുള്ള പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
കശ്മീരിന്റെ കിരീടത്തിലെ രത്നം എന്നും ശ്രീനഗറിന്റെ രത്നം എന്നും അറിയപ്പെടുന്നതാണ് ദാല്‍ തടാകം.26 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ് ബോട്ട്, ഷികാര യാത്രകള്‍ക്ക് പ്രശസ്തമാണ്. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തിന് കൂടുതല്‍ സൗന്ദര്യം സമ്മാനിക്കുന്നു.
വിനോദ സഞ്ചാര മേഖലയില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളും പ്രദേശ വാസികള്‍ നിക്ഷേപിക്കുന്ന വീട്ട് അവശിഷ്ഠങ്ങളും തടാകത്തിന്റെ ഭംഗിയെ ഇല്ലാതാക്കി. ഈ സാഹചര്യത്തിലാണ് തടാകത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത്. മാലിന്യങ്ങള്‍ നീക്കി ചുറ്റും പൂന്തോട്ടം നിര്‍മ്മിച്ച് ദാല്‍ തടാകത്തിന്റെ സൗന്ദര്യത്തിന് മോടി കൂട്ടാനുളള പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു.
വിനോദ സഞ്ചാരികള്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവത്ക്കരിക്കാന്‍ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് വിശ്വാസം. ഒപ്പം പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിക്ക് പിന്തുണയേകുകയുമാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍.