റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസുകാർക്ക് വീരമൃത്യു. ഇർപാനഗറിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിനു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് സബ്ഇൻസ്പെക്ടർമാർ ഉൾപ്പെടുന്നു . ഏഴു പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ഓഫ് പൊലീസും ദൗത്യസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പെട്ടെന്നു തന്നെ കൂടുതൽ സൈന്യം സ്ഥലത്തെത്തി ഭീകരർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സാധാരണക്കാരെ വധിച്ചത് കമ്യൂണിസ്റ്റ് ഭീകരരാണെന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു.109 സാധാരണക്കാരെയും 74 സുരക്ഷ സൈനികരേയും ഇടത് ഭീകരർ കൊലപ്പെടുത്തിയിരുന്നു. 149 ഇടത് ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്.