നാമുറങ്ങുമ്പോൾ നമുക്കായ് ഉണർന്നിരുന്ന് രാഷ്ട്രത്തെ കരുതലോടെ കാക്കുന്നവരാണ് നമ്മുടെ സൈനികർ .സൈനികരെ രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വിമുക്തഭടന്മാർക്കും രാജ്യം മികച്ച പിന്തുണ നൽകിവരുന്നു. വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി കേന്ദ്ര പ്രതിരോധമന്ത്രാലയം നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതിയായ എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം അഥവാ ഇസിഎച്ച്എസ് നെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഇക്കുറി ജനക്ഷേമത്തിൽ .
തിരുവനന്തപുരം പാങ്ങോട് സൈനികകേന്ദ്രത്തിലാണ് ഇസിഎച്ച്എസ് തിരുവനന്തപുരം റീജണൽ സെന്ററും ഇതോടനുബന്ധിച്ചുള്ള പോളി ക്ലിനിക്കും പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏക എ ടൈപ്പ് ഇസിഎച്ച്എസ് പോളി ക്ലിനിക്കാണിത് .വിമുക്തഭടന്മാർക്കുപുറമെ യുദ്ധത്തിൽ പരിക്കേറ്റവർ ഭിന്നശേഷിയുള്ളവർ, മുതിർന്നപൗരന്മാർ ,എന്നിവർക്ക് പോളിക്ലിനിക്കുകളിൽ പ്രത്യേക പരിഗണന ഉറപ്പാക്കിയിരുന്നു .
രാജ്യത്തെ സൈനികബലം നാൾക്കുനാൾ കരുത്താർജിക്കുന്നതിനൊപ്പം നമ്മുടെ വിമുക്തഭടന്മാരുടെ അംഗബലവും ശക്തമാകുന്നു .അതുകൊണ്ടുതന്നെ വിമുക്തഭടന്മാരുടെ സേവനം പരമാവധി രാഷ്ട്രത്തിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു .ഇത് മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഇസിഎച്ച്എസ് പോലുള്ള സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നത് .