Special

ഓം നമ:ശിവായ

ഇന്ന് കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം. മഹാശിവരാത്രി

ശിവരാത്രിയുമായി ബന്ധപ്പെട്ട് പ്രധാനമായുള്ള രണ്ട് ഐതിഹ്യങ്ങൾ ഇവയാണ് . പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ് വന്ന കാളകൂടവിഷം ലോകരക്ഷയ്ക്കായ് ശ്രീപരമേശ്വരൻ പാനം ചെയ്തെന്നും വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ പാർവ്വതിയും ദേവന്മാരും ഉറങ്ങാതെ വ്രതമനുഷ്ടിച്ച രാത്രിയാണ് ശിവരാത്രി എന്നുമാണ് ഐതിഹ്യം.

മറ്റൊരു ഐതിഹ്യം ത്രിമൂര്‍ത്തികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. മഹാവിഷ്ണുവിന്‍റെ നാഭിയിലുണ്ടായ താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. ജലപ്പരപ്പില്‍ കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന് വിഷ്ണു മറുപടി നല്‍കി. ഇത് ബ്രഹ്മാവിനിഷ്ടമായില്ല.വിഷ്ണുവും ബ്രഹ്മാവും തമ്മില്‍ യുദ്ധം ആരംഭിച്ചു. ഇതിനിടയില്‍ ഒരു ശിവലിംഗം ഇവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു.

ശിവലിംഗത്തിന്‍റെ മേലഗ്രവും കീഴഗ്രവും കാണാന്‍ കഴിയുമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്ക് പോയി. വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ ദൂരം കഴിഞ്ഞിട്ടും ഇരുവര്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. ഒടുവില്‍ ഇരുവരും പഴയ സ്ഥലത്തേയ്ക്കു വന്നു. അപ്പോള്‍ പരമശിവന്‍ പ്രത്യക്ഷപ്പെടുകയും ശിവഭക്തിയുടെ പ്രാധാന്യത്തെപ്പറ്റി ബ്രഹ്മാവിനും വിഷ്ണുവിനും വിവരിച്ചു കൊടുത്തു.

ഇത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നുവെന്നാണ് വിശ്വാസം . ഈ ദിനത്തില്‍ മഹാദേവനെ പ്രകീര്‍ത്തിച്ച് മഹാശിവരാത്രിയായി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.ശിവരാത്രി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്‌നാനാദി കര്‍മ്മങ്ങള്‍ ചെയ്ത് ഭസ്മം തൊട്ട് രുദ്രാക്ഷമാല അണിഞ്ഞ് ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം

ശിവലിംഗത്തില്‍ ജലംകൊണ്ട് ധാര നടത്തുക, പുഷ്പങ്ങളും കൂവളത്തിലയും സമര്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനം. രാത്രിയുടെ നാല് യാമങ്ങളിലായി പരമ്പരാഗതമായ രീതിയില്‍ ശിവാരാധന നടത്താറുണ്ട്. ആദ്യയാമത്തില്‍ ഭഗവാനെ പാലില്‍ സ്‌നാനം ചെയ്ത് ആരാധിക്കുന്നു. രണ്ടാംയാമത്തില്‍ അഘോര മൂര്‍ത്തിയായി തൈരുകൊണ്ടും മൂന്നാംയാമത്തില്‍ വാമദേവമൂര്‍ത്തിയായി നെയ്യുകൊണ്ടും അഭിഷേകം ചെയ്യുന്നു. അന്ത്യയാമത്തില്‍ ഭഗവാനെ തേനില്‍ കുളിപ്പിച്ചും ആരാധന നടത്തുന്നു.

ഗംഗാജലം, പാല് എന്നിവ അഭിഷേകം ചെയ്തും വില്വദളങ്ങളാലുള്ള മാലകളാലും സുഗന്ധദ്രവ്യങ്ങളാലും ആരാധന നടത്താറുണ്ട്. ജപം ആരതി, ഭജനഗാനങ്ങള്‍, നൈവേദ്യം തുടങ്ങിയവ അര്‍പ്പിച്ച് അവസാനം ഭക്തന്‍ തന്നെത്തന്നെ ഭഗവാന്റ കാല്‍ക്കല്‍ സമര്‍പ്പിക്കണമെന്നാണ് പണ്ഡിതമതം ആലുവ ഉൾപ്പെടെയുള്ള ശിവക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഏറ്റുമാന്നൂർ ,വൈക്കം , കൊട്ടാരക്കര , വടക്കും നാഥൻ, തൃപ്പങ്ങോട്, ശ്രീകണ്ഠേശ്വരം തുടങ്ങിയ മഹാ ക്ഷേത്രങ്ങളിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close