തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. ശ്രീകോവിലിനു പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടിന്റെ പശ്ചാത്തലത്തില്‍ ദേവിയുടെ ഉടവാളിലും തന്ത്രിയുടെ കയ്യിലും കാപ്പു കെട്ടുന്നതോടെയാണ് ഉത്സവത്തിനു തുടക്കമാകുന്നത്. പഞ്ചലോഹത്തില്‍ തീര്‍ത്ത കാപ്പും നാരുമാണു പുണ്യാഹം തളിച്ചു കെട്ടുന്നത്. പതിവു പൂജകള്‍ക്കുശേഷം വൈകിട്ടു നട തുറന്ന ശേഷമാണു കാപ്പുകെട്ടു ചടങ്ങ് ആരംഭിക്കുന്നത്. ഉത്സവത്തിന്റെ ഒന്‍പതാം ദിവസമാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.
ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് ആറരയ്ക്കു നടന് ജയസൂര്യ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ അംബാ പുരസ്കാരം പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരനു സമ്മാനിക്കും. ക്ഷേത്രാചാരങ്ങളെക്കുറിച്ചു വിവരിക്കുന്ന അംബാ പ്രസാദം പുസ്തകത്തിന്റെ പ്രകാശനവും നടത്തും. ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും.