തിരുവനന്തപുരം: ആറ്റുകാല്‍ കുത്തിയോട്ടത്തിനെതിരായ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം. നവ മാധ്യമങ്ങളിലടക്കം ശ്രീലേഖയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശ്രീലേഖയുടെ വാക്കുകള്‍ അപലപനീയമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര കമ്മറ്റിയും കുറ്റപ്പെടുത്തി.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശ്രീലേഖ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനെതിരെ ബ്ലോഗിലെഴുതിയത്. തൊട്ടുപിന്നാലെ ബാലാവകാശ കമ്മീഷന് കേസെടുക്കുകയും ചെയ്തു. ഇതോടെ ഈ നീക്കം തികച്ചും ആസൂത്രിതമാണെന്നാണ് ആരോപണമുയരുന്നത്. എന്നാല്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പടേണ്ടതല്ലെന്നും അപലപനീയമാണെന്നും ആറ്റുകാല്‍ ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി.
ബാലാവകാശ ലംഘനത്തിന്റെ പരിമിതികള്‍ ലംഘിക്കുന്ന ഇതര മതാചാരങ്ങള്‍ ശ്രീലേഖ കണ്ടില്ലേയെന്ന ചോദ്യമാണ് നവ മാധ്യമങ്ങളിലെങ്ങും. അതേ സമയം കുത്തിയോട്ടം പോലെയുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഹിന്ദു സമൂഹവും ആചാര്യന്മാരും ചര്‍ച്ച ചെയ്തു മാറ്റുന്നതില്‍ തടസമില്ലെന്ന് ഹിന്ദു ഐക്യവേദി നിലപാടെടുത്തു. ഹിന്ദു സമൂഹം കാലോചിതമായി മാറ്റങ്ങളെ സ്വീകരിച്ചവരാണെന്നും പൊങ്കാല സമയത്ത് ധൃതി പിടിച്ചു വിവാദമുണ്ടാക്കേണ്ടിയിരുന്നില്ലെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.