കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ദിലീപ് അടക്കം എല്ലാ പ്രതികളെയും കോടതി വിളിച്ചുവരുത്തുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് 14 ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് പുറപ്പെടുവിച്ചത്. ഇതേ സമയം കേസ് കേള്‍ക്കുന്നത് വനിതാ ജഡ്ജി ആവണമെന്ന ആവശ്യമുന്നയിച്ച് നടി ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് വിചാരണയ്ക്ക് മുന്നോടിയായി എല്ലാ പ്രതികളും 14 ന് നേരിട്ട് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ വിചാരണ ഏതുകോടതിയില്‍ വേണമെന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സസെഷന്‍സ് കോടതിയാകും തീരുമാനമെടുക്കുക. കേസില്‍ ദിലീപടക്കം 12 പ്രതികള്‍ ആണ് ഉള്ളത്.
പള്‍സര്‍ സുനി ഒന്നാം പ്രതിയായുള്ള കുറ്റപത്രത്തില്‍ ദിലീപ് 8ാം പ്രതിയാണ്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍355 സാക്ഷിമൊഴികളും 15 രഹസ്യ മൊഴികളും 425 ഓളം രേഖകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുന്നു.
അതേസമയം കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അക്രമത്തിനിരയായ നടി.
2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്നും എറണാകുളത്തേക്കുവരികയായിരുന്ന നടി വാഹനത്തില്‍ വെച്ച് അക്രമിക്കപ്പെട്ടത്. കഴിഞ്ഞ നവംബര്‍ 22 നാണ് ദിലീപിനെക്കൂടി പ്രതിയാക്കി അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്ന നടപടിയാകും 14 ന് കോടതിയുടെ ഭാഗത്തു നിന്നുണ്ടാവുക.