തൃശൂര്‍: ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസില്‍ ദിലീപിനെതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്നു വ്യക്തമാക്കി വിജിലന്‍സ് നല്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതി റദ്ദാക്കി. മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയക്കെതിരെയും റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
അഴിമതി നിരോധന നിയമ പ്രകാരമാണ് നടന് ദിലീപിനും മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയെയും പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ത്യശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ സമുച്ചയം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സര്‍വേ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട ആവശ്യപ്പെട്ടത്. ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്ന നിലപാടായിരുന്നു സര്‍വേ സൂപ്രണ്ടു നല്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മാത്രമല്ല സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമിയില്‍ മാത്രമാണ് കയ്യേറ്റമുള്ളതെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച പരാതിയില്‍ ജില്ലാ കലകട്ര് വാദം കേട്ടെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ ജില്ലാ കളക്ടറെയും ഉള്‍പ്പെടെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.