ചെന്നൈ :ചില ഷോട്ടുകൾക്ക് ആറു റൺസല്ല പകരം എട്ടു റൺസ് നൽകണമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ എം.എസ് ധോണി. സിക്സർ മഴ പെയ്ത ചെന്നൈ സൂപ്പർ കിംഗ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു ശേഷമായിരുന്നു ചെന്നൈ ക്യാപ്ടന്റെ കമന്റ്.
31 സിക്സറുകൾ പിറന്ന മത്സരത്തിൽ ജയം ധോണിയുടെ ടീമിനായിരുന്നെങ്കിലും ഏറ്റവും കൂടുതൽ സിക്സർ അടിച്ചത് കൊൽക്കത്തക്കാരായിരുന്നു. 17 എണ്ണം . ഇതിൽ 11 എണ്ണവും കരീബിയൻ കരുത്ത് കാട്ടിയ ആന്ദ്രെ റസ്സലിന്റെ വകയായിരുന്നു.
ഡ്വൈൻ ബ്രാവോയുടെ ഒരു പന്ത് ആന്ദ്രേ റസൽ തൂക്കിയത് സ്റ്റേഡിയത്തിന് പുറത്തേക്കായിരുന്നു . ഇത് കണ്ട് അന്തം വിട്ടു നിൽക്കുന്ന ധോണിയെയും അന്ന് സ്ക്രീനിൽ കാണിച്ചിരുന്നു. ഇത്തരം സിക്സറുകൾക്കാണ് ഇനി എട്ടു റൺസ് നൽകണമെന്ന് ധോണി മാച്ചിനു ശേഷം തമാശയായി പറഞ്ഞത്.