സത്യമപ്രിയം

കേരളാ പോലീസിനെ കണ്ട് കാണ്ടാമൃഗങ്ങള്‍പോലും ലജ്ജിക്കുന്നു

സത്യമപ്രിയം - ജി.കെ സുരേഷ് ബാബു

ലോകമെമ്പാടും പോലീസ് സമ്പ്രദായം സമഗ്രമായ മാറ്റത്തിനും പരിവര്‍ത്തനത്തിനും സാക്ഷ്യം വഹിക്കുകയാണ്. പോലീസിന്റെ പൂര്‍ണ്ണരൂപം എന്താണെന്ന് ചോദിച്ചാല്‍ സ്‌കൂള്‍ കുട്ടികള്‍ പോലും അനുസരണാശീലം, വിനയം, ആത്മാര്‍ത്ഥത, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയൊക്കെയുള്ള ആദര്‍ശധീരന്മാരായ പോലീസ് സേനയെ കുറിച്ച് പറയും. പക്ഷേ, പോലീസിന്റെ ഈ അടിസ്ഥാന ഗുണങ്ങളെ കുറിച്ച് കേരളത്തില്‍ അറിയാത്തതായി ഒരു വിഭാഗമുണ്ടെങ്കില്‍ അത് കേരളത്തിലെ പോലീസുകാര്‍ മാത്രമാണ്. പണ്ട് ഇടിയന്‍ കുട്ടന്‍പിള്ളമാരും ഹെഡ് അങ്ങത്തമാരും ഭരിച്ചിരുന്ന കേരളത്തിലെ പോലീസ് സംവിധാനത്തിന് ലോകത്തിന്റെ പുരോഗതിക്കൊപ്പമോ കാലത്തിന്റെ മാറ്റത്തിന് അനുസൃതമായോ മാറാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഡല്‍ഹിയില്‍ കേന്ദ്രഭരണത്തിലെ ഉന്നതരുടെ പോലും വണ്ടി ക്രെയിനില്‍ തൂക്കിയെടുത്ത് ട്രാഫിക് സ്റ്റേഷനില്‍ കൊണ്ടുപോയ കിരണ്‍ ബേദിയും തിരുവനന്തപുരം എം.ജി. കോളേജില്‍ തന്റെ നിര്‍ദ്ദേശം ലംഘിച്ച് വീണ്ടും കുട്ടികളെ തല്ലിയ പോലീസ് കോണ്‍സ്റ്റബിളിന്റെ കോളറിന് പിടിച്ച് അച്ചടക്കം നടപ്പിലാക്കിയ അന്നത്തെ ദക്ഷിണ മേഖല ഐ.ജി ടി.പി. സെന്‍കുമാറും അന്യായത്തിന് കൂട്ടുനില്‍ക്കാത്ത ശങ്കര്‍ റെഡ്ഡിയും അടക്കം അഭിമാനസ്തംഭങ്ങളായ ഒട്ടേറെ പേര്‍ പോലീസ് നേതൃത്വത്തിലുണ്ടായിരുന്നു. ഇവരാരും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ പെട്ടി ചുമക്കാനും അവര്‍ക്ക് ഏറാന്‍ മൂളി നില്‍ക്കാനും ഭരണമാറ്റത്തിനനുസരിച്ച് മയിലെണ്ണ തേച്ച് നട്ടെല്ല് വളയ്ക്കാനും തയ്യാറായിരുന്നവരല്ല. അഭിമാനത്തോടെ, ആണത്തത്തോടെ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നവരായിരുന്നു. ഇന്ന് കേരളാ പോലീസില്‍ ഡി.ജി.പി സ്ഥാനത്ത് ഒരാളുണ്ടെന്നാണ് വെയ്പ്. ഭരണകക്ഷിയുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പോലീസ് സേനയെ നട്ടെല്ലൊടിച്ച് അടിമ കിടത്തിയിരിക്കുന്ന വെറും ഏഴാംകൂലി മാത്രമായി ഡി.ജി.പി അധഃപതിച്ചിരിക്കുന്നു.

ഡി.ജി.പി എന്ന തസ്തിക മാത്രമല്ല, കേരളാ പോലീസും ഇന്ന് നെറികേടിന്റെയും അപമാനത്തിന്റെയും മകുടോദാഹരണങ്ങളായി മാറിയിരിക്കുന്നു. ഓരോ തൊഴിലിനും അതിന്റേതായ മഹത്വങ്ങളുണ്ട്. എല്ലാ തൊഴിലിന്റെയും മഹത്വത്തെയും മാന്യതയെയും ആദരിക്കുന്നു. കേരളാ പോലീസില്‍ ഇന്ന് ഡി.ജി.പിക്ക് പകരം സ്ഥലംമാറ്റങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നത് കള്ളുഷാപ്പിലെ കറിക്കച്ചവടക്കാരനും അങ്ങാടിയിലെ ചുമടെടുപ്പുകാരനും ഒക്കെയായ പാര്‍ട്ടി നേതാക്കളാണ്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ന്യായീകരിക്കാം. പക്ഷേ, ഭരണഘടനാനുസൃതമായി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പദവിയിലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഭയമോ പക്ഷപാതമോ കൂടാതെ നിര്‍വ്വഹിക്കുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുന്നത്.

കേരളത്തില്‍ ജനാധിപത്യത്തിന്റെ ഈ ഉദാത്തമായ മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു. ഇടിയന്‍ കുട്ടന്‍പിള്ളമാരില്‍ നിന്ന് കേരളാ പോലീസ് അല്പവും മാറിയിട്ടില്ല. രാജഭരണകാലത്തെ കൂട്ടിക്കൊടുപ്പുകാരും ഗുണ്ടകളുമായ ദിവാന്‍ പേഷ്‌കാര്‍മാരും പ്രവര്‍ത്ത്യാര്‍മാരും വഹിച്ചിരുന്ന സ്ഥാനം ഇപ്പോള്‍ സിപിഎം ഏരിയാ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിമാരും ഏറ്റെടുത്തിരിക്കുന്നു. സ്‌കോട്‌ലാന്റ് യാര്‍ഡ് പോലും ഏഴയലത്ത് എത്താതിരുന്ന കേരളത്തിന്റെ ഉജ്ജ്വലമായ പോലീസ് പാരമ്പര്യം അസ്തമിച്ചിരിക്കുന്നു. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുവപ്പ് വസ്ത്രമണിഞ്ഞ് പാര്‍ട്ടിയോടുള്ള കൂറ് പ്രകടിപ്പിക്കുന്ന പ്രദര്‍ശനപരത മുംബൈ കാമാച്ചി തെരുവിലെ ഒരുചാണ്‍ വയറിനുവേണ്ടി മാനം വില്‍ക്കുന്ന പാവം പെങ്ങമ്മാരെ പോലും അപമാനിക്കുന്നതാണ് പോലീസ് സഖാവേ.

ഈ ദുരന്തത്തിന്റെ പ്രതിഫലനമാണ് എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ കണ്ടത്. വരാപ്പുഴ ദേവസ്വം പാടം ഷേണായി പറമ്പില്‍ ശ്രീജിത്ത് എന്ന യുവാവ് ഒരു കുറ്റവും ചെയ്തതല്ല. സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന ഈ യുവാവിനെ സി.പി.എം. ഏരിയാ സെക്രട്ടറിയുടെ അടിവസ്ത്രം കഴുകാന്‍ പോലും മടിയില്ലാത്ത പോലീസ് യജമാനന്മാര്‍ കസ്റ്റഡിയിലെടുത്ത് നിഷ്ഠൂരമായി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. ഒരു ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്ന നാട്ടില്‍ പോലീസ് സംവിധാനം പാര്‍ട്ടിക്ക് അടിമപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വരാപ്പുഴയില്‍ കണ്ടത്. അറസ്റ്റിലായ ശ്രീജിത്തിന്റെ പേര് പരാതിയില്‍ ഇല്ലാഞ്ഞിട്ടും അറസ്റ്റ് ചെയ്ത് അതിക്രൂരമായി മര്‍ദ്ദിച്ചു എന്നു മാത്രമല്ല, ലോക്കപ്പില്‍ ഒരിറ്റ് കുടിവെള്ളത്തിന് നിലവിളിച്ച ആ യുവാവിന് അയല്‍വീട്ടില്‍ നിന്ന് വെള്ളം വാങ്ങി വന്ന സ്വന്തം അമ്മയ്ക്ക് ഒന്നു കാണാനോ വെള്ളം കൊടുക്കാനോ അനുവാദം നല്‍കിയില്ല.

ഇത് പോലീസോ അതോ ഉപമിക്കാന്‍ ഒരു പേരു പോലും കിട്ടാത്ത മൃഗങ്ങളോ? ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏത് മൃഗത്തിനും നല്‍കാന്‍ കഴിയാത്ത പേരാണ് കേരളാ പോലീസ്. ഇതിന് മറുവശം ഇല്ലെന്നല്ല, റോഡില്‍ വണ്ടിയിടിച്ചു വീണ മനുഷ്യനെ ഐ.എ.എസ് ഓഫീസറുടെ വണ്ടി തടഞ്ഞുനിര്‍ത്തി കയറ്റിവിട്ട് പിന്നാലെ ബൈക്കിലെത്തി അയാളെ സ്ട്രച്ചറില്‍ കയറ്റി അത്യാഹിതവിഭാഗത്തിലെത്തിച്ച് രക്ഷപ്പെടുത്തിയ ചവറ സി.ഐ ഗോപകുമാറിനെ പോലെയുള്ള ആളുകളും ഉണ്ട്. അവരുടെ ത്യാഗവും ആത്മാര്‍ത്ഥതയും കൂടി ഏരിയാ സെക്രട്ടറിയുടെ ആജ്ഞാനുവര്‍ത്തികളായി അവന്റെ അടിവസ്ത്രം കഴുകാന്‍ പോകുന്നവര്‍ നശിപ്പിക്കുന്നു എന്നതാണ്. സത്യം.

വരാപ്പുഴയില്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാനും പോലീസിന് തലയൂരാന്‍ ന്യായീകരണ തൊഴിലാളികളായി രംഗത്തു വന്നിട്ടുള്ളതും സി.പി.എമ്മുകാര്‍ തന്നെയാണ്. വാസുദേവന്റെ വീട് ആക്രമിച്ചവര്‍ക്കൊപ്പം മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നെന്ന് കള്ളം പറയിക്കാന്‍ തന്റെ അച്ഛനെ സി.പി.എം പ്രാദേശിക നേതാക്കള്‍ ശ്രമിക്കുന്നതായി സി.പി.എം ദേവസ്വം പാടം ബ്രാഞ്ച് സെക്രട്ടറി പി.എം. പരമേശ്വരന്റെ മകന്‍ ശരത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്തിനെതിരെ പോലീസിന് മൊഴി കൊടുത്തിട്ടില്ലെന്നും വാസുദേവന്റെ വീട് ആക്രമിക്കുമ്പോള്‍ താന്‍ ജോലിസ്ഥലത്തായിരുന്നു എന്നുമാണ് പരമേശ്വരന്‍ പറഞ്ഞത്. വൈകീട്ട് അക്രമിസംഘത്തില്‍ താന്‍ ശ്രീജിത്തിനെ കണ്ടതായി വൈകീട്ട് തിരുത്തി. രാവിലെ മാധ്യമങ്ങളോട് പറഞ്ഞത് വൈകീട്ട് തിരുത്തിച്ചത് സി.പി.എം പ്രാദേശിക നേതാവ് ഡെന്നി അടക്കമുള്ളവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണെന്നും ശരത്ത് വ്യക്തമാക്കി. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം കള്ളസാക്ഷി പറയുകയാണെന്നും ശരത് ആരോപിച്ചു.

എവിടേക്കാണ് കേരളാ പോലീസ് പോകുന്നത്? പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെയോ നേതാക്കളുടെയോ നിര്‍ദ്ദേശമനുസരിച്ച് ഏറാന്‍ മൂളി ഏത് പാവത്തിനെയും നിരപരാധിയെയും അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ തല്ലിക്കൊല്ലുന്നതാണോ പിണറായി വിജയന്‍ പറഞ്ഞ ഇടത് മുന്നണിയുടെ എല്ലാം ശരിയാക്കല്‍. കേരളാ പോലീസ് ഇന്ന് ഗുണ്ടകളുടെയും കൈക്കൂലിക്കാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ആസ്ഥാനമായി മാറിയിരിക്കുന്നു. ഏരിയാ സെക്രട്ടറി മാരുടെ കൊട്ടേഷന്‍ സംഘാംഗങ്ങള്‍ മാത്രമല്ല പോലീസില്‍ ഉള്ളത്. സംസ്ഥാന നിയമസഭയില്‍ വന്നിട്ടുള്ള രേഖകള്‍ അനുസരിച്ച് രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും ഒരു കമാന്‍ഡന്റും ഒന്‍പത് ഡി.വൈ.എസ്.പിമാരും ആറ് സി.ഐ.മാരും പത്ത് എസ്.ഐമാപും അടക്കം 60 പേര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ എണ്ണം എണ്ണൂറ്റി അന്‍പതോളം വരും. ഇവരിലും ഒരു ഐ.പി.എസ്സുകാരനും 10 ഡി.വൈ.എസ്.പിമാരും ആറ് സി.ഐമാരും 63 എസ്.ഐ മാരും ഉള്‍പ്പെടുന്നു. മനുഷ്യന്റെ സഹായിയും സഹജീവിയും ആകേണ്ട, മര്യാദാപുരുഷോത്തമന്‍മാര്‍ ആകേണ്ട പോലീസുകാര്‍ ചവിട്ടി കുടലു പൊട്ടിച്ചാണ് ശ്രീജിത്തിനെ കൊന്നത്. ഈ പോലീസ് കേരളത്തിനു മാത്രമല്ല, ലോകത്തിനു തന്നെ അപമാനമാണ്. ഇവരെ പിരിച്ചുവിട്ടാല്‍ മാത്രം പോരാ അറബിനാടുകളിലെ പോലെ വിചാരണ പോലുമില്ലാതെ വധശിക്ഷയ്ക്ക് വിധേയരാക്കുകയാണ് വേണ്ടത്.

762 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close