ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലു റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 37 പന്തില്‍ 79 റണ്‍സ് എടുത്ത അമ്പാട്ടി റായിഡുവാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്നും നാലു ജയവുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കെയ്ന്‍ വില്യംസന്റെ ചിറകിലേറി ജയത്തിലേക്ക് കുതിച്ച സണ്‍റൈസേഴ്സിന് ഫിനിഷിംഗില്‍ കാലിടറി. 51 പന്തില്‍ അഞ്ച് സിക്സും അഞ്ച് ബൗണ്ടറികളുമായി 84 റണ്‍സാണ് കെയ്ന്‍ വില്യംസണ് സ്വന്തമാക്കിയത്. 45 റണ്‍സ് എടുത്ത യൂസഫ് പഠാനും 24 റണ്‍സ് എടുത്ത ഷക്കീബ് അല്‍ ഹസനും മികച്ച പിന്തുണ നല്കി.
32 റണ്‍സിനിടെ ഷെയ്ന് വാട്സനെയും ഫാഫ് ഡുപ്ലസിസിനെയും നഷ്ടമായ ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത് സുരേഷ് റെയ്നയും അമ്പാട്ടി റായിഡുവും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. റായിഡു 79 ഉം റെയ്ന 53 ഉം റണ്‍സ് എടുത്തു.