സത്യമപ്രിയം

പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യത തകിടം മറിയുമ്പോള്‍

സത്യമപ്രിയം- ജി.കെ. സുരേഷ് ബാബു

സുപ്രീം കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടു പേരില്‍ ഒരാളെ നിയമിച്ചു. ബാറില്‍ നിന്ന് ആദ്യമായി ഇന്ദു മല്‍ഹോത്ര എന്ന വനിത സുപ്രീം കോടതി ജഡ്ജിയായി. ഇതോടൊപ്പം ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം. ജോസഫിനെ നിയമിക്കാതെ കേന്ദ്രസര്‍ക്കാര്‍ മടക്കി. ഈ തരത്തില്‍ കൊളീജിയത്തിന്റെ ശുപാര്‍ശ മടക്കുന്നത് ആദ്യമായിട്ടല്ല. പക്ഷേ, രാഷ്ട്രീയ വിവാദമാക്കി ഇതിനെ മാറ്റുന്നത് ആദ്യമായാണ്.

അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുന്‍പ് തന്റെ വിശ്വസ്തനായ ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കാന്‍ നടത്തിയ ശ്രമവും ജഡ്ജിമാര്‍ രാജിവച്ചതും ഇന്ദിരയുടെ പഴയ അടിയന്തിരത്തിന്റെ ഓര്‍മ്മകളാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം അംഗങ്ങളായ ജഡ്ജിമാര്‍ പക്ഷപാതം കാട്ടുന്നു എന്ന ആരോപണം നേരത്തെ തന്നെ നിലവിലുണ്ട്. ഇന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇരിക്കുന്നവരില്‍ പലരും രാഷ്ട്രീയ ബന്ധത്തിന്റെയും ജഡ്ജിമാരുമായുള്ള ബന്ധത്തിന്റെയും സ്വാധീനത്തില്‍ നിയമനം നേടിയവരാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. ഈ ജീര്‍ണ്ണ സംസ്‌കാരം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന് രൂപം കൊടുത്തത്.

കൊളീജിയത്തിന്റെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും പ്രമുഖരായ നിയമജ്ഞരും ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരണം തകര്‍ത്തെറിഞ്ഞത് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ആയിരുന്നു. സ്വന്തം സ്വാധീനമോ അധികാരമോ നഷ്ടപ്പെടുമെന്നോ കുറയുമെന്നോ വന്നപ്പോള്‍ അത് നിലനിര്‍ത്താന്‍ അല്പന്മാരായ രാഷ്ട്രീയക്കാരെപ്പോലെ പരമോന്നത നീതിപീഠവും സ്വാര്‍ത്ഥതയിലേക്കോ അഹന്തയിലേക്കോ നീങ്ങിയപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന് അകാല അന്ത്യമായി. ജുഡീഷ്യല്‍ കമ്മീഷന്‍ വന്നാല്‍ ആര്‍ക്കായിരുന്നു കുഴപ്പം? എന്തായിരുന്നു പ്രശ്‌നം? ഇത് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളെയും ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത പരമോന്നത നീതിപീഠമായ സുപ്രീംകോടതിയ്ക്കുണ്ട്. ഇല്ലെങ്കില്‍ സീസറിന്റെ ഭാര്യയുടെ അവസ്ഥ സുപ്രീംകോടതിയുടെ ഈ തീരുമാനത്തിന് ഉണ്ടെന്ന് സാധാരണ പൗരന്മാര്‍ ശങ്കിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ?

കഴിഞ്ഞതവണയും കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. മദ്യപാനശീലമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ബാറില്‍ നിന്ന് ഒരാളെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ മടക്കിയത്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്വഭാവശുദ്ധിയും ആര്‍ജ്ജവവും പരമോന്നത നീതിപീഠത്തില്‍ ഇരിക്കുന്ന ആളിന് ഉണ്ടാകണമെന്ന് സര്‍ക്കാര്‍ ശഠിച്ചാല്‍ അതിനെ കുറ്റപ്പെടുത്താന്‍ ആകുമോ? നേരത്തെ ചീഫ് ജസ്റ്റിസായ ഒരു വിനീത വിധേയന്റെ സ്വത്തിടപാടുകള്‍, അദ്ദേഹത്തിന് എതിരായ അഴിമതിയാരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് തന്നെ ഇടിച്ചു താഴ്ത്തുന്നതായിരുന്നു. ജസ്റ്റിസ് കര്‍ണ്ണനും രാമസ്വാമിയും മാത്രമല്ല, ഒരേ പേരായതുകൊണ്ടു മാത്രം ജഡ്ജിമാരുടെ വീട് കൈക്കൂലി കൊടുക്കാന്‍ പോയവര്‍ക്ക് മാറിപ്പോയ സംഭവവും ഒക്കെ കണ്ണുകെട്ടിയ നീതിദേവതയെ അന്ധ മാത്രമല്ല, ബധിരയും മൂകയും കൂടി ആക്കുന്നതാണ്.

എവിടെയാണ് ഇതിനൊരു പരിഹാരം? ഈ തരത്തിലുള്ള ആസക്തികള്‍ക്കും സ്വാധീനങ്ങള്‍ക്കും പാരതന്ത്ര്യങ്ങള്‍ക്കുമപ്പുറം സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ശാദ്വലമായ ഭൂമികയില്‍ സാധാരണക്കാരില്‍ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടാതെ കുറഞ്ഞ ചെലവില്‍ പ്രാപ്യമാകുന്ന അവസ്ഥയാണ് അഭികാമ്യം. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷം പിന്നിടുമ്പോള്‍ ജഡ്ജി നിയമനത്തിന് സുതാര്യമായ ഒരു സംവിധാനം ഒരുക്കാന്‍ സുപ്രീം കോടതിയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ സ്വന്തം സംവിധാനത്തില്‍ പിഴവുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആരെയാണ് പഴിക്കേണ്ടത്.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ കാര്യത്തില്‍ സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വിരുദ്ധ ലോബിയുടെ പ്രകടനം സുവ്യക്തമാണ്. ഇന്ദു മല്‍ഹോത്രയെ നിയമിക്കുകയും കെ.എം. ജോസഫിന്റെ ശുപാര്‍ശ മടക്കുകയും ചെയ്തപ്പോള്‍ രണ്ടുപേരെയും ഒന്നിച്ചുതന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി എത്തിയത് ഇന്ദിരാ ജയ്‌സിംഗ് ആയിരുന്നു. എന്നാല്‍ ഈ ഹര്‍ജി തള്ളി. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കെ.എം. ജോസഫിന്റെ നിയമനം തടയാന്‍ അല്ലെങ്കില്‍ ശുപാര്‍ശ മടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ കെ.എം. ജോസഫ് നാല്പത്തിരണ്ടാമനും ചീഫ് ജസ്റ്റിസുമാരില്‍ പന്ത്രണ്ടാമനുമാണ്. കേരള ഹൈക്കോടതിയില്‍ നിന്ന് (മാതൃകോടതി) ജോസഫ് കൂടി വന്നാല്‍ രണ്ടു ജഡ്ജിമാര്‍ കേരളത്തില്‍ നിന്നാകും.

അതേസമയം ഗുജറാത്ത് രാജസ്ഥന്‍, ഝാര്‍ഖണ്ഡ്, ജമ്മു-കാശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, ചത്തിസ്ഖഢ്, കൊല്‍ക്കത്ത എന്നീ ഹൈക്കോടതികളില്‍ നിന്ന് ഇപ്പോള്‍ തന്നെ ജഡ്ജിമാര്‍ക്ക് പ്രാതിനിധ്യമില്ല. സുപ്രീം കോടതിയില്‍ കുര്യന്‍ ജോസഫ് ഉള്ളതു കൂടാതെ ജോസഫിനൊപ്പം ചത്തീസ്ഖഢില്‍ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും കേരളത്തില്‍ ആന്റണി ഡൊമിനികും ചീഫ് ജസ്റ്റിസുമാരാണ്. ഇത് സംബന്ധിച്ച പഴയ കേസുകള്‍ കൂടി ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അനുമതിയോടെയാണ് ശുപാര്‍ശ തിരിച്ചയച്ചത്.

ഉന്നത നീതിപീഠത്തില്‍ എത്തിപ്പെടുന്നവര്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ സത്യം, ധര്‍മ്മം, തെളിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നീതിപാലനം നടത്തേണ്ടത്. ഒരുതരത്തിലുള്ള സ്വാധീനത്തിലും വഴങ്ങാത്ത കണ്ണുകള്‍ മൂടിയ നീതിദേവതയുടെ ചിഹ്നത്തെ ചില ജഡ്ജിമാരെങ്കിലും ക്രൈസ്തവവത്കരിച്ചോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിയ വിവാദങ്ങള്‍, സ്വന്തം മതവിശ്വാസത്തിനു വേണ്ടി നടത്തിയ പോരാട്ടം നീതിപീഠത്തിന്റെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീഴ്ത്തിയതാണ്. നേരത്തെ ജസ്റ്റിസ് സിറിയക് ജോസഫ് ഇതേ രീതിയില്‍ തന്നെ പൊതുവേദിയില്‍ ഏത് പദവിയേക്കാളും തനിക്ക് വലുത് തന്റെ സഭയാണെന്ന് പറഞ്ഞിരുന്നു.

അടുത്തിടെ മംഗലാപുരത്ത് ഒരു ക്രൈസ്തവസഭയുടെ സ്വീകരണത്തില്‍ പങ്കെടുത്ത ഒരു ചീഫ് ജസ്റ്റിസ് ഒരു ക്രിസ്ത്യാനി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ഇതെല്ലാം രേഖകളും സാക്ഷികളും ഉള്ള സംഭവങ്ങളാണ്. ഇവരുടെ നീതിപീഠത്തില്‍ ഒരു ക്രൈസ്തവനും ഒരു മുസ്ലീമും അല്ലെങ്കില്‍ ഒരു ക്രൈസ്തവനും ഒരു ഹിന്ദുവും കക്ഷികളായ ഹര്‍ജി വന്നാല്‍ തെളിവുകള്‍ അനുസരിച്ച് പൂര്‍ണ്ണമായ നീതിബോധത്തോടെ ക്രൈസ്തവന് അനുകൂലമായി വിധിച്ചാല്‍ പോലും നേരത്തെ പറഞ്ഞ സംശയത്തിന് അതീതമായ നീതിബോധം ഉണ്ടെന്ന് എതിര്‍കക്ഷികള്‍ക്ക് ബോദ്ധ്യപ്പെടുമോ? ഇതാണ് ഇന്ന് സുപ്രീംകോടതി എന്ന പരമോന്നത നീതിപീഠം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് ചെലമേശ്വറും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നാണ് നീതിപീഠത്തിലെത്തിയത്. കുര്യന്‍ ജോസഫ് കെ.എസ്.സി മാണി വിഭാഗം നേതാവായി കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മാണി ഗ്രൂപ്പ് നേതാവ് എന്ന നിലയിലാണ് അഡീഷണല്‍ അഡ്വ. ജനറലായതും പിന്നീട് ആ പിന്തുണയിലും ശുപാര്‍ശയിലുമാണ് മറ്റ് പദവികള്‍ നേടിയതും.

ചെലമേശ്വറിന്റെ ആന്ധ്രാ രാഷ്ട്രീയവും എല്ലാവര്‍ക്കും അറിയുന്നതാണ്. ഇന്ന് ചീഫ് ജസ്റ്റിസിനെതിരെ ചരിത്രത്തിലാദ്യമായി പത്രസമ്മേളനം നടത്തി വിമത നീക്കവുമായി ഈ നാല്‍വര്‍ സംഘം നീങ്ങുമ്പോള്‍ സുപ്രീംകോടതിയുടെ മതില്‍ക്കെട്ടില്‍ നിന്ന് പുറത്തു വരുന്ന ചീഞ്ഞ നാറ്റം അഭിശപ്തമായ രാഷ്ട്രീയത്തിന്റേതു തന്നെയാണ്. ഇന്ദിരയ്‌ക്കെതിരെ പ്രതികരിക്കാന്‍ രാജി വച്ചവരുടെ പാരമ്പര്യവും ആര്‍ജ്ജവവുമെങ്കിലും ഇവര്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു. സുപ്രീംകോടതിയുടെ ഈ മലീമസമായ അന്തരീക്ഷം ശുദ്ധീകരിക്കാന്‍ ഏത് ഹെര്‍ക്കുലീസിന് കഴിയും?

577 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close