മുംബൈ: ഐ.പി.എല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ഡേർഡെവിൾസും ഏറ്‍റുമുട്ടും. ഈ സീസണിൽ ആദ്യമായാണ് ഇരു ടീമും ഏറ്‍റുമുട്ടുന്നത്. പൂനെയിൽ രാത്രി എട്ടിനാണ് മത്സരം.
ഉജ്ജ്വല പ്രകടനത്തോടെ കൊൽക്കത്തയെ തകർത്ത് ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയ ശ്രേയസ്സ് അയ്യരുടെ കീഴിൽ ജയം തുടരാനാണ് ഡൽഹി ഡേർഡെവിൾസ് ഇന്നിറങ്ങുന്നത്. കൊൽക്കത്തെ തകർത്ത അതേ ടീമിനെ നിലനിർത്തിയാവും ഡൽഹിയുടെ കളി. ശ്രേയസ്സ് അയ്യർ, പൃഥ്വി ഷാ, ഗ്ളെൻ മാക്സ്‍വെൽ എന്നിവരുടെ മികവിലാണ് ടീമിന്‍റെ ബാറ്റിംഗ് പ്രതീക്ഷകൾ.
ട്രെന്‍റ് ബോൾട്ട് , മാക്സ്‍വെൽ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ അടങ്ങിയ ബൗളിംഗ് നിരയ്‌ക്ക് കഴിഞ്ഞ മത്സരത്തിലെ മികവ് ആവർത്തിക്കാനാവുമോ എന്നാണ് ആരാധകർ ഉറ്‍റുനോക്കുന്നത്. ഏഴ് മത്സരറങ്ങളിൽ രണ്ട് ജയം മാത്രമാണ് ഡൽഹിക്ക് സ്വന്തമായുള്ളത്. ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ചെന്നൈ അപ്രതീക്ഷിതമായാണ് കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോട് തോറ്റത്.
റായിഡുവും റെയ്നയും ധോണിയും മികച്ച ഫോം തുടരുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. എങ്കിലും വാട്സണും ബ്രാവോയ്‌ക്കും സ്ഥിരത കൈവരിക്കാൻ കഴിയാത്തത് ടീമിന് തിരിച്ചടിയാണ്. എങ്കിലും ഇതുവരെയുള്ള പ്രകടനത്തിൽ ചെന്നൈ, എതിരാളികളെക്കാൾ ഏറെ മുന്നിലാണ്.















