ബംഗളൂരു: വീണ്ടും പരാജയം ഏറ്റു വാങ്ങി തലതാഴ്ത്തി മടങ്ങുമ്പോൾ എം.അശ്വിൻ തന്നെത്തന്നെ ശപിക്കുന്നുണ്ടാകും . കൈവിട്ടുപോയ ആ ക്യാച്ച് മത്സര ഫലത്തെ ബാധിച്ചതിൽ.
176 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാലാമത്തെ ഓവറിൽ 33 റൺസെടുത്തു നിൽക്കുന്നതിനിടെയായിരുന്നു അത്. യുസ്വേന്ദ്ര ചാഹലിന്റെ പന്ത് ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്രിസ് ലിന്നിനു പിഴച്ചു.
എക്സ്ട്രാ കവറിൽ ഉയർന്നു പൊന്തിയ പന്ത് പിടിക്കാനുള്ള ശ്രമത്തിൽ എം.അശ്വിനും അടി തെറ്റി . കയ്യിൽ വീണ് തെറിച്ച് പന്ത് പിടിക്കാൻ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല. ലിൻ അപ്പോൾ ഏഴു റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു.
ആ ക്യാച്ച് കളഞ്ഞതിനു വലിയ വിലയാണ് റോയൽ ചലഞ്ചേഴ്സ് നൽകേണ്ടി വന്നത്. പുറത്താകാതെ 62 റൺസെടുത്ത് ഒരറ്റം കാത്ത ലിൻ നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ചെന്ന് മാത്രമല്ല മാൻ ഓഫ് ദ മാച്ചുമായി.