കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. ഓള്‍റൗണ്ട് മികവ് ആവര്‍ത്തിച്ച സുനില്‍ നെരയ്നാണ് കളിയിലെ താരം. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ ക്രിസ് ലിന്നെ നഷ്ടമായി. റോബിന് ഉത്തപ്പ ആറു റണ്‍സുമായി മടങ്ങിയെങ്കിലും 20 പന്തില്‍ 32 റണ്‍സ് അടിച്ച നരെയ്ന് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്കി. റിങ്കു സിംഗ് 16 റണ്‍സുമായി മടങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ നാലു വിക്കറ്റിന് 97 റണ്‍സ്. അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്ലും ദിനേശ് കാര്‍ത്തിക്കും തകര്‍ത്തടിച്ചതോടെ ചെന്നൈ കളി കൈവിട്ടു. 18 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സുമടക്കം 45 റണ്‍സ് എടുത്ത ദിനേശ് കാര്‍ത്തിക്കും, 36 പന്തില്‍ 57 റണ്‍സ് അടിച്ച ശുഭ്മാന്‍ ഗില്ലും കൊല്‍ക്കത്തയെ ജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സ് എടുത്തത്. നായകന് ധോണി 25 പന്തില്‍ പുറത്താകാതെ 43ഉം, ഷെയ്ന് വാട്സന് 25 പന്തില്‍ 36 ഉം റണ്‍സ് എടുത്തു.