ഈ കണ്ണാടി വച്ചാൽ പിന്നെ നിങ്ങളിട്ടിരിക്കുന്ന ഡ്രസ്സൊന്നും കാണുകേയില്ലെന്ന് പറഞ്ഞ ഗേളിയേയും, അതു കേട്ട് ലേശം നാണത്തോടെ നിൽക്കുന്ന ശ്രീകുമാറിനെയും മലയാളി അത്ര പെട്ടെന്നൊന്നും മറക്കില്ല.
34 വർഷത്തിനിപ്പുറം നോക്കെത്താ ദൂരത്ത് എന്ന ആ ചിത്രത്തിലെ ആയിരം കണ്ണുമായി കാത്തിരുന്നു …..എന്ന ഗാനവുമായാണ് മോഹൻലാലും,നാദിയയും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം നീരാളിയുടെ പുതിയ ടീസറും എത്തിയിരിക്കുന്നത്.
അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും,തമാശക്കും തുല്യ പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്.
ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച അണിയറപ്രവർത്തകർ സിനിമയുടെ പ്രമേയത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
സായ്കുമാർ,ദിലീഷ് പോത്തൻ,അനുശ്രീ,പാർവ്വതി നായർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഇതിന്റെയും എഡിറ്റർ.
മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം.സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിലാണ് ക്യാമറാമാൻ.
പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിനായി മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.