സത്യമപ്രിയംColumns

സാംസ്‌കാരിക നായകരോ ………..?

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കേരളത്തിലെ സാംസ്‌കാരിക നായകരുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ഇരട്ടത്താപ്പും ഉളുപ്പില്ലായ്മയും മറനീക്കി പുറത്തുവന്ന ദിവസങ്ങളായിരുന്നു പിന്നിട്ടത്. കേരളത്തിലുള്ളത് സാംസ്‌കാരിക നായകരാണോ, സാംസ്‌കാരിക നായകളാണോ എന്ന് പണ്ടാരോ ചോദിച്ചത് വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന രണ്ട് സംഭവങ്ങളാണ് അരങ്ങേറിയത്. നായകള്‍ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്.

ഒന്ന് തെരുവു നായകള്‍, രണ്ട് വളര്‍ത്തുനായകള്‍. തെരുവുനായകള്‍ തെരുവിലൂടെ ആരു വന്നാലും കുരച്ചു ചാടും കല്ലെറിഞ്ഞാല്‍ മോങ്ങിയോടും. ചപ്പുചവറിലോ വലിച്ചെറിയുന്നവയിലോ അന്നന്നത്തെ അന്നം കണ്ടെത്തും. ആരോടും ബാധ്യതയില്ല. പ്രതിബദ്ധതയുമില്ല. വളര്‍ത്തുനായകള്‍ വ്യത്യസ്തരാണ്. യജമാനനൊഴികെ ആരെ കണ്ടാലും കുരച്ചു ചാടും. വീട്ടുകാര്‍ നല്‍കുന്നത് കഴിച്ച് അവരെ കാണുമ്പോള്‍ വാലാട്ടി അവരുടെ മേലൊട്ടി നക്കിത്തുടച്ച് നടക്കും. ഈ രണ്ട് തരത്തെയും നമ്മുടെ സാംസ്‌കാരിക നായകരിലും കാണാം. വിശദാംശങ്ങളിലേക്ക് പോകുന്നില്ല. കാരണം പല വിഗ്രഹങ്ങളും ഉടഞ്ഞ് വീഴും.

സാംസ്‌കാരിക നായകരെ കുറിച്ച് ചിന്തിക്കാനുള്ള കാരണം ലാത്വിയക്കാരിയായ വിദേശവനിതയുടെ മരണവും അവരെ കാണാതായപ്പോള്‍ നമ്മുടെ പോലീസ് നടത്തിയ ഗുരുതരമായ വീഴ്ചയുമാണ്. കാണാതായ വനിതയുടെ സഹോദരി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെയാണ് അവര്‍ ഇതിനായി സമീപിച്ചത്. ആരുമില്ലാതെ സ്വന്തം സഹോദരിയെ തേടി നാടുമുഴുവന്‍ അവര്‍ അലഞ്ഞപ്പോള്‍ കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കി.

സ്‌കോട്‌ലാന്റ്‌യാഡിനെ വെല്ലുന്നതെന്ന് സ്വയം അഭിമാനിക്കുന്ന, മൃദുഭാവേ ദൃഢചിത്ത എന്ന് സ്വയം വിളംബരം ചെയ്യുന്ന കേരളാ പോലീസിന്റെ കാര്യക്ഷമത കൊണ്ട് വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ ആരും കാണാതെ അറിയാതെ ആ യുവതിയുടെ മൃതദേഹം അനാഥമായി ഒരു മാസത്തോളം കിടന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച് കഴിയാതെ പോയ കാര്യം സാമൂഹ്യ പ്രവര്‍ത്തകയായ അശ്വതി ജ്വാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിറ്റേദിവസം തന്നെ അശ്വതി ജ്വാലയ്‌ക്കെതിരെ കേരളാ പോലീസ് കേസെടുത്തു. അവര്‍ കാണാതായ യുവതിക്കുവേണ്ടി പണപ്പിരിവു നടത്തിയെന്നാണ് ആരോപണം.

അന്വേഷണത്തില്‍ അറിഞ്ഞത് പരാതി കൊടുത്തയാള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ ബിനാമിയോ സഹായിയോ ഒക്കെയാണെന്നായിരുന്നു . കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു സാധാരണക്കാരിയാണ് അശ്വതി ജ്വാല. സ്വന്തം വരുമാനത്തില്‍ നിന്ന് കഴിയാവുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണപ്പൊതി കൊടുത്തും സാന്ത്വനം പകര്‍ന്നും ജീവിക്കുന്ന അവര്‍ക്കെതിരെ ഇന്നുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. ഈ സംഭവം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു സാംസ്‌കാരിക നായകനും പ്രതികരിച്ചില്ല. അശ്വതിക്കുവേണ്ടി കൂട്ട ഒപ്പിടാനോ പ്രസ്താവനയിറക്കാനോ ആരും വന്നില്ല.

അങ്ങ് ചെയ്യുന്നത് ശരിയല്ലെന്ന് ആദരണീയനായ ലാവ്‌ലിന്‍ വിജയനോട് പറയാന്‍ ഒരാളും തയ്യാറായില്ല. അശ്വതി ജ്വാല ഒരു പ്രതീകമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മയുടെയും കാരുണ്യത്തിന്റെയും ഇനിയും അണയാത്ത കനലുകളില്‍ നിന്ന് ഒരു ജ്വാലയായി നിറഞ്ഞൊഴുകുന്ന വെറും സാധാരണക്കാരിയായ ഒരു പട്ടിണിപ്പാവത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് നമുക്കീ സാംസ്‌കാരിക നായകര്‍?

പേരു കേട്ടിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രണയത്തെ ഓര്‍ത്ത് കാതരനായി ഇന്നും കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്ന കവി സച്ചിദാനന്ദന്‍ മുതല്‍ സോദ്ദേശ സാഹിത്യം കൊണ്ട് പിണറായിക്ക് ദാസ്യപ്പണിയെടുക്കുന്ന കൂട്ട ഒപ്പീടില്‍കാരെ ആരെയും മുട്ടത്തറയിലെ അശ്വതിയുടെ കുടിലിനു മുന്നില്‍ കണ്ടില്ല. അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി വാലുചുരുട്ടി ഓലിയിടുന്ന സാംസ്‌കാരിക നായകരെ നിങ്ങളേക്കാള്‍ എത്രയോ ഭേദമാണ് ആരെയും കണ്ടാല്‍ കുരച്ചു ചാടുന്ന തെരുവു നായകള്‍.

ഇതിന്റെ മറ്റൊരു വശവും കൂടി കഴിഞ്ഞദിവസം കണ്ടു. കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങായിരുന്നു ഈ പൊള്ളത്തരം പ്രകടമാക്കിയ മറ്റൊരു വേദി. നൂറിലേറെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രാലയം തന്നെ വിതരണം ചെയ്യണമെന്നും രാഷ്ട്രപതിഭവന്‍ അറിയിച്ചു. പുരസ്‌കാരം കഴിവതും രാഷ്ട്രപതി തന്നെ നല്‍കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടെങ്കിലും അതിന് രാഷ്ട്രപതിഭവന്‍ വഴങ്ങിയില്ല. രാഷ്ട്രപതി തന്നെ പുരസ്‌കാരം നല്‍കുന്നത് തീര്‍ച്ചയായും നല്ലകാര്യമാണ്.

രാഷ്ട്രപതി വിതരണം ചെയ്തശേഷം ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്ര വാര്‍ത്താ-പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്ന് അറിയിച്ചു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ പുരസ്‌കാരം വേണ്ടെന്നുപറഞ്ഞ് ഒരുവിഭാഗം പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കേന്ദ്ര കാബിനറ്റ് മന്ത്രി അവര്‍ക്കൊക്കെ അത്ര പോര. ഇത്തരം അങ്കങ്ങളും ചലച്ചിത്ര-സീരിയല്‍ രംഗത്തെ അസ്‌കിതകളും ചക്കളത്തിപ്പോരാട്ടവും നല്ലപോലെ ബോദ്ധ്യമുള്ള സ്മൃതി ഇറാനി അണുവിട വഴങ്ങിയില്ല. കേരളത്തില്‍ നിന്നുള്ള ഫഹദ് ഫാസിലടക്കം ഇളിഭ്യരായി മടങ്ങി.

ഈ ചലച്ചിത്ര പ്രവര്‍ത്തകരെയും അവരുടെ പ്രക്ഷോഭത്തെയും പിന്തുണച്ച് സാംസ്‌കാരിക നായകര്‍ രംഗത്തിറങ്ങി. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അദ്ധ്യക്ഷനും സംഘപരിവാറിന്റെയും ബി.ജെ.പിയുടെയും ആജന്മശത്രുവുമായ കമാലുദ്ദീന്‍ മുസ്‌ല്യാരും പ്രതിഷേധവുമായി രംഗത്തെത്തി. അശ്വതിയെ കാണാത്ത, അറിയാത്ത ഇവരുടെ പ്രതിഷേധത്തിന്റെ ആത്മാര്‍ത്ഥത ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം രാഷ്ട്രപതി വിതരണം ചെയ്യുന്നതാണ് ഉചിതമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. പക്ഷേ, നേരത്തെയും പലതവണ വാര്‍ത്താവിതരണ മന്ത്രിമാര്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ചെമ്മീന് മുതല്‍ പല പുരസ്‌കാരങ്ങളും നല്‍കിയത് ഇന്ദിരാഗാന്ധിയടക്കം വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയുള്ളവരാണ്. അന്നൊന്നും ഇല്ലാത്ത ഒരു വിവാദം ഇപ്പോള്‍ സൃഷ്ടിച്ചതിന്റെ കാരണം രാഷ്ട്രീയമാണ്. ഇതാണ് പ്രതിഷേധിച്ച പുരസ്‌കാര ജേതാക്കളെയും അവരെ പിന്തുണച്ച സാംസ്‌കാരിക നായകരെയും വെറും നായകളാക്കി അധഃപതിപ്പിക്കുന്നത്. പുരസ്‌കാരം ചലച്ചിത്ര നിര്‍മ്മാതാവ് അപേക്ഷയ്‌ക്കൊപ്പം ചലച്ചിത്രം നല്‍കി നടപടിക്രമങ്ങളിലൂടെ തീരുമാനിക്കുന്നതാണ്. ആര് പുരസ്‌കാരം നല്‍കും എന്ന കാര്യത്തില്‍ ഒരു തീരുമാനവും നേരത്തെ എടുക്കുന്നതല്ല. ഇന്നയാള്‍ തന്നാലേ താന്‍ സമ്മാനം വാങ്ങൂ എന്ന് പുരസ്‌കാര ജേതാവിന് എങ്ങനെ ശഠിക്കാനാകും. അതല്ല, ശഠിക്കുമ്പോള്‍ ഇനിയെങ്കിലും പുരസ്‌കാരവും പണവും മടക്കി കൊടുക്കാനെങ്കിലും തയ്യാറാകണ്ടേ.

മാത്രമോ, പുരസ്‌കാര ജേതാവ് എന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കിയ വിമാന ടിക്കറ്റും അശോക ഹോട്ടലിലെ താമസം അടക്കമുള്ള ചെലവുകളും മടക്കി നല്‍കണ്ടേ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ആകാശത്തു നിന്ന് നൂലില്‍ കെട്ടിയിറക്കി ഓട് പൊളിച്ച് പാര്‍ലമെന്റിനകത്ത് കയറിയവരല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. പ്രതിഷേധത്തിനും ബഹിഷ്‌ക്കരണത്തിനും മാന്യതയുടെ ഒരു പരിധിയുണ്ട്. ഇന്ന് ആ പരിധി ലംഘിക്കപ്പെടുന്നു. പണ്ട് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പറഞ്ഞവര്‍ എത്രപേര്‍ നല്‍കിയെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും അന്നത്തെ പ്രസ്താവനയുടെ സത്യം.

സാംസ്‌കാരിക നായകരും സാഹിത്യകാരന്മാരും എല്ലാ കാലത്തും ഭരണകൂടങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ഉള്ളവരാണ്. സര്‍ഗ്ഗാത്മക ന്യൂനപക്ഷം എന്ന നിലയില്‍ സമൂഹത്തെ ,പൊതു ജീവിതത്തിന്റെ വിന്യാസത്തെ സ്വാധീനിക്കേണ്ടവരാണ്. ജനങ്ങളെ സാംസ്‌കാരികോന്മുഖരാക്കാനും പ്രചോദിപ്പിക്കാനും നല്ല സാമൂഹ്യജീവികളായി പരിവര്‍ത്തനം ചെയ്യാനും ആര്‍ജ്ജവമുള്ളവരാകണം ഇക്കൂട്ടര്‍. ഇന്നത്തെ സാംസ്‌കാരിക നായകരില്‍ ഭൂരിപക്ഷവും ഭരണനേതൃത്വത്തിന്റെ ഏറാന്‍മൂളികളായി അവര്‍ക്ക് ചെമ്പട്ട് വിരിക്കാനും ചുവപ്പു പരവതാനി ഒരുക്കാനും നടക്കുന്നവരാണ്.

അവര്‍ ഇരകള്‍ക്കൊപ്പമല്ല. അവരുടെ വാക്കുകള്‍ അപ്പക്കഷ്ണങ്ങള്‍ വിഴുങ്ങാനുള്ള തത്രപ്പാടില്‍ പുറത്തുവരാതെ നിശ്ശബ്ദമാകുന്നു. ഇന്നിവിടെ അടിയന്തരാവസ്ഥയില്ല. പക്ഷേ, അന്നന്നത്തെ അന്നം മുടങ്ങുമെന്ന ആശങ്കയില്‍ അശ്വതി ജ്വാലയെ തിരിച്ചറിയാന്‍ കഴിയാതെ രാഷ്ട്രീയ തിമിരം ബാധിച്ച് അവര്‍ക്കെതിരെ പടവാളോങ്ങുന്നത് കണ്ടുനില്‍ക്കുന്നു. ഈ അനീതിയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ ഏതു വാക്ക് ഉപയോഗിക്കും?

ജി കെ സുരേഷ് ബാബു

ചീഫ് എഡിറ്റർ : ജനം ടിവി

951 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close