ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ളിപ്പ്കാര്‍ട്ടിന്റെ മുഖ്യ ഓഹരികള്‍ അമേരിക്ക കേന്ദ്രമായ ആഗോളഭീമന് വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 1600 കോടി ഡോളറിനാണ് (ഏദേശം 1.08 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍ നടന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത വിവരം വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഏറെക്കാലമായി ഇന്ത്യന്‍ വിപണി പ്രവേശനം കാത്തിരുന്ന വാള്‍മാര്‍ട്ടിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതാണ് ഇടപാട്.
നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഇ കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ഐ.ടി ബിരുദധാരികളും ആമസോണിലെ ജീവനക്കാരുമായിരുന്ന സച്ചിന് ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന് രൂപം നല്‍കുന്നത്. രണ്ട് മുറികളുള്ള ചെറിയ ഫ്ളാറ്റില്‍ നിന്ന് 8.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വ്യാപാര ശൃംഖലയായി രാജ്യത്ത് വളര്‍ന്ന് പന്തലിക്കുകയായിരുന്ന ഫ്ളിപ്പ്കാര്‍ട്ട്.