സത്യമപ്രിയംColumns

രക്തക്കൊതി തീരാത്ത സി.പി.എം

സത്യമപ്രിയം ജി.കെ സുരേഷ് ബാബു

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പുതിയ സംഭവമല്ല. പക്ഷേ, കഴിഞ്ഞദിവസം മാഹിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ തന്നെ ഒരു പുതിയ ഏട് തുറക്കുകയായിരുന്നു. മാഹിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബു, പള്ളൂര്‍ കൊയ്യോടന്‍ കോറാത്ത് ക്ഷേത്രത്തിനു സമീപത്തുവച്ച് വെട്ടേറ്റതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. 25 മിനിറ്റിനകം ന്യൂ മാഹിയിലെ പെരിങ്ങാടി റോഡില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഷമേജ് വെട്ടേറ്റ് മരിച്ചു. ഇതേത്തുടര്‍ന്ന് മാഹി, പള്ളൂര്‍, തലശ്ശേരി മേഖലകളില്‍ വ്യാപകമായ സംഘര്‍ഷം അരങ്ങേറി. ബാബുവിന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ കണ്‍വീനര്‍ ദയാനന്ദന്റെ വീട് തകര്‍ത്തു. നിരവധി വാഹനങ്ങളും ബി.ജെ.പി, ബി.എം.എസ്, ഹിന്ദു ഐക്യവേദി ഓഫീസുകളും അനുഭാവികളുടെ വീടും വാഹനങ്ങളും ഒക്കെ തകര്‍ക്കപ്പെട്ടു.

കണ്ണൂര്‍ മേഖലയില്‍ സാധാരണ നടക്കാറുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ മാതൃകയിലല്ല മാഹിയിലെ കൊലപാതകങ്ങള്‍ അരങ്ങേറിയത്. തികച്ചും ആസൂത്രിതമായി രണ്ട് പൊതുജനസേവകരായ നേതാക്കളെ ഒന്നിച്ച് തുടച്ചുമാറ്റുകയായിരുന്നു. ബാബുവിന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നുമാണ് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടത്. കുറെക്കാലമായി സമാധാനത്തില്‍ പോകുന്ന ഈ പ്രദേശത്ത് എല്ലാകാലത്തും സമാധാനം ആഗ്രഹിക്കുകയും അതിനുവേണ്ടി അനവരതം പോരാടുകയും ചെയ്ത ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ അല്ലെങ്കില്‍ അനുമതിയോടെ ഒരു കൊലപാതകം നടക്കില്ല. അടിയും തിരിച്ചടിയും പലതവണ ഉണ്ടായപ്പോള്‍ തല്ലിയാല്‍ തല്ലിയെന്ന് പറയാനുള്ള ചങ്കൂറ്റവും ആര്‍ജ്ജവവും പരിവാര്‍ പ്രസ്ഥാനങ്ങള്‍ എന്നും കാട്ടിയിരുന്നു. അടുത്തിടെ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിടുകയും ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളോട് സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന ബാബുവിനെ കൊല്ലാനുള്ള കുബുദ്ധി പരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് ഒരിക്കലും ഉണ്ടാവുകയുമില്ല.

ബാബുവിനെതിരെ അക്രമമുണ്ടായി മിനിറ്റുകള്‍ക്കകം പ്രദേശത്തെ ഏറ്റവും സ്വീകാര്യതയുള്ള ജനപ്രിയനായ ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു. ഈ സംഭവങ്ങള്‍ തമ്മിലുള്ള ചുരുങ്ങിയ സമയവ്യത്യാസമാണ് ഒരേ സംഘം തന്നെയാണ് ഇതിന് പിന്നില്‍ അല്ലെങ്കില്‍ ആദ്യത്തെ കൊലപാതകം ആസൂത്രണം ചെയ്തവര്‍ തന്നെയാണ് രണ്ടാമത്തേതും ആസൂത്രണം ചെയ്തത് എന്ന സംശയത്തിലേക്ക് നയിക്കുന്നത്. ഒരു കൊലപാതകത്തിലും കണ്ണൂര്‍ മേഖലയില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തിരിച്ചടി ആസൂത്രണം ചെയ്തിട്ടില്ല, നടന്നിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് അകന്നുതുടങ്ങിയ ബാബുവിനെ വകവരുത്താന്‍ സി.പി.എം തന്നെ ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകമെന്ന് ആരോപിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. രണ്ടാം ടി.പി. ചന്ദ്രശേഖരന്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പഴയ സഖാക്കള്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റിനെ നിരാകരിക്കാനോ നിസ്സാരമായി തള്ളിക്കളയാനോ കഴിയുന്നതല്ല സാഹചര്യങ്ങളും സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്ന വസ്തുതകള്‍. ബി.ജെ.പിയോട് അടുക്കുന്ന സി.പി.എം നേതാവിനെ വകവരുത്തുകയും അതേസമയം തന്നെ വളര്‍ന്നുവരുന്ന ബി.ജെ.പി നേതാവിനെ തുടച്ചുനീക്കുകയും ചെയ്യുകയെന്ന ദ്വിമുഖ തന്ത്രം ആരോ കാര്യക്ഷമമായി ഉപയോഗിച്ചിരിക്കുന്നു. ഇതിന്റെ പിന്നിലെ ആസൂത്രിത ഗൂഢാലോചന കണ്ടുപിടിച്ചേ മതിയാകൂ.

കേരളത്തില്‍ ഇന്നുവരെ നടന്ന ഏതാണ്ട് അറുന്നൂറോളം രാഷ്ട്രീയ കൊലപാതകങ്ങളില്‍ 99 ശതമാനത്തിലും സി.പി.എം ഒരു ഭാഗത്തുണ്ട്. കൊലപാതകികളോ കൊലചെയ്യപ്പെട്ടവരോ സി.പി.എമ്മാണ്. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകം മുതല്‍ ഇന്ന് ഷമേജിന്റെ വരെയുള്ള എല്ലാ കൊലപാതകങ്ങളിലും സി.പി.എം ഒരുഭാഗത്തുണ്ട്. എന്തേ ഇത്രകാലമായിട്ടും ഈ പ്രസ്ഥാനത്തിന് ചോരക്കൊതി മാറുന്നില്ല. അയയുന്ന അണികളെ പിടിച്ചുനിര്‍ത്താനും മുറുക്കാനും പ്രതിചേര്‍ക്കാനും ഒക്കെയായി ഈ പ്രസ്ഥാനം രാഷ്ട്രീയ സംഘര്‍ഷം ഒരു വഴിയായി സ്വീകരിച്ചിരിക്കുന്നു. അയ്യായിരത്തോളം പേര്‍ അംഗഭംഗം വന്നവരായി. ഇരുപത്തയ്യായിരത്തോളം പേരുടെ ജീവനോപാധികളും വാണിജ്യ വ്യവസായ സ്ഥാപനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്‌നേഹപ്രകടനത്തില്‍ തകര്‍ക്കപ്പെട്ടു. ഏതെങ്കിലും നാട്ടില്‍ നടക്കുന്ന സംഭവമാണോ ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും നാടായ ഈ കേരളത്തില്‍ നടക്കുന്നത്. ആഫ്രിക്കയിലെ ഇരുണ്ട സാമ്രാജ്യങ്ങളിലെ നരഭോജികള്‍ക്കു പോലും ഇതിനേക്കാള്‍ കൂടുതല്‍ സ്‌നേഹവും കാരുണ്യവും അന്തസ്സും ഉണ്ടാകും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പന്ത്രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറി. എത്ര കുഞ്ഞുങ്ങള്‍ക്കാണ് രക്ഷകര്‍ത്താക്കള്‍ ഇല്ലാതായത്. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യമാരും സഹോദരന്മാരെ നഷ്ടപ്പെട്ട സഹോദരിമാരും ഒഴുക്കിയ കണ്ണീര്‍ച്ചാലിന്റെ തീക്ഷണതയില്‍ ഈ പ്രസ്ഥാനം ഉരുകി നീറും. കേരളത്തില്‍ ഇത്തരം കൊലപാതക രാഷ്ട്രീയത്തിന് തുടക്കമിട്ടതും ഇന്നും അഭംഗുരം തുടരുന്നതും സി.പി.എമ്മാണ്. തങ്ങളുടെ രാഷ്ട്രീയത്തിന് എതിരായവര്‍ സ്വന്തം പാര്‍ട്ടിക്കാരാണെങ്കിലും 51 വെട്ട് വെട്ടി കൊല്ലാന്‍ ഈ കാട്ടാളന്മാര്‍ക്ക് മടിയില്ല. അവര്‍ക്ക് സ്ത്രീകളെന്നോ കുഞ്ഞുങ്ങളെന്നോ ഭേദമില്ല. ഏറ്റവും അടുത്താണ് പട്ടികജാതിക്കാരിയായ ചന്ദ്രലേഖയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി മുക്കാലും വീട് പണിത് കഴിഞ്ഞപ്പോള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. രാഷ്ട്രീയമല്ലാതെ മറ്റെന്ത് കാരണമാണ് ഇതിന് പറയാനുള്ളത്? കെ.കെ. രമയും മഹിജയും വിനീത കോട്ടായിയും മാത്രമല്ല ഇത്തരം അക്രമങ്ങള്‍ക്ക് ഇരയായത്. പാലക്കാട്ടിനടുത്ത് കഞ്ചിക്കോട്ട് ചടയന്‍കാല ശ്രീവത്സത്തില്‍ രാധാകൃഷ്ണനും സഹോദരന്‍ കണ്ണന്റെ ഭാര്യ വിമലാദേവിയും കൊല്ലപ്പെട്ടത് 2017 ജനുവരിയിലാണ്. ഇവരുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ വിമലാദേവിയെ തീകൊളുത്തുകയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീയെ ചുട്ടുകൊന്നത്.

സി.പി.എമ്മിന് ഇത്തരം അക്രമങ്ങള്‍ നടത്തുന്നതില്‍ ഒരു വൈമുഖ്യവും ജാള്യതയുമില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. സ്വന്തം ഭാര്യയുടെ മുന്നില്‍ വച്ച് ബൈക്കില്‍ നിന്ന് പിടിച്ചിറക്കിയാണ് പന്ന്യന്നൂര്‍ ചന്ദ്രനെ വധിച്ചത്. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി കൊല്ലും കൊലയും ഒക്കെ നടത്തിയ ടി.പി. ചന്ദ്രശേഖരനെ വകവരുത്തിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. 51 വെട്ട് വെട്ടുമ്പോള്‍ സ്വന്തം സഖാവിന്റെ മുഖത്തുനിന്ന് ചോര ചിതറിത്തെറിക്കുമ്പോള്‍ വെട്ടിയ പഴയകാല സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ഇതാണ് ഈദി അമീനെ വെല്ലുന്ന നരഭോജികളുടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. വന്യമൃഗങ്ങള്‍ പോലും വിശന്നാല്‍ മാത്രമേ ഇരതേടാന്‍ മറ്റു മൃഗങ്ങളെ കൊന്ന് തിന്നൂ. അവയൊന്നും സ്വന്തം ജനുസ്സില്‍പ്പെട്ടവര്‍ക്കു നേരെ അക്രമം നടത്തില്ല. എന്തേ സി.പി.എം ഇങ്ങനെയായിപ്പോകാന്‍! കമ്യൂണിസ്റ്റു പാര്‍ട്ടി റഷ്യയില്‍ ആരംഭിച്ചതുതന്നെ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ പിന്തുണയോടെയായിരുന്നു.

കേരളത്തില്‍ ഒരിക്കലെങ്കിലും രാഷ്ട്രീയസംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ പി. പരമേശ്വരനായിരുന്നു. അന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ഇ.എം.എസ് അന്തരിച്ചപ്പോള്‍ അനുസ്മരണക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് മുന്നൊരുക്കം നടത്താനുള്ള, വിവേകമുള്ള ഒരു രാഷ്ട്രീയ നേതൃത്വം സി.പി.എമ്മിനില്ല. അതുകൊണ്ടു തന്നെ ഒരു ചര്‍ച്ചയും ഇനി ഏറക്കുറെ ഉണ്ടാകാന്‍ സാധ്യതയില്ല. മനുഷ്യന്റെ ചോരയൂറ്റി കുടിയ്ക്കുന്ന രക്തദാഹികളായ ഈ രാഷ്ട്രീയ നേതൃത്വത്തിന് കൂച്ചുവിലങ്ങിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും കേരളത്തിന്റെ മണ്ണ് രക്തം കൊണ്ട് ചുവക്കും.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close