സാന്‍ ഫ്രാന്‍സിസ്കോ: 2018ലെ ആദ്യ പാദത്തില്‍ ഫെയ്സ്ബുക്കിലെ 58.3 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിലവിലുള്ള അക്കൗണ്ടുകളില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുണ്ടെന്നും ഇവര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് ചൊവ്വാഴ്ച പുറത്തിറക്കിയ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് എന്‍ഫോഴസ്മെന്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മാത്രം 65 ലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അക്രമം, വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങള്‍, ഗ്രാഫിക് വയലന്‍സ്, തുടങ്ങിയവ ഉള്‍പ്പെടുന്ന പോസ്റ്റുകളും മറ്റും നീക്കം ചെയ്യുന്നതിനായി ഫെയ്സ്ബുക്കിന്മേല് വലിയ സമ്മര്‍ദമാണുണ്ടായിരുന്നത്. ഗവണ്മെന്റ് അധികൃതര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇത്തരം പോസ്റ്റുകളെക്കുറിച്ച് ഫെയ്സ്ബുക്കിനോട് വിശദീകരണം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഇത്തരം പ്രവണതകള്‍ തടയാന്‍ ശ്രമിക്കുന്നതായി കാണിച്ച് ഫെയ്സ്ബുക്ക് 86 പേജുകളുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഫെയ്സ്ബുക്ക് ഇത്തരത്തിലൊരു ട്രാന്‍സ്പെരന്‍സി റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.
86 കോടി 58 ലക്ഷം പോസ്റ്റുകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തീവ്രവാദം,വിദ്വേഷം പ്രചരിപ്പിക്കല്‍, അശ്ലീലമായ സന്ദേശങ്ങള്‍, ഗ്രാഫിക് വയലന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ് നീക്കം ചെയ്തിരിക്കുന്നത്. 2017 ആദ്യ പാദത്തില്‍ 69.4 കോടി അക്കൗണ്ടുകളും ഫെയ്സ്ബുക്ക് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ 18 മാസമായി തങ്ങള്‍ ഇത്തരം അനാവശ്യ ഘടകങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഗൈ റോസണ്‍ പറഞ്ഞു. എല്ലാ ആറു മാസം കൂടുമ്പോഴും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അനാവശ്യ പോസ്റ്റുകള്‍ നീക്കം ചെയ്യാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൊവ്വാഴ്ച ഒരു പോസ്ററിലൂടെ വ്യക്തമാക്കിയിരുന്നു.