കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയിലേക്ക് അന്വേഷണം പോകരുതെന്ന് ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ആലുവാ റൂറല്‍ എസ്പിയുമായുള്ള ഫോണ്‍ സംഭാഷണം സംബന്ധിച്ച് വ്യക്തതയ്ക്കായിപ്പോലും ജില്ലാ സെക്രട്ടറി പി രാജീവിന്റെ മൊഴിയെടുക്കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇതോടെ അന്വേഷണം പോലീസില്‍ തന്നെ ഒതുങ്ങുമെന്ന് ഉറപ്പായി. വരാപ്പുഴ സംഭവത്തില്‍ സിപിഎം നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ബലം പകരുന്നതാണ് പുതിയ നീക്കങ്ങള്‍.
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിപിഎം നേതാക്കള്‍ക്ക് വ്യക്തമായ പങ്കുള്ളതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് ആലുവാ റൂറല്‍ എസ്പിയെ വിളിച്ചത് രണ്ട് തവണയാണ്. പറവൂര്‍ ഏരിയാ സെക്രട്ടറി നിരവധി തവണ ജോര്‍ജ്ജിനെ വിളിച്ചതായും തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ പരിഗണിക്കേണ്ടെന്ന നിര്‍ദേശമാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.