സത്യമപ്രിയം

പിണറായിയുടേത് സത്യപ്രതിജ്ഞാലംഘനം

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

ഏത് രാഷ്ട്രീയ നേതാവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ പിന്നെ വെറും നേതാവല്ല, ഭരണാധികാരിയാണ്. സത്യപ്രതിജ്ഞാവാചകത്തില്‍ ആരോടും ഭയവും പക്ഷപാതവുമില്ലാതെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നത് ഒരു വെറും വാചകമടിയല്ല. അതിന്റെ പിന്നില്‍ ഭരണഘടന വിഭാവന ചെയ്യുന്ന നിഷ്പക്ഷതയുടെയും നീതിബോധത്തിന്റെയും അടിത്തറയുണ്ട്. പ്രതിജ്ഞ ചെയ്യുന്ന വാചകത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന സത്യത്തിന്റെ സ്ഫുരണമുണ്ട്. ഇത് മനസ്സിലാകാത്തത് തെറ്റാണോ? തെറ്റിനേക്കാള്‍ അപ്പുറം അധികാരസോപാനത്തിലേക്കെത്തുന്ന വ്യക്തിയുടെ ധാര്‍മ്മികതയുടെയും അന്തസ്സിന്റെയും പ്രതിഫലനമാണ് അതത് രാഷ്ട്രീയ നേതാക്കള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലെത്തിയതിന്റെ രണ്ടാംവര്‍ഷം ആഘോഷിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു പരിശോധന അനിവാര്യമാണ്. കാരണം ഇതുവരെ ഒരു മുഖ്യമന്ത്രിയും പറയാത്ത പരസ്യവാചകമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി ഉപയോഗിച്ചത്. ‘ഇടതുപക്ഷം വരും എല്ലാം ശരിയാകും’.

ഇടതുപക്ഷം വന്നു. എന്ത് ശരിയായി? എന്ന് ചോദിക്കാനുള്ള ബാധ്യത കേരളത്തിലെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും ഉള്ളതാണ്. ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനോ പ്രതിരോധിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനോ പ്രതിപക്ഷ നേതാവിനെ കാണാനില്ല, കാണാറില്ല. ഭരണത്തിലേറി രണ്ടുവര്‍ഷം പിന്നിട്ടിട്ടും സ്വയം സൃഷ്ടിക്കുന്ന ധാര്‍ഷ്ട്യത്തിന്റെയും ഏകാധിപതിയുടെയും ചില്ലുമേടയില്‍ നിന്ന് ഒരു സാധാരണക്കാരന്റെ പരിവേഷത്തിലേക്ക് എത്താന്‍ പിണറായി വിജയന് കഴിയുന്നില്ല. കേരളത്തിലെ ജനങ്ങളെല്ലാം കണിക്കൊന്നയും സ്വര്‍ണ്ണനാണയവും കൃഷ്ണവിഗ്രഹവും കണികാണാന്‍ ഒരുക്കുന്ന വിഷുദിനത്തില്‍ സഖാവ് പിണറായിയെ കണികാണണമെന്ന് ആഗ്രഹിക്കുകയും ആ ചിത്രം കണികാണുകയും ചെയ്ത ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്തിനു മുന്നില്‍ വലിച്ചിഴക്കുകയും മരണത്തിന് കാരണക്കാരായവര്‍ക്ക് ഓശാന പാടുകയും ചെയ്ത പിണറായിയും മന്ത്രിസഭയും എന്ത് ശരിയാക്കിയെന്ന് സ്വന്തം പാര്‍ട്ടിക്കാരും ജനങ്ങളും ആലോചിക്കട്ടെ. എന്തൊക്കെ പറഞ്ഞോ, അതിനൊക്കെ വിരുദ്ധമായാണ് പിണറായിയും സര്‍ക്കാരും മുന്നോട്ട് പോകുന്നത്.

ബാര്‍ക്കേസില്‍ ഇത് കേരളം കണ്ടു. നോട്ടെണ്ണാന്‍ വീട്ടില്‍ യന്ത്രമുണ്ടെന്ന് നാടൊട്ടുക്ക് പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്ത പിണറായി അന്ന് മലയാളത്തിലെ രണ്ട് ശ്രദ്ധേയരായ നടീനടന്മാരെ ഉപയോഗിച്ച് പരസ്യവും ഉണ്ടാക്കിയിരുന്നു. കെ.പി.എ.സി ലളിതയും ഇന്നസെന്റുമാണ് അന്ന് പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയത്. ബാര്‍ക്കേസില്‍ നേരെ കടകവിരുദ്ധമായ നിലപാടോടെ തകിടം മറിയുക മാത്രമല്ല, കെ.എം. മാണിയെ വെഞ്ചരിച്ച് വിശുദ്ധനാക്കി ചുവപ്പു പരവതാനി വിരിച്ച് എ.കെ.ജി സെന്ററിലേക്ക് ആനയിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന പിണറായിയെ കാണുമ്പോള്‍ ചിരിയേക്കാളേറെ സഹതാപമാണ് തോന്നുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിയെ കുറിച്ചും ബാര്‍കോഴയെ കുറിച്ചും മാത്രമല്ല, ഈ അമ്മച്ചിയെയും അച്ചായനെയും കാണാനുണ്ടോ എന്നുചോദിച്ച് ഇന്നസെന്റിന്റെയും കെ.പി.എ.സി ലളിതയുടെയും പഴയ പരസ്യങ്ങള്‍ വെച്ചു വരുന്ന ട്രോളുകള്‍ കേരളത്തിലെ സാധാരണക്കാരുടെ വികാരത്തിന്റെ സൂചനകളാണ്.

വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ കാര്യങ്ങളും കാണാതിരുന്നുകൂടാ. ഒരുകാലത്ത് ഇന്ത്യയ്‌ക്കെന്നല്ല, ലോകത്തിനു തന്നെ മാതൃകയായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്ന് തരിപ്പണമായി. നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്ന് നമ്മള്‍ അവകാശപ്പെട്ട രോഗങ്ങള്‍ പലതും പത്തിരട്ടി ശക്തിയോടെ പുതിയ രൂപഭാവങ്ങളില്‍ തിരിച്ചുവരുന്നു. ‘അനാഥനായ സ്വന്തം ഭര്‍ത്താവിന്റെ ചികിത്സാച്ചെലവ് മാത്രമല്ല, ഭക്ഷണച്ചെലവു പോലും ചികിത്സാച്ചെലവ് എന്ന പേരില്‍’ ബില്ലെഴുതി വാങ്ങിയ ആരോഗ്യമന്ത്രി ഇതുവരെയുണ്ടായിരുന്ന എല്ലാ കീഴ്‌വഴക്കങ്ങളെയും കീഴ്‌മേല്‍ മറിക്കുകയാണ്. ആയിരങ്ങളുടെ കണ്ണടയും ഭര്‍ത്താവിനുള്ള ഇളനീരും സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി പുട്ടടിക്കുമ്പോള്‍ ഞങ്ങള്‍ കൊയ്യും വയലെല്ലാം, ഞങ്ങളുടെതാകും പൈങ്കിളിയെ എന്ന് സ്വപ്നം കണ്ട് പാടിനടന്ന കീഴാളസമൂഹം ചികിത്സകിട്ടാതെ പിടഞ്ഞുമരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.

കണ്ണൂര്‍-കരുണാ മെഡിക്കല്‍ കോളേജുകള്‍ക്കായി കോടതിവിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിമര്‍ശനത്തോടെ ചവറ്റുകുട്ടയില്‍ ഇടുമ്പോഴെങ്കിലും അതിനുവേണ്ടി കൈപ്പറ്റിയ പണം തിരിച്ചുകൊടുത്ത് രാജിവെയ്ക്കാനുള്ള അന്തസ്സ് കാട്ടേണ്ടതായിരുന്നു. ഈ മെഡിക്കല്‍ കോളേജുകള്‍ കൈപ്പറ്റിയ കോഴപ്പണത്തിന്റെ കണക്കും അതില്‍ എത്രവീതം ഓരോ നേതാക്കള്‍ക്കും കൊടുത്തു എന്നതും അങ്ങാടിപ്പാട്ടാണ്. സ്വാശ്രയവിദ്യാഭ്യാസത്തിനെതിരെ നിലപാടെടുക്കുകയും ,പ്രീഡിഗ്രി ബോര്‍ഡ് സമരം മുതല്‍ സ്വാശ്രയകോളേജ് സമരം വരെ ,രക്തസാക്ഷികളെ സൃഷ്ടിക്കുന്ന സമരം നടത്തുകയും ചെയ്ത സി.പി.എമ്മും പിണറായിയും സ്വാശ്രയ മുതലാളിമാരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ അങ്ങ് എന്ത് ശരിയാക്കി എന്ന ചോദ്യമുയര്‍ന്നാല്‍ കുറ്റം പറയാനാകുമോ?

മരണത്തിനു മുന്നില്‍ വിവേകമുള്ളവര്‍ രാഷ്ട്രീയം കളിക്കാറില്ല. കഴിഞ്ഞ ആഴ്ച മാഹിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സി.പി.എം നേതാവ് ബാബുവും ആര്‍.എസ്.എസ്-ബി.എം.എസ് നേതാവ് ഷമോജും മരണമടഞ്ഞു. കൊലപാതകത്തെ കുറിച്ചും രാഷ്ട്രീബന്ധത്തെ കുറിച്ചും വാദപ്രതിവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മരിച്ച സി.പി.എം നേതാവിന്റെ വീട്ടില്‍ മാത്രം പോയി മടങ്ങി. ഒരു കിലോമീറ്റര്‍ അപ്പുറത്ത് ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് പണം കൊടുക്കുന്നത് എ.കെ.ജി സെന്ററില്‍ നിന്നല്ല, സംസ്ഥാന ഖജനാവില്‍ നിന്നാണ്.

എല്ലാ പൗരന്മാരോടും ഭേദബുദ്ധിയില്ലാതെ, ഭയമോ പക്ഷപാതമോ ഇല്ലാതെ പെരുമാറുമെന്ന് പ്രതിജ്ഞ ചെയ്ത പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനമല്ലേ നടത്തിയത്. കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ പെരുമാറിയിട്ടില്ല. അടിയന്തിരാവസ്ഥയിലെ പോലീസ് ഭീകരതയ്ക്ക് കെ. കരുണാകരന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്നു പറഞ്ഞ് കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തിയവര്‍, രക്തം പുരണ്ട ഷര്‍ട്ടുമായി നിയമസഭയിലെത്തിയവര്‍, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാ സെക്രട്ടറി വരെയുള്ളവര്‍ നിര്‍ദ്ദേശം നല്‍കി ലോക്കപ്പ് പീഡനം നടത്തി കേസില്‍ പ്രതികളല്ലാത്ത നിരപരാധികളെ കൊല്ലുമ്പോള്‍ ആ വീട്ടുകാരെ കാണാതിരിക്കാന്‍ മുപ്പതും നാല്പതും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് മറ്റുവഴികളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാം ശരിയായി എന്നതിന്റെ സാംഗത്യം നമുക്ക് ബോദ്ധ്യപ്പെടുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടില്‍ പോയി ആ അമ്മയെയും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയെയും കണ്ടാല്‍ പിണറായിക്ക് എന്ത് നഷ്ടമാണുണ്ടാകുക?

രാഷ്ട്രീയത്തിന്റെ തിമിരാന്ധകാരത്തില്‍ രാഷ്ട്രീയ സദാചാര മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയ ധാര്‍ഷ്ട്യക്കാരനായ സ്വേച്ഛാധിപതി എന്ന നിലയിലാകും കാലം പിണറായിയെ രേഖപ്പെടുത്തുക. എന്തിനും ഏതിനും രാഷ്ട്രീയം മാത്രം കാണുന്ന വര്‍ണ്ണാന്ധതയുടെ അടിമയായി പിണറായി മാറിക്കഴിഞ്ഞു. ഇടതുപക്ഷം വന്നിട്ട് എന്ത് ശരിയായി എന്ന് നെഞ്ചില്‍ കൈവച്ച് പാര്‍ട്ടിയും പിണറായിയും ആലോചിക്കട്ടെ.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close