ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത. ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങള്‍ അഭയം തേടി ഡല്‍ഹിയില്‍. ബിജെപി നേതാവ് മുകുള്‍ റോയിയുടെ വീട്ടിലാണ് നൂറോളം പഞ്ചായത്തംഗങ്ങള്‍ അഭയം തേടിയെത്തിയത്. ജീവനില്‍ ഭയന്നാണ് ഡല്‍ഹിയിലെത്തിയതെന്നും ബംഗാളിലേക്ക് തിരികെപ്പോകാനാകില്ലെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും പകുതി ബൂത്തുകളും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു പോലും മറ്റ് പാര്‍ട്ടിക്കാര്‍ക്ക് തൃണമൂല്‍ പ്രവര്‍ത്തകര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയിലെ പുരൂലിയ സ്വദേശി ത്രിലോചന്‍ മഹാതോയെയാണ് മരത്തില്‍ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി എസ്.സി മോര്‍ച്ച പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
ആക്രമണങ്ങള്‍ക്കെതിരെ പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യാതൊരു നടപപടിയും എടുക്കാത്ത സ്ഥിതിയാണ് ഇവിടെ ഉള്ളത്. ഇതിനെതിരെ ജനങ്ങളുടെ ഇടയില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങള്‍ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥയാണ് ഇവിടെയെന്നും ആളുകള്‍ പറയുന്നു.