സത്യമപ്രിയം

നിപ്പയ്ക്കു മുന്നില്‍ മുട്ടിടിച്ച് സംസ്ഥാന സര്‍ക്കാര്‍

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

സംസ്ഥാനത്ത് നിപ്പാ രോഗബാധയുണ്ടായിട്ട് ഏതാണ്ട് ഒരുമാസം പിന്നിടുന്നു. ഇതുവരെ പതിനേഴോളം പേരാണ് മരിച്ചത്. വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യപരിപാലന സംവിധാനമുണ്ടെന്ന് മേനി നടിച്ചിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ കൈയിട്ടുവാരുന്ന എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കേണ്ടതാണ്. കേരളത്തിലെ ആരോഗ്യപരിപാലനം അന്താരാഷ്ട്ര നിലവാരത്തില്‍ ആയതുകൊണ്ടാണല്ലോ മന്ത്രി 40,000 രൂപയുടെ അന്താരാഷ്ട്ര നിലവാരമുള്ള കണ്ണട വാങ്ങിയത്.

നിപ്പാ രോഗബാധിതരുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 2004 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോഴുള്ളത് 29 പേരാണ്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. നേരത്തെ പരിശോധനയ്ക്ക് അയച്ച 201 സാമ്പിളുകളില്‍ 182 ലും രോഗബാധയില്ലെന്ന് കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളിലും മരിച്ച സാബിത്തിന്റെ വീട്ടിലെ മുയലുകളിലും നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധിച്ച പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് വ്യക്തമായതോടെ വവ്വാലുകളല്ല വൈറസിന് പിന്നിലെന്ന നേരത്തെയുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയാണ്. വവ്വാല്‍ വഴിയാണ് വൈറസ് പടര്‍ന്നതെങ്കില്‍ ഇന്ത്യയ്ക്കടുത്ത് നിപ്പാ വൈറസ് ബാധ കണ്ടെത്തിയ ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് എത്തുമ്പോള്‍ എല്ലായിടത്തും വൈറസ് ബാധ ഉണ്ടാകേണ്ടതാണ്. അതല്ലെങ്കില്‍ ബംഗ്ലാദേശിനു ശേഷം കേരളത്തില്‍ മാത്രം ഈ രോഗബാധ ഉണ്ടായതെങ്ങനെയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.

സംസ്ഥാന സര്‍ക്കാര്‍ ഈ രോഗത്തോടും പ്രതികരിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കഴിഞ്ഞ മെയ് അഞ്ചിനാണ് പേരാമ്പ്ര സൂപ്പിക്കടയില്‍ സാബിത്ത് മരണമടഞ്ഞത്. ചികിത്സിച്ച ഡോക്ടര്‍മാര്‍ എന്തോ വൈറസ് ബാധയാണെന്ന് കണ്ടെത്തുകയും പറയുകയും ചെയ്‌തെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് ഇതിനെ കണ്ടതായി നടിച്ചില്ല. സാബിത്തിന്റെ മരണം ഒരു സാധാരണ മരണമായി കണക്കാക്കുകയായിരുന്നു. സാബിത്തിന്റെ സഹോദരന്‍ സാലിഹും ബാപ്പയും ബാപ്പയുടെ സഹോദരഭാര്യയും സാബിത്തിനുണ്ടായിരുന്ന അതേ പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ഇതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് നമ്മുടെ ആരോഗ്യവകുപ്പിന് ബോധമുണ്ടായതു തന്നെ. അതിനുശേഷമാണ് നിപ്പാ വൈറസാണെന്ന് കണ്ടെത്തുന്നതും നടപടികള്‍ തുടങ്ങിയതും. സാബിത്തിന്റെ വീട്ടില്‍ പ്ലമിംഗ് ജോലികള്‍ക്കായി ബംഗാളി (ബംഗ്ലാദേശ്) തൊഴിലാളികള്‍ എത്തിയിരുന്നു. ഇവര്‍ ദിവസങ്ങളോളം അവിടെ ജോലി ചെയ്തിരുന്നു. ഇവര്‍ വഴിയാകാം രോഗം പകര്‍ന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും വവ്വാല്‍ വഴി രോഗം വന്നു എന്ന് പ്രചരിപ്പിക്കാനും ആശ്വാസം കണ്ടെത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ബംഗാളികളെയും ആ പ്രദേശങ്ങളില്‍ നിന്ന് വന്നവരെയും തിരിച്ചയക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയാണ് ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ കാരണമെന്ന് പറയുന്നു. വവ്വാലുണ്ടെന്ന പേരില്‍ സാബിത്തിന്റെ വീട്ടിലെ കിണര്‍ സര്‍ക്കാര്‍ മൂടിയിരുന്നു. വവ്വാല്‍ അല്ല രോഗബാധയ്ക്ക് കാരണമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഈ കിണര്‍ വീണ്ടും തുറന്നു കൊടുക്കുമോ?

ഇവിടെയാണ് സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതും. ഇക്കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം പോലും സര്‍ക്കാര്‍ കാട്ടുന്നില്ല. നിപ്പ രണ്ടാംഘട്ടം വന്നതോടെ ഇതിന്റെ ഗൗരവത്തെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്താനും രോഗബാധ പടരുന്നത് തടയാനും ശക്തമായ നടപടികളാണ് വേണ്ടത്. രോഗബാധയുണ്ടായ പ്രദേശത്തോ, കോഴിക്കോട മെഡിക്കല്‍ കോളേജിലോ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ ഇനിയും എത്തിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുകയും വേണ്ടത് ചെയ്യുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്ന് എത്തിയെങ്കിലും ആ മരുന്ന് ഉപയോഗിക്കണമെങ്കില്‍ ഇനിയും ഗവേഷണ കൗണ്‍സിലിന്റെ അനുവാദം വേണം. ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തിങ്കളാഴ്ചയോടെ എത്തുമെന്നാണ് പറഞ്ഞിരുന്നത്. രോഗം പകര്‍ന്നത് ചികിത്സിച്ച ആശുപത്രികളില്‍ നിന്നാണെന്ന കാര്യം കേരളത്തിലെ ആരോഗ്യസംവിധാനത്തിന്റെ ദൗര്‍ബല്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. സംശയാസ്പദമായ രോഗങ്ങളുമായി എത്തുന്നവരെ ചികിത്സിക്കുന്ന പ്രത്യേക വാര്‍ഡുകള്‍ പോലും നമ്മുടെ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അതൊരുക്കുന്ന ആരോഗ്യരക്ഷയെ കുറിച്ച് ഒരു ആത്മപരിശോധന അനിവാര്യമാണ്. എവിടെയൊക്കെയാണ് നമുക്ക് പിഴച്ചത്. എവിടെയൊക്കെയാണ് നമ്മുടെ ആശുപത്രികളിലെ ചികിത്സാസംവിധാനത്തില്‍ വീഴ്ചകള്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം എങ്ങനെ ജനസൗഹൃദപരവും ഉപകാരപ്രദവുമാക്കാം. ഇക്കാര്യങ്ങളിലൊക്കെ രാഷ്ട്രീയത്തിന് അതീതമായി വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്കും വിലയിരുത്തലിനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു സമീപനം ഉണ്ടാകണം. നിപ്പാ വൈറസിന് രാഷ്ട്രീയമോ മതമോ അറിയില്ല. അതുകൊണ്ടുതന്നെ വൈറസ് ബാധിക്കുന്നവരിലെ രാഷ്ട്രീയത്തിനും മതത്തിനും അപ്പുറം സുശക്തമായ ചികിത്സ നല്‍കുകയും പാഠം പഠിക്കുകയുമാണ് അഭികാമ്യം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായിരിക്കെ സാമാന്യം ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനം കാഴ്ചവച്ച ഒരു വനിതാ നേതാവാണ്. കണ്ണട വാങ്ങിയും ഭര്‍ത്താവിന് മഷ്‌റും ഫ്രൈയും മറ്റ് ഭക്ഷണസാധനങ്ങളും വാങ്ങി നല്‍കിയും കുടുംബക്ഷേമം മന്ത്രി ഉറപ്പാക്കുന്നുണ്ടെങ്കിലും ആരോഗ്യപരിപാലനം എന്ന ഈജിയന്‍ തൊഴുത്ത് നന്നാക്കാനും കൊണ്ടുനടക്കാനുമുള്ള ശേഷി അവര്‍ക്കില്ല. കാര്യപ്രാപ്തിയുള്ള ഭേദപ്പെട്ട ഒരു മന്ത്രിയെ ഇക്കാര്യങ്ങളിലേക്ക് പരിഗണിക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും ശ്രമിക്കണം.

529 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close