നവമാദ്ധ്യമങ്ങളിൽ തരംഗമായി നീരാളിയിലെ ആദ്യ ഗാനം. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന നീരാളിയിലെ അഴകെയഴകെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രേയാ ഗോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ഗാനം ഇപ്പോൾ യൂട്യൂബിൽ ട്രെന്റിംഗാണ്.
പിടി ബിനുവിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സ്റ്റീഫൻ ദേവസ്സിയാണ്. കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിലാണ് ഗാനം പുറത്തിറക്കിയത്.
മോഹൻലാലും, നാദിയയും ഒരുമിക്കുന്ന ചിത്രം അജോയ് വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും, തമാശക്കും തുല്യ പ്രാധാന്യം നൽകിയാണ് നീരാളി ഒരുക്കിയിരിക്കുന്നത്. ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്.
മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം. സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. പ്രധാന അണിയറ പ്രവർത്തകർ ബോളിവുഡിൽ നിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിനായി മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.