കോഴിക്കോട്: നിപ ഭീതി ഒഴിഞ്ഞതോടെ കോഴിക്കോട് പതിയെ ഫുട്ബോൾ ലഹരിയിലേക്കു മാറി ത്തുടങ്ങി. കോഴിക്കോട് ബീച്ചും പരിസരങ്ങളും ഫുട്ബോളുമായി കുട്ടി സംഘങ്ങൾ സജീവമായി. തെരുവുകളിൽ വിവിധ ടീമിന്റെ ഫ്ലക്സുകളും ഉയർന്നു കഴിഞ്ഞു.
ലോകകപ്പിന്റെ വരവറിയിച്ചു കൊണ്ട് കടൽ തീരം ഫുട്ബോൾ കളിയുടെ ആവേശത്തിലേക്ക് മാറിത്തുടങ്ങി. നിപ പിൻവാങ്ങി തുടങ്ങിയതോടെ കുട്ടികൾ അടക്കമുള്ള സംഘം വൈകുന്നേരങ്ങളിൽ പന്തുമായി കളിക്കാനിറങ്ങും. ക്രിക്കറ്റിന് അവധി നൽകിയാണ് ഫുട്ബോളിലേക്കുള്ള കളം മാറ്റം.
പതിവ് പോലെ അർജന്റീനക്കും, ബ്രസീലും തന്നെയാണ് ആരാധകർ ഉള്ളത്.
വീടിന്റെ മതിലുകളുടെയും, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെയുംനിറങ്ങൾക്ക് മാറ്റം വന്നു തുടങ്ങി. വഴിയോരങ്ങളെ മനോഹരമാക്കി കൂറ്റൻ ഫ്ലക്സുകൾ, പതാകകൾ എന്നിവയും ഉയരുന്നുണ്ട്.
ലോക കപ്പിന്റെ ആരവങ്ങളുയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കളി ആവേശം നെഞ്ചോടു ചേർത്തു തുടങ്ങുകയാണ് കോഴിക്കോടൻ മണ്ണും.















